വിവാഹ വാർത്ത; ചുട്ട മറുപടി നൽകി തമന്ന

തമന്ന

പ്രണയ, കല്ല്യാണ ഗോസിപ്പുകൾ െകാണ്ടു പൊറുതിമുട്ടുന്ന വിഭാഗം ഏതാണെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം അതു സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്ന്. പ്രത്യേകിച്ചും ന‌ടിമാരു‌ടെ കാര്യത്തിൽ ഗോസിപ്പുകൾക്ക് ഒട്ടും പഞ്ഞമില്ല. ഒരു സിനിമയിൽ മുഖം കാണിച്ചു തുടങ്ങുമ്പോൾ തൊട്ടു തന്നെ അവരുടെ പ്രണയവും വിവാഹവും ചര്‍ച്ചയാകും. പുതിയ വിശേഷം മറ്റൊന്നുമല്ല തെന്നിന്ത്യയിലെ സൈസ് സീറോ സുന്ദരി തമന്നയും ഇത്തരത്തിലൊരു തെറ്റായ വാർത്തയുടെ ഇരയായിരിക്കുകയാണ്. ഹിറ്റ്ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായ തമന്ന വിവാഹിതയാകുന്നുവെന്നാണ് പുതിയ ഗോസിപ്പ്. പക്ഷേ സംഗതി കേട്ടു മിണ്ടാതിരിക്കാനൊന്നും തമന്നയെ കിട്ടിയില്ല, നല്ല ചുട്ടമറുപടിയാണ് തമന്ന നൽകിയിരിക്കുന്നത്.

സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആണു വരൻ എഎന്നും വിവാഹത്തോടെ തമന്ന അഭിനയം പാടേ ഉപേക്ഷിക്കുന്നുവെന്നുമാണ് വാർത്തകൾ പരന്നിരുന്നത്. എന്നാൽ കുപ്രചരണങ്ങൾക്കു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതു തെറ്റായ വാർത്തയാണെന്നും താനിപ്പോൾ വിവാഹിതയാകുവാൻ തീരുമാനിച്ചിട്ടില്ലെന്നും തമന്ന പറഞ്ഞു. ജീവിത പങ്കാളിയെ കണ്ടെത്തുന്ന ദിവസം താൻ തന്നെ ആദ്യം ലോകത്തോടു വിളിച്ചു പറയും. പുതിയ സിനിമകളുടെ തിരക്കിലാണു താനെന്നും തമന്ന കൂട്ടിച്ചേർത്തു.