മോദിയടക്കം പ്രമുഖരുടെ സാന്നിധ്യത്തിൽ ഭാജിയുടെ സൽക്കാരം കെങ്കേമം

ഹർഭജൻ സിംഗ്-ഗീത ബസ്ര വിവാഹ സൽക്കാരത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ക്രിക്കറ്റ് താരം ഹർഭജന്‍ സിംഗിന്റെ വിവാഹ സൽക്കാരം കെങ്കേമമായി. നവംബർ ഒന്നിന് ഡൽഹിയിലെ താജ് പാലസിൽ നടന്ന വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നീലനിറത്തിലുള്ള മിറർ വർക് ചെയ്ത ലെഹങ്കയും എംബ്രോയിഡറി ചെയ്ത കുർത ടോപ്പുമാണ് ഗീത അണിഞ്ഞത്. ഡയമണ്ട് ചോക്കറും ഒരുവശത്തേക്കു വച്ച ഡയമണ്ടിന്റെ തന്നെ ചൂട്ടിയും വധുവിന്റെ തിളക്കം കൂട്ടി. വെൽവെറ്റ് എംബ്രോയ്ഡറി ഷെർവാണിയിൽ ഭാജിയും സ്റ്റൈലിഷായി.

ഹർഭൻ സിംഗ്-ഗീത ബസ്ര വിവാഹ സൽക്കാരത്തിനെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
വധൂവരന്മാരെ ആശീര്‍വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്ര മോദിയ്ക്കു പുറമെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, കപിൽ ദേവ്, വീരേന്ദർ സേവാഗ്, എം.എസ് ധോണി,വിരാട് കോഹ്ലി, രവി ശാസ്ത്രി, മുനാഫ് പട്ടേൽ, ശിഖര്‍ ധവാൻ, യുവരാജ് സിംഗ് തുടങ്ങിയവരും േബാളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഷാരൂഖ് ​ഖാൻ, പ്രിയങ്ക ചോപ്ര, തുടങ്ങിയവരും സൽക്കാരത്തിൽ പങ്കെടുത്തു.

വിവാഹ സൽക്കാര ദിനത്തിൽ ഗീത ബസ്ര
ഹർഭജൻ സിംഗ്- ഗീത ബസ്ര വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന ക്രിക്കറ്റ്താരം വിരാട് കോഹ്ലി

27 മുതൽ നടന്ന ആഘോഷരാവുകൾക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്പിന്നർ ഭാജി ബോളിവുഡ് നടിയും മോഡലുമായ ഗീത ബസ്രയുടെ കഴുത്തിൽ മിന്നണിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. സമീപത്തെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും ഭാര്യയുടെയും സാന്നിധ്യം ശ്രദ്ധേയമായി.

ഹർഭജൻ സിംഗ്- ഗീത ബസ്ര വവാഹ സല്‍ക്കാരത്തിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങൾ
ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹദിനത്തിൽ

ഹർഭജൻ സിംഗിനുള്ള വിവാഹ വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്തത് പ്രമുഖ ഫാഷൻ ഡിസൈനറായ രാഘവേന്ദ്ര റാത്തോറും ഗീതയ്ക്കുള്ളവ ഡിസൈൻ ചെയ്തത് അർച്ചന കോച്ചാറും ആണ്. വിവാഹദിനത്തിൽ വെള്ള ഷെർവാണിയും ചുവന്ന തലപ്പാവും ധരിച്ചു ഹർഭജനും ചുവപ്പും സ്വർണ നിറവും ഇടകലർന്ന ലെഹങ്കയിൽ ഗീതയും വേദിയിലെത്തി. സംഗീത സെറിമണിയും മെഹന്ദി ചടങ്ങുകളുമടക്കം വൻ ആഘോഷ പരിപാടികളാണ് വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നത്. ദിൽ ദിയാ ഹേ, ദി ട്രെയിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് ഗീത ബസ്ര.