കല്യാണക്കത്തിലും ക്രിക്കറ്റ് നിറച്ച് യുവി

വിവാഹ ക്ഷണക്കത്ത് യുവിയുടെ ബാറ്റിങ് പോലെ മനോഹരമാണ്. കാർഡിലെ ഏറിയ പങ്കും ഇരുവരുടെയും കാരിക്കേച്ചറുകളാണ്. ഡിസൈനർമാരായ സാൻഡിയും കപിൽ ഖുറാനയുമാണ് രൂപകൽപ്പന ചെയ്തത്.

ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവ് യുവ്‌രാജ് സിങ് കല്യാണത്തിനൊരുങ്ങുകയാണ്. നടി ഹസൽ കീച്ചുമായുള്ള വിവാഹം പല തീയതികളിലായി വ്യത്യസ്തരീതികളിൽ ആർഭാടമായാണ് നടത്തുന്നത്. വിവാഹ ക്ഷണക്കത്ത് യുവിയുടെ ബാറ്റിങ് പോലെ മനോഹരമാണ്. യുവ്‌രാജ് ആൻഡ് ഹസൽ പ്രീമിയർ ലീഗ്, ലവിങ് ഇറ്റ് സർജീ എന്നാണ് ക്രിക്കറ്റും തമാശയും കലർന്ന യുവ്‌രാജിന്റെ കല്യാണക്കാർഡിലെ എഴുത്ത്. കാർഡിലെ ഏറിയ പങ്കും ഇരുവരുടെയും കാരിക്കേച്ചറുകളാണ്. ഡിസൈനർമാരായ സാൻഡിയും കപിൽ ഖുറാനയുമാണ് രൂപകൽപ്പന ചെയ്തത്. എന്നെന്നും ഓർക്കത്തക്ക വിധത്തിൽ കാർഡ് ഒരുക്കുന്നതിൽ ഇരുവരും മൽസരിച്ചിട്ടുണ്ട്.

യുവ്‌രാജും ഹസലും വ്യത്യസ്തമായ കുസൃതികളുള്ള കാർഡ് ഒരുക്കാനാണത്രെ ഇരുവരോടും നിർദേശിച്ചത്. നവംബർ 30 ന് ചണ്ഡിഗഡിലെ ഗുരുദ്വാരയിൽവച്ച് പരമ്പരാഗതി രീതിപ്രകാരമാണ് വിവാഹം നടക്കുക എന്നാണറിയുന്നത്. ഗോവയിൽ ഡിസംബർ രണ്ടിന് ഹിന്ദു ആചാരപ്രകാരവും വിവാഹിതരാകും. യുവ്‌രാജിന്റെ സുഹൃത്തുക്കളെയൊക്കെ വിളിച്ചിരിക്കുന്നത് ഗോവയിലേക്കാണ്.

യുവ്‍രാജ് സിങ്, ഹസൽ കീച്ച്

അഞ്ചിനും ഏഴിനും ഡൽഹിയിൽവച്ചാണ് വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്, റിസപ്ഷൻ ചടങ്ങുകൾ. സംഗീത് ചട്ടാർപുരിലെ ഒരു ഫാം ഹൗസിലും റിസപ്ഷൻ സിറ്റി ഹോട്ടലിലും വച്ചാകും എന്നാണ് റിപ്പോർട്ടുകൾ. ചണ്ഡിഗഡിലെ ചടങ്ങുകൾ പരമ്പരാഗത രീതി പ്രകാരമായതിനാൽ വെള്ളയും ഗോൾഡനും കലർന്ന കത്തുകളാണ് ഡിസൈനർമാർ തയാറാക്കുന്നത്. ഇതേ തീമിൽ തന്നെയാകും ഗോവയിലെ ആഘോഷത്തിനും കാർഡ് ഒരുക്കുക.

വിവാഹ കാർഡിൽ മാത്രമല്ല, അതിഥികൾക്ക് നൽകേണ്ട സ്വീറ്റ്സും സമ്മാനങ്ങളുമെല്ലാം യുവ്‌രാജും ഹസലും ചേർന്നാണ് തിരഞ്ഞെടുക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിവാഹം എന്നെന്നും ഓർമിക്കത്തക്കതാകുമെന്ന് യുവ്‌രാജ് നേരത്തേ പറഞ്ഞിരുന്നു. ബ്രിട്ടിഷ് മൗറീഷ്യൻ മോഡലായ ഹസൽ കീച്ച് ബോഡിഗാർഡ്, ബില്ല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഒരു വർഷം മുൻ‍പാണ് യുവ്‌രാജുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞത്.