ഉലകനായകൻ ട്വിറ്ററിൽ;ആദ്യദിനം തന്നെ 36,000 ഫോളോവേഴ്സ്

അഭിനയത്തിന്റെ സ്കൂൾ ആണ് ഉലകനായകൻ കമൽഹാസൻ എന്നു പറഞ്ഞാൽ അതിശയിക്കാനൊന്നുമില്ല. ഭാവഭേദങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനയപ്രതിഭ ട്വിറ്ററിലും തന്റെ സാന്നിധ്യമറിയിക്കുകയാണിപ്പോൾ. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന തമിഴ് ചൊല്ലു പോലെ തന്നെ ട്വിറ്ററില്‍ ഒരിത്തിരി വൈകിയാണ് എത്തിയതെങ്കിലും ഫോളോവേഴ്സിന്റെ എണ്ണംകൊണ്ട് മുന്നിൽ തന്നെ നിൽക്കുകയാണ് താരം. ആദ്യദിനം തന്നെ 36,000 ഫോളോവേഴ്സിനെയാണ് കമൽ ഹാസനു ലഭിച്ചിരിക്കുന്നത്. ഇന്നലെ ട്വിറ്ററില്‍ ചേര്‍ന്നുകൊണ്ടാണ് അദ്ദേഹം റിപബ്ലിക് ദിനം ആഘോഷിച്ചത്. താൻ തന്നെ ആലപിച്ച ദേശീയ ഗാനത്തിന്റെ വിഡിയോയാണ് അറുപത്തിയൊന്നുകാരനായ കമലിന്റെ ആദ്യട്വീറ്റ്.

ആരാധകരെപ്പോലെ തന്നെ കമലിന്റെ ട്വിറ്റര്‍ പ്രവേശം ആഘോഷമാക്കിയ മറ്റൊരു താരം കൂടിയുണ്ട്. മറ്റാരുമല്ല കമലിന്റെ മൂത്ത പുത്രിയും നടിയുമായ ശ്രുതി ഹാസൻ ആണത്. ട്വിറ്ററിലെ ഏറ്റവും സന്തോഷകരമായ ദിവസം, എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ ട്വിറ്ററിലേക്കു ക്ഷണിക്കുന്നു, ലവ് യൂ അപ്പാ എന്നാണ് ശ്രുതി ട്വിറ്ററില്‍ കുറിച്ചത്. കാത്തിരിക്കാം ഉലക നായകന്റെ വരും ട്വീറ്റുകൾക്കായി....