താടിയുള്ള ഹാരിക്കേ ഗ്ലാമറുള്ളൂ...

ബാറ്റിൽ ഓഫ് ബ്രിട്ടൻ ഫ്ലൈയിങ് ചടങ്ങിനിടെ ചെമ്പൻ ‘ജിഞ്ചെർ’ താടിയുമായെത്തിയ ഹാരി രാജകുമാരൻ

‘നാളെക്കാണുമ്പോഴേയ്, ആ താടി അവിടെ കാണാൻ പാടില്ല. വടിച്ചിട്ടു വന്നേക്കണം...കേട്ടോടാ...’ കേൾക്കുമ്പോൾ ഇതു പണ്ട് ഈപ്പൻ പാപ്പച്ചി മീശമാധവനോട് പറഞ്ഞതല്ലേയെന്ന് ഓർത്തുപോയേക്കാം. പക്ഷേ സംഗതി അല്ല, ഇത് ബ്രിട്ടിഷ് രാജ്ഞി കൊച്ചുമകനോടു പറഞ്ഞതാണ്. ഡയാന രാജകുമാരിയുടെ ഇളയപുത്രനായ ഹാരി രാജകുമാരന്റെ താടിപ്രേമത്തിന്റെ കടയ്ക്കൽ രാജ്ഞി കത്തിവച്ച വാർത്ത കഴിഞ്ഞ വർഷം ആദ്യമാണു പുറത്തുവന്നത്. താടിവളർത്തുന്നവരെ രാജ്ഞിക്ക് ഇഷ്ടമല്ലത്രേ! മാത്രവുമല്ല കൊട്ടാരം ജീവനക്കാർക്ക് താടിയും മീശയും വളർത്താൻ അനുവാദവുമില്ല. എന്തായാലും അന്ന് ഒപ്പമുണ്ടായിരുന്ന കാമുകി ക്രെസിഡയോടു ചോദിച്ചിട്ടു വെട്ടാമെന്നു പറഞ്ഞ ഹാരി വാക്കു പാലിച്ചു. പിന്നീടിതുവരെ താടി വച്ച ഹാരിയെ പുറത്തു കണ്ടിട്ടേയില്ല.

അതിനിടെ കാമുകിയുമായി അടിച്ചു പിരിഞ്ഞു. അൽപം നിരാശാകാമുകൻ ലുക്ക് വരാനായിട്ടെങ്കിലും താടിവച്ചു കൂടേ ഹാരീയെന്നു രഹസ്യമായി ചോദിച്ചവർക്ക് പരസ്യമായൊരു ഉത്തരവുമായെത്തിയിരിക്കുകയാണിപ്പോള്‍ രാജകുമാരൻ. അതും തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷത്തിനിടെ. വിരമിച്ച സൈനികോദ്യോഗസ്ഥർക്കൊപ്പം രണ്ടാം ലോകമഹായുദ്ധകാലത്തെ ആകാശവിജയത്തെ അനുസ്മരിച്ച് ബ്രിട്ടണിൽ നടത്തിയ ബാറ്റിൽ ഓഫ് ബ്രിട്ടൻ ഫ്ലൈയിങ് ചടങ്ങിനിടെയാണ് തന്റെ പുതിയ ലുക്ക് ഹാരി പുറത്തെടുത്തത്. ചെമ്പൻ ‘ജിഞ്ചെർ’ താടിയുമായെത്തിയ ഹാരി സ്റ്റൈൽ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. താടിയുള്ള ഹാരിക്കേ ഗ്ലാമറുള്ളൂ എന്ന മട്ടിൽ വരെയെത്തി ചർച്ചകൾ.

ഹാരി രാജകുമാരൻ ബാറ്റിൽ ഓഫ് ബ്രിട്ടൻ ഫ്ലൈയിങ് ചടങ്ങിനിടയില്‍

രാജകുമാരന്റെ ഈ ‘സെക്സി താടി’യിൽ അടിപതറി ട്വിറ്ററിൽ ആരാധകരിൽ ചിലർ കുറിച്ചത് ഹാരിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കിടിലൻ ലുക്കെന്നാണ്. രാജകീയ താടിയുടെ വിശേഷങ്ങൾ പങ്കുവച്ച #HarrysBeard, #GingerBeard എന്നീ ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി. മറ്റു സെലിബ്രിറ്റികളുമായി താരതമ്യപ്പെടുത്തി ഹാരിയുടെ താടിയാണു കിടിലനെന്നു വരുത്തിത്തീർക്കാനും ആരാധകർ ശ്രമം തുടങ്ങിയിട്ടുണ്ട്.

എന്തായാലും സൈനിക സേവനം നിർത്തി, അംഗവൈകല്യം സംഭവിച്ച പഴയകാല സൈനികർക്കു വേണ്ടി പ്രവർത്തിക്കണമെന്ന ആഗ്രഹം ഹാരി പങ്കുവച്ചത് അടുത്തിടെയാണ്. അതുകൊണ്ട് സൈനികന്റെ ‘ക്ലീൻ ഷേവ്’ ലുക്കിൽ നിന്ന് തൽകാലം രക്ഷപ്പെടാം. ഇപ്പോഴാണെങ്കിൽ ഒപ്പം കാമുകിയുമില്ല.–ഒന്നും ചോദിക്കാനും പറയാനും ആളില്ലെന്നു ചുരുക്കം. ഇനി ഈ താടിയും വച്ച് കൊട്ടാരത്തിലേക്കു ചെല്ലുമ്പോൾ രാജ്ഞി ‘ഗെറ്റൗട്ട് ഓഫ് ദി ഹൗസ്’ എന്നു വച്ചലക്കുമോയെന്നു മാത്രം പേടിച്ചാൽ മതി.

ഹാരി രാജകുമാരൻ താടി വെക്കുംമുമ്പ്