അരക്കെട്ടു കുറയ്ക്കണമെന്നു ഏജൻസി; ചീത്തവിളിച്ചു മോഡലിന്റെ പോസ്റ്റ്

ചാർലി ഹോവാർഡ്

സ്ത്രീശരീരം വിൽപ്പനച്ചരക്കു മാത്രമാണെന്ന ധാരണയുമായി നടക്കുന്ന പല മോഡലിംഗ് സ്ഥാപനങ്ങളും ഉണ്ട്. മെലിഞ്ഞുണങ്ങിയ സൈസ് സീറോ സുന്ദരിമാരെ മാത്രമേ മിക്ക ഉൽപ്പന്നങ്ങളുടെയും പരസ്യമോഡലുകളാകാന്‍ വിളിക്കൂ. വണ്ണം ഇനിയും കുറയ്ക്കണം നിറം വയ്ക്കണം തുടങ്ങിയ കാര്യങ്ങൾ കേട്ടുമടുക്കാത്ത മോഡലുകളും ഉണ്ടാകില്ല. ഇത്തരത്തിൽ തന്റെ ശരീരഭാരം ഇനിയും കുറയ്ക്കണമെന്നു പറഞ്ഞ മോഡലിംഗ് ഏജൻസിയെ പരസ്യമായി ചീത്തവിളിച്ചിരിക്കുകയാണ് ഒരു മോഡൽ. ലണ്ടനിലെ ചാർലി ഹോവാർഡ് എന്ന ഇരുപത്തിമൂന്നുകാരിയായ മോഡലിനാണ് പരസ്യ ഏജൻസിയിൽ നിന്നും ദുരനുഭവമുണ്ടായത്. പക്ഷേ കേട്ടപാടെ മറുചെവിയിൽക്കൂടി കളഞ്ഞ് പ്രശ്നം മറക്കാനൊന്നും ചാർളി നിന്നില്ല. ഏജൻസിയെ പച്ചത്തെറി വിളിച്ചു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് തന്നെയിട്ടു. പോസ്റ്റ് വൈറലായതോടെ ചാർളിയുടെ ധീരതയ്ക്ക് അഭിനന്ദന പ്രവാഹങ്ങളാണ്.

ചാർലി ഹോവാർഡ്

ചാർളിയ്ക്കു വണ്ണം കൂടുതലാണെന്നും ഷെയ്പ്ഇല്ലെന്നുമായിരുന്നു മോഡലിങ് ഏജൻസിയുട‌െ വാദം. അരക്കെട്ടിന്റെ വണ്ണം ഒരിഞ്ചു കുറയ്ക്കണമെന്നായിരുന്നു ഏജൻസിയുടെ ആവശ്യം. പക്ഷേ പേരെടുത്തു വിമർശിച്ചില്ലെങ്കിലും മോഡലിംഗ് ഏജൻസിക്കു ചുട്ടമറുപടി തന്നെ കൊടുത്തു മോഡലുകൾക്കൊരു മാതൃകയായിരിക്കുകയാണ് സൈസ് സികസ് സുന്ദരി ചാര്‍ളി.

ചാർലി ഹോവാർഡ്

നിങ്ങൾ ഞങ്ങളോട് ശരീരഭാരം കുറച്ച് ചെറുതാകുവാൻ ആവശ്യപ്പെടുമ്പോഴും ഡിസൈനർമാർ ഞങ്ങൾക്കു പാകമാകുന്ന ഉടുപ്പുകൾ തുന്നുമ്പോഴുമെല്ലാം ചെറുപ്പക്കാരായ പെൺകുട്ടികൾ രോഗികളാവുകയാണ്. താനൊരു സ്ത്രീയും മനുഷ്യനുമാണ്. വസ്ത്രങ്ങൾ പാകമാകാൻ എല്ലുകൾ അദ്ഭുതകരമായി ചെത്തിക്കളയാനൊന്നും സാധിക്കില്ല. തന്റെ മറ്റു ഉപഭോക്താക്കൾ ഈ ശരീരത്തിൽ തൃപ്തരാണെന്നും ചാർളി പോസ്റ്റിലൂടെ പറഞ്ഞു.

ചാർലി ഹോവാർഡ്

താൻ ചെയ്തത് അത്രയ്ക്കു പുതിയ കാര്യമൊന്നുമല്ലെന്നും ഉള്ളിലെ നിരാശയടക്കാനാണ് ആ പോസ്റ്റിട്ടതെന്നും ചാർളി പറഞ്ഞു, പക്ഷേ അപ്പോഴും ഇത്രത്തോളം വൈറലാകുമെന്ന് കരുതിയതല്ല. തന്റെ പോസ്റ്റ് മുൻഏജൻസിയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. അവർ അവരുടെ ജോലി മാത്രമാണു ചെയ്തത്. തന്റെ സന്ദേശം ഈ മേഖലയിലെ എല്ലാവർക്കുമുള്ളതാണ്. താൻ മാത്രമാവില്ല ഇത്തരമൊരു അനുഭവം നേരിട്ടിട്ടുള്ളതെന്ന് പോസ്റ്റ് ഇട്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങളിൽ നിന്നും മനസിലായതാണ്.

ഏജൻസികൾ അവർ പ്രതിനിധീകരിക്കുന്ന മോഡലുകൾ സൈസ് പത്തെങ്കിലും ആയിരിക്കണമെന്നു പറയാൻ തയ്യാറാവണമെന്നും ചാർളി പറയുന്നു. വണ്ണമല്ല സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്നു ഫാഷൻ ലോകവും മനസിലാക്കണം. മോഡലിംഗ് മനോഹരമായ പ്രൊഫഷൻ ആണ്. പക്ഷേ ഏജൻസികൾ നി​ങ്ങളെ ബുദ്ധിമുട്ടിലാക്കിയാൽ ഒട്ടും സംശയിക്കാതെ പ്രതികരിക്കാൻ തയ്യാറാവണമെന്നും ചാർളി പറഞ്ഞു.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്