യുവിയുടെ വിവാഹത്തിന് അച്ഛൻ പങ്കെടുക്കില്ല, കാരണം?

യുവരാജ് സിങ്ങും വധു ഹസൽ കീച്ചും

ബോളിവുഡും ക്രിക്കറ്റ് ലോകവും കാത്തിരുന്ന ആ താരവിവാഹത്തിനു സാക്ഷ്യം വഹിക്കാൻ ചണ്ഡിഗഡ് ഒരുങ്ങിക്കഴിഞ്ഞു. വരുന്ന നവംബർ 30നാണ് ക്രിക്കറ്റ് താരം യുവരാജ്സിങ് നടിയും മോഡലുമായ ഹസൽ കീച്ചിനെ വിവാഹം കഴിക്കുന്നത്. ബോളിവു‍ഡ്-ക്രിക്കറ്റ് ലോകത്തെ പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും വിവാഹത്തിന് എത്തുമെന്നു പ്രതീക്ഷിക്കുമ്പോൾ യുവരാജിന്റെ അച്ഛന്‍ യോഗ്‍രാജ് സിങ് വിവാഹത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

മതപരമായ ആചാരങ്ങൾക്കനുസരിച്ചു നടത്തുന്നതിനാലാണ് താൻ വിവാഹത്തിൽ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.''എന്റെ മകന്റെ വിവാഹ ആഘോഷത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം നിർഭാഗ്യകരം തന്നെയാണ്. ഏതെങ്കിലും മതപരമായ ഗുരുക്കന്മാരുടെ സാന്നിധ്യത്തിലാണു വിവാഹമെങ്കിൽ താൻ പങ്കെടുക്കില്ലെന്ന് യുവരാജിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. അതാണു വിധി, ഞാൻ പോകില്ല. ഞാൻ ദൈവത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളു അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വാസമില്ല''.

എന്നാൽ തലേദിവസം ലളിത് ഹോട്ടലിൽ വച്ചുനടക്കുന്ന മെഹന്ദി ആഘോഷ പരിപാടിയിൽ താൻ പങ്കെ‌ടുക്കുമെന്ന് യോഗ്‍രാജ് സിങ് പറഞ്ഞു. വിവാഹ ആഘോഷങ്ങൾക്കായി ജനങ്ങള്‍ വിവേകത്തോടെ പണം ചിലവഴിച്ചു തുടങ്ങണം, അല്ലാതെ കോടികൾ ഒഴുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാവിമരുമകളെക്കുറിച്ച് യോഗ്‍രാജ് സിങിന് നല്ല മതിപ്പാണുള്ളത്. ഹസൽ ഒരു മാലാഖയാണെന്നാണ് യോഗ്‍രാജ് സിങ് പറയുന്നത്. ''പാശ്ചാത്യ സംസ്കാരത്തിൽ വളര്‍ന്ന ആളായിട്ടുകൂടി ഹസൽ ഇന്ത്യൻ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന പെൺകുട്ടിയാണ്. കുടുംബത്തിൽ അവൾ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരും''.-യോഗ്‍രാജ് സിങ് പറഞ്ഞു.

ഫത്തേഗർ സാഹിബിലെ ഗുരുദ്വാരയിൽ വച്ചാണു വിവാഹം ന‌‌ടക്കുന്നത്. സിഖ് ആചാരം പ്രകാരം നടക്കുന്ന വിവാഹത്തിനു പുറമെ ഹിന്ദു ആചാരപ്രകാരവും വിവാഹ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ രണ്ടിന് ഗോവയിലെ ഫാംഹൗസിൽ വച്ചാണ് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാകുന്നത്. മെഹന്ദി അടക്കമുള്ള വിവാഹപൂർവ ആഘോഷങ്ങൾ ചൊവ്വാഴ്ച ലളിത് േഹാട്ടലിൽ വച്ചു നടക്കും. തുടർന്ന് ഡിസംബർ അഞ്ചിന് സംഗീത് സെറിമണിയും ഡിസംബർ ഏഴിന് ഡൽഹിയിൽവച്ചു വിവാഹവിരുന്നും കഴിയുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.