തിളങ്ങുന്ന കണ്ണുകളോടെ ബോളിവുഡിനെ കീഴടക്കിയ മാസ്മരിക സൗന്ദര്യം. ഒരുകാലത്തെ യുവാക്കളുടെ ആരാധനാപാത്രമായിരുന്ന കരിഷ്മ കപൂറിന് അന്നും ഇന്നും ഒരേ സൗന്ദര്യമാണ്. വിവാഹം കഴിഞ്ഞപ്പോഴും മക്കളുണ്ടായപ്പോഴുമൊന്നും കരിഷ്മയുടെ വണ്ണത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഇന്നത്തെ പല ബോളിവുഡ് സുന്ദരിമാരെയും വെല്ലുന്ന സ്റ്റൈലും ലുക്കും പിന്തുടരുന്ന കരിഷ്മയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം എന്താണെന്നാണ് പലരുടെയും സംശയം. തൊണ്ണൂറുകളിലെ ബോളിവുഡിന്റെ റാണിയായി അറിയപ്പെട്ടിരുന്ന കരിഷ്മയുടെ ബ്യൂട്ടി സീക്രട്ട്സ് എന്തെല്ലാമാണെന്നു നോക്കാം.
വെള്ളം കുടിക്കണം ആവോളം
ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന സെലിബ്രിറ്റികൾ തങ്ങളുടെ ബ്യൂട്ടി സീക്രട്ടായി ആദ്യം പറയുന്ന കാര്യം വെള്ളമാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുന്നതാണ് തന്റെ തിളക്കത്തിനു പിന്നിലെ രഹസ്യമെന്നു പറയുന്നു കരിഷ്മ. ആരോഗ്യദായകമായ ലൈഫ്സ്റ്റൈൽ കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ധാരാളം വെള്ളം കുടിച്ചാല്‍ പകുതി പണി പൂർത്തിയായെന്നു പറയുന്നു കരിഷ്മ.
ആത്മവിശ്വാസമാണ് സൗന്ദര്യം
സൗന്ദര്യം എന്നത് ഒരു മാനസികാവസ്ഥയായി കാണാനാണ് കരിഷ്മയ്ക്കിഷ്ടം. നമ്മൾ ഉള്ളിൽ സന്തുഷ്ടരാണെങ്കില്‍ മുഖത്തും ആ സൗന്ദര്യം കാണാമെന്നാണ് കരിഷ്മയുടെ വാദം. അവനവനില്‍ ആത്മവിശ്വാസം അര്‍പ്പിച്ച് മറ്റൊന്നിനെയും കൂസാതെ മുന്നേറിയാൽ അതാണ് സൗന്ദര്യത്തിന്റെ അടിത്തറ എന്നു പറയുന്നു കരിഷ്മ. തന്റെ സൗന്ദര്യ രഹസ്യങ്ങളിലൊന്നായി കരിഷ്മ കാണുന്നതും ഈ ആത്മവിശ്വാസം തന്നെയാണ്.
ഡ്രസിങ്ങിലും ഉണ്ട് കാര്യം
അപ്പിയറൻസ് നന്നായിരിക്കാൻ നല്ല ഡ്രസിങ് സെൻസും വേണമെന്ന വാദക്കാരിയാണ് കരിഷ്മ. ഒരു വസ്ത്രത്തിന്റെ ഭംഗി കണ്ട് അതു തിരഞ്ഞെടുക്കുകയല്ല ചെയ്യേണ്ടത് മറിച്ച് അത് അവനവനു ചേരുമോ എന്നതാണ് നോക്കേണ്ടത്. ശരീരത്തിനു യോജ്യമായ ഡ്രസുകൾ തിരഞ്ഞെടുക്കുന്നതു കൂടിയാണ് തന്റെ സൗന്ദര്യത്തെ എടുത്തുകാട്ടുന്നതെന്നു വിശ്വസിക്കുന്നയാളാണ് കരിഷ്മ.
കാജലും മസ്കാരയും വിട്ടൊരു കളിയില്ല
എത്ര ക്ഷീണമാണെങ്കിലും കിടക്കാൻ പോകുന്നതിനു മുമ്പ് മേക്അപ് റിമൂവ് ചെയ്യണമെന്നത് താരത്തിനു നിർബന്ധമാണ്. മിനിമലിസം ഇഷ്ടപ്പെടുന്ന കരിഷ്മയുടെ മേകഅപ്പ് കിറ്റില്‍ എന്നും കാണുന്ന രണ്ടു സാധനങ്ങൾ കാജലും മസ്കാരയുമാണ്. കരിഷ്മയുടെ കണ്ണുകളുടെ തിളക്കത്തിനു പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോൾ പിടികിട്ടിയില്ലേ. തീർന്നില്ല മറ്റുനടിമാരെപ്പോലെ ഹെയർ കളർ ചെയ്യുന്ന കാര്യത്തിലും നടിക്കു തീരെ താൽപര്യമില്ല. ഫോട്ടോഷൂട്ടുകൾക്കു വേണ്ടി മാത്രമേ മുടിയിൽ പരീക്ഷണം നടത്തുകയുള്ളു.
ലിഫ്റ്റുകൾക്കു ഗുഡ്ബൈ, പടികൾ കയറൂ
കരിഷ്മ കപൂറിന്റെ ഫിറ്റ് ബോഡിക്കു പിന്നില്‍ ജിമ്മിലെ വർക്കൗട്ടുകളായിരിക്കും എന്ന ധാരണയുണ്ടെങ്കിൽ തെറ്റി. ജിമ്മിൽ സ്ഥിരമായി പോകുന്നയാളേയല്ല കരിഷ്മ, അതിനു പകരം യോഗയും നടത്തവുമാണ് താരം ഇഷ്ടപ്പെടുന്നത്. പേഴ്സണൽ ഇൻസ്ട്രക്ടറെ വച്ചിട്ടുള്ള കരിഷ്മ ആഴ്ചയിൽ മൂന്നോ നാലോ തവണ വർക്കൗട്ട് ചെയ്യാറുമുണ്ട്. മറ്റൊരു വ്യായാമം നീന്തലാണ്. മക്കൾക്കൊപ്പമോ തനിച്ചോ നീന്തൽ ചെയ്യുന്നതും തന്റെ ആരോഗ്യപ്രദമായ ശരീരത്തിന്റെ രഹസ്യമാണെന്ന് കരിഷ്മ പറഞ്ഞിട്ടുണ്ട്. ലിഫ്റ്റുകൾക്കു പകരം കഴിയുമ്പോഴെല്ലാം പടികൾ കയറാനും കരിഷ്മ ശ്രദ്ധിക്കാറുണ്ട്.
ഭക്ഷണം അളവു കുറച്ച് തവണകൾ കൂട്ടി
ഒരുനേരം ഒരുപാട് അളവു ഭക്ഷണം കഴിക്കുന്നതിനു പകരം ഒരു ദിവസത്തിൽ ആറോ ഏഴോ തവണയായി കുറച്ച് അളവിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് കരിഷ്മയുടേത്. രണ്ടുമണിക്കൂർ ഇടവേളയ്ക്കു ശേഷമേ അടുത്ത ഭക്ഷണം കഴിക്കൂ. ചിപ്സ്, കേക്കുകൾ, ഫ്രഞ്ച് ഫ്രൈസ്, ബിരിയാണി ഇവയോടൊന്നും താരം നോ പറയാറില്ല. പക്ഷേ കുഞ്ഞുണ്ടായതിനു ശേഷം വണ്ണം വച്ചപ്പോൾ 25 കിലോ കുറച്ചത് ആരോഗ്യദായകമായ ഭക്ഷണം മാത്രം കഴിച്ചാണെന്ന് കരിഷ്മ പറഞ്ഞിരുന്നു. ആരോഗ്യത്തിനു ഹാനികരമല്ലാത്ത, പോഷകങ്ങൾ ഉൾപ്പെട്ട ഭക്ഷണങ്ങളോടാണ് കരിഷ്മയ്ക്കു പ്രിയം. ദിവസവും രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയും ചിക്കനും മീനും പച്ചക്കറികളുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam