ഒടുവിൽ സുസ്മിത സെൻ തന്റെ രാജകുമാരനെ കണ്ടെത്തിയോ?

വിശ്വസുന്ദരിയായി ഗ്ലാമർ ലോകത്തേക്കെത്തി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച നായികയാണ് സുസ്മിത സെൻ. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം അന്നും ഇന്നും ഒരേ ലുക്കിലാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസിനു തയാറാവാത്ത താരവുമാണ് സുസ്മിത. പ്രായം നാൽപത്തിരണ്ടായിട്ടും സുസ്മിത വിവാഹം കഴിക്കാത്തതെന്തായിരിക്കും എന്നാലോചിക്കുന്നവരുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെ‌ടുമ്പോൾ സുസ്മിത കൂടുതൽ നേരിടുന്ന ചോദ്യവും ഇതു തന്നെയാണ്. ഇപ്പോഴിതാ താരം തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തിയോ എന്ന സംശയത്തിലാണ് ആരാധകർ, അതിനു കാരണമായതോ സുസ്മിതയുടെ ഒരു പോസ്റ്റും.‌

സമൂഹമാധ്യമത്തിലൂടെ സുസ്മിത ധാരാളം ഫിറ്റ്നസ് വിഡിയോകളും പോസ്റ്റുകളും തന്റെ മക്കൾക്കുള്ള ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇക്കുറി താരം പങ്കുവച്ച പോസ്റ്റ് അൽപം വ്യത്യസ്തമായിരുന്നു. തന്റെ പ്രണയജീവിതത്തെക്കുറിച്ചു പറയാതെ പറയുന്ന പോസ്റ്റായിരുന്നു അത്. കംപ്ലീറ്റ്ലി യുവേഴ്സ് എ​ന്ന ഹാഷ്ടാഗോടെ ഒരു ക്വോട്ട് ആയിരുന്നു സുസ്മിത പോസ്റ്റ് ചെയ്തത്– ''ഞാൻ എന്റെ മറുപാതിയെ തിരയുന്നില്ല, കാരണം ഞാൻ പകുതിയല്ല'' . ഈ പോസ്റ്റാണ് ആരാധകർക്കിടയിൽ സംശയം ജനിപ്പിച്ചത്. ഇനി ബിടൗൺ കാണാനിരിക്കുന്ന വിവാഹ മാമാങ്കം സുസ്മിതയുടേതായിരിക്കുമോ എന്ന അടക്കം പറച്ചിലുകളും ബിടൗൺ ലോകത്ത് തുടങ്ങിക്കഴിഞ്ഞു. 

സുസ്മിത സെന്നും റിതിക് ഭാസിനും

റെസ്റ്ററന്റ് ബിസിനസുകാരനായ റിതിക് ഭാസിനുമായി പ്രണയത്തിലാണെന്നാണ് സുസ്മിതയെക്കുറിച്ച് അവസാനമായി കേട്ട ഗോസിപ്പ്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബ്രേക്കപ്പിലാവുകയായിരുന്നുമെന്നൊക്കെയായിരുന്നു വാർത്തകൾ. എന്നാൽ ക്രിക്കറ്റ് താരം സഹീർ ഖാന്റെയും നടി സാഗരിക ഖഡ്കെയുടെയും വിവാഹത്തിന് ഒരുമിച്ചെത്തിയതോടെ ബ്രേക്കപ്പിലായെന്ന ഗോസിപ്പുകൾ അടങ്ങുകയായിരുന്നു.

വിവാഹ ചോദ്യക്കാരുടെ വായടപ്പിക്കാൻ എന്തുകൊണ്ടാണ് താൻ സിംഗിളായി കഴിയുന്നതെന്നും സുസ്മിത ഒരിക്കൽ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ''എന്തുകൊണ്ടാണ് ഇപ്പോഴും സിങ്കിള്‍ ആയി കഴിയുന്നതെന്ന് അവർ ചോദിക്കുന്നു. എന്തുകൊണ്ടു തനിച്ചായിക്കൂടാ? ഞാൻ മറുപടി പറയും. ഞാൻ എന്റെ നിലപാടിൽ സുരക്ഷിതയാണ്, ഇങ്ങനെയായിരിക്കുമ്പോൾ തന്നെ എനിക്ക് മറ്റുളളവരുടെ‌ നിലപാടുകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും കഴിയുന്നുണ്ട്. അതെന്തു തന്നെയായാലും. സിങ്കിൾ ആയാലും ഡബിള്‍ ആയാലും നാം വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തീ കൊണ്ടു കളിക്കാൻ ഇഷ്ടപ്പെ‌ടുന്ന ആ കാരണഭൂതനെ ഞാൻ കാണാനിരിക്കുന്നതേയുള്ളു. ''

സംവിധായകന്‍ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു സുസ്മിത സെൻ. 23 വർഷം മുമ്പ് മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്. 1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തു‌ടക്കം. വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളിൽ സ്നേഹസമ്പന്നനായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സുസ്മിതയുടെ ജീവിതം. 

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി. മക്കൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകർക്കു പങ്കുവെക്കാൻ സുസ്മിത മടികാണിക്കാറില്ല. മക്കളുടെ വിജയങ്ങളും അവർക്കൊപ്പം അവധിദിവസങ്ങൾ ആഘോഷമാക്കുന്നതുമൊക്കെ ഈ അമ്മ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam