നയൻതാര– വിഘ്നേഷ് വിവാഹം ഉടൻ ?

നയൻ താരയും വിഘ്നേഷ് ശിവനും

തെന്നിന്ത്യൻ സുന്ദരി നയൻതാരയും സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. താരനിശകളിലും പാർട്ടികളിലും മാത്രമല്ല കടൽ കടന്ന് വെക്കേഷൻ ആസ്വദിക്കാനും ഇരുവരും ഒന്നിച്ചാണ് പോകാറുള്ളത്. എന്നാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ പോകുന്നതെന്നു കാത്തിരിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത, അധികം വൈകാതെ ഈ പ്രണയ ജോഡികൾ വിവാഹിതരായേക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ. 

വെറുതെ അങ്ങു ഗോസിപ്പു പറയുകയല്ല, അതിനു തക്കതായ കാരണവും കണ്ടെത്തിയിട്ടുണ്ട് സമൂഹമാധ്യമത്തിലെ വിരുതന്മാർ. വിഘ്നേഷ് ശിവന്റെ കഴിഞ്ഞ ദിവസത്തെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നത്. നയൻതാരയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം 'കോലമാവ് കോകില' ​യിലെ രസകരമായ ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് വിഘ്നേഷ് ശിവൻ പോസ്റ്റ് ചെയ്തതിലാണ് വിവാഹത്തിന്റെ സൂചനകളും ആരാധകർ കണ്ടുപിടിച്ചത്. 

'കല്യാണ വയസ്സ് താൻ വന്ത്ട്ത്ത് ഡീ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ പങ്കുവച്ച് 'അനുയോജ്യമായ പാട്ടുകള്‍ക്കു നന്ദി ബ്രദേഴ്സ്' എന്നാണ് വിഘ്നേഷ് കുറിച്ചത്. ഒപ്പം നയൻതാര 'വി' എന്ന ലെറ്റർ ഉള്ള തൊപ്പിയും വിഘ്നേഷ് ശിവൻ 'എൻ' എന്നെഴുതിയ തൊപ്പിയും ധരിച്ച ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ സമയമായെന്നും അതുകൊണ്ടാണ് സാഹചര്യത്തിന് യോജിച്ച പാട്ടൊരുക്കിയതിന് വിഘ്നേഷ് ശിവൻ നന്ദി പറഞ്ഞതാണെന്നുമാണ് പലരുടെയും ഊഹം. 

അനിരുദ്ധ് രവിചന്ദറും ശിവ കാർത്തികേയനും തയാറാക്കിയ ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതുമാണ്. ഇനിയിപ്പോ വിഘ്നേഷ് ശിവൻ മറ്റൊന്നും കരുതാതെ നയൻസിനെ അഭിനന്ദിച്ചതു മാത്രമാണെങ്കിലും സംഗതിയെ ഒരു പബ്ലിക് പ്രൊപോസൽ ആയി കാണാനേ ആരാധതകർക്കു താൽപര്യമുള്ളു. 

നേരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ നയൻതാരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. നയൻ താരയുമായി തനിക്കുള്ള ബന്ധം തീർത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താൽപര്യം ഇല്ലെന്നുമായിരുന്നു അന്നു പറഞ്ഞിരുന്നത്. പ്രണയക്കാര്യം വെറും കുപ്രചരണമല്ലെന്നു മനസിലാകാൻ ഈ പറഞ്ഞതു തന്നെ മതിയല്ലോ എന്നതാണ് ആരാധകരുടെ വാദം.

2016ലെ സൈമാ അവാർഡ്സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയൻസിനെയും വിഘ്നേഷിനെയും ക്യാമറക്കണ്ണുകൾ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയൻതാര വിഘ്നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു. അന്ന് പുരസ്കാരം വാങ്ങിയതിനുശേഷം ഇരുവരും പരസ്പരം നൽകുന്ന പിന്തുണയ്ക്കും ധൈര്യത്തിനും നന്ദി പറയുകയും ചെയ്തിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam