അസിൻ ഇനി രാഹുലിന് സ്വന്തം

അസിൻ, രാഹുൽ ശർമ

തെന്നിന്ത്യൻ സുന്ദരി അസിന്‍ തോട്ടുങ്കൽ ഇനി മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമയ്ക്കു സ്വന്തം. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തിയാണ് രാഹുൽ ശർമ അസിന്റെ കഴുത്തിൽ മിന്നണിയിച്ചത്. ബോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ഒരുപോലെ കാത്തിരുന്ന അസിൻ - രാഹുൽ വിവാഹം ഹിന്ദു-ക്രിസ്ത്യൻ മതാചാരങ്ങളോടെയാണ് നടക്കുന്നത്. ന്യൂഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലിൽ ഇന്നു രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങിൽ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തിൽ 200 അതിഥികള്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.

ക്രിസ്ത്യൻ വിവാഹത്തിൽ വേരാ വാങ്ക് ഡിസൈൻ ചെയ്ത വസ്ത്രമാണ് അസിൻ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയായിരിക്കും അസിനെ സുന്ദരിയാക്കുക. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ ഒരുക്കുന്നുണ്ട്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ. നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.