അനാഥയായി ജീവിതം, പതിനഞ്ചാം വയസിൽ പീഡനം, മകളെ വളർത്താൻ ചുവന്ന തെരുവിലേക്ക്

അനാഥയായി ജീവിച്ച് പീഡനങ്ങൾക്കിരയായി ഒടുവിൽ മകളെ വളർത്താൻ ചുവന്ന തെരുവിൽ അഭയം തേടിയ യുവതിയുടെ കഥ...

ഒരു സ്ത്രീ തനിച്ചു ജീവിച്ചാല്‍ അവളെ പരമാവധി ഒറ്റപ്പെടുത്തുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇനി അവൾ ഭർത്താവില്ലാത്ത ഒരു കു​ഞ്ഞിന്റെ അമ്മയാണെങ്കിൽ പറയുകയും വേണ്ട, സ്വൈര്യമായൊരു ജീവിതം പിന്നീ‌ടവൾക്കു കിട്ടുന്നുണ്ടെങ്കിൽ അതു ഭാഗ്യമാണ് എന്നതാണ് അവസ്ഥ. ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് േപാസ്റ്റും തനിച്ചുപോയ ഒരമ്മയുടെയും മകളുടെയും കഥയാണ്. അനാഥയായി ജീവിച്ച് പീഡനങ്ങൾക്കിരയായി ഒടുവിൽ മകളെ വളർത്താൻ ചുവന്ന തെരുവിൽ അഭയം തേടിയ യുവതിയുടെ കഥ. സ്വന്തം മകളെക്കാൾ വലുതല്ല ശരീരം എന്നു കണ്ട് അവൾക്കായി ജീവിച്ച ഒരമ്മയുടെ കഥ. 

ഫേസ്ബുക് േപാസ്റ്റിന്റെ പൂർണരൂപം

ഞാനൊരു ക്ഷേത്രത്തിലാണ് വളര്‍ന്നത്. അവിടുത്തെ പുരോഹിതര്‍ പറഞ്ഞത് ഞാന്‍ ജനിച്ച ശേഷം എന്റെ അച്ഛനും അമ്മയും മരിച്ചുപോയെന്നാണ്. അവരെ കണ്ടതായി എനിക്ക് ഓര്‍മയില്ല. നേപ്പാളിലാണ് ഞാന്‍ ജനിച്ചത്. അവിടെ വെച്ച് 15ാം വയസില്‍ എനിക്കറിയാത്ത ഒരാള്‍ എന്നെ ക്രൂരമായി പീഡിപ്പിച്ചിട്ട് പോയി. ആ പ്രായത്തില്‍ തന്നെ ഞാന്‍ അമ്മയായി.

ക്ഷേത്രത്തില്‍ കളിച്ചു നടന്നിരുന്ന പ്രായമായിരുന്നു അത്. എന്താണ് ഭാവിയെന്നോ, ലോകമെന്നോ അറിയാത്ത പ്രായം. എന്റെ കുഞ്ഞിന്റെ അച്ഛനെ ഞാന്‍ കണ്ടുപിടിക്കുമെന്നായപ്പോള്‍ അയാള്‍ ഓടിക്കളഞ്ഞു. ഗൗരവമില്ലാത്ത ഒരു ടീനേജ്  പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ പിച്ചയെടുക്കാന്‍ തുടങ്ങി. ജീവിക്കേണ്ടേ, എനിക്കും എന്റെ മകള്‍ക്കും. 

അമ്പലത്തിൽ ജീവിച്ച് അവിടെ ആശ്രയം  നൽകിയതിന് പകരമായി അവിടുത്തെ പാചകം  ചെയ്ത് ജീവിക്കുന്നതിനിടയിലാണ് ഒരാളെ പരിചയപ്പെടുന്നത്. അമ്പലത്തിലേക്ക് ദിവസവും 

വരുമായിരുന്നു അയാൾ. ഒരുദിവസം ഞാൻ പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ എന്നെ വിളിച്ചു പറഞ്ഞു, അയാൾക്കൊപ്പം പോവുകയാണെങ്കിൽ ഇന്ത്യയിലെ സഹോദരിയുടെ അടുത്തേക്ക്  എത്തിക്കാമെന്നും പിന്നെ പണത്തെക്കുറിച്ച്  ആവലാതിപ്പെടേണ്ടി വരില്ലെന്നുമാണ് അയാൾ പറഞ്ഞത്. പതിനാറാം വയസിൽ  കൈക്കുഞ്ഞുമായി കഴിയുന്ന ഞാൻ അയാളെ അന്ധമായി വിശ്വസിച്ച് കൂടെപ്പോയി, കാരണം ഞങ്ങൾ അപ്പോൾ കഴിയുന്ന സാഹചര്യങ്ങളിൽ നിന്നും മെച്ചപ്പെട്ട ജീവിതം മകൾക്കു ലഭിക്കണമെന്ന ആഗ്രഹത്താൽ. 

പൂനെയിൽ എത്തിയതോടെയാണ് വീട്ടുജോലിക്കല്ല എന്നെ അവിടെ എത്തിച്ചതെന്നു മനസിലായത്. സഹോദരി എന്ന് അയാൾ ഉദ്ദേശിച്ചത് വേശ്യാലയ നടത്തിപ്പുകാരിയെയായിരുന്നു, അവിടെ എന്നെ വിറ്റത് ഒരുലക്ഷം രൂപയ്ക്കും. മതിയാവോളം കരഞ്ഞു. ആദ്യത്തെ അഞ്ചുമാസക്കാലം ഞാൻ ആ വ്യാപാരത്തിൽ നിന്നു വിട്ടുനിന്നു. ചോരവരും വരെ അവർ വടികൊണ്ടു മാറിമാറി തല്ലുന്നത് ശീലമായി മാറി. ഒരു പുരുഷന്റെ കൂടെ എന്നെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. അയാള്‍ അതിക്രൂരമായി എന്നെ പീഡിപ്പിച്ചു. 

വൈകാതെ ഏജന്റ് എന്നെ ബോംബെയിലെ ഒരു സേഠുവിന് 60000 രൂപയ്ക്കു വിറ്റു, അതിനു കാരണം എന്നെ മെരുക്കുക അവരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമായിരുന്നു. സേഠു ഒരു നല്ല മനുഷ്യനായിരുന്നു. മുംബൈയിൽ എത്തിയതോടെ ജീവിതം ആകെ മാറിമറിഞ്ഞു. എന്റെ മകളെ പോറ്റാൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് മുമ്പു ഞാൻ എതിർത്തിരുന്ന ആ ജോലിയെ തന്നെ സ്വീകരിച്ചു. അടുത്തുള്ള ഒരു സ്ത്രീക്ക് മാസം നാലായിരം രൂപ നൽകി അവരെ മകളെ ഏൽപ്പിച്ചാണ് പോയിരുന്നത്. അപ്പോഴേക്കും എനിക്ക് ടിബിയും എച്ച്ഐവിയും വന്നിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ എല്ലാം നഷ്ടമായ പാഴായിപ്പോയ ജന്മമായി. 

മുംബൈയിലെ വേശ്യാലയങ്ങളിൽ ഒമ്പതു വർഷക്കാലത്തിനിടയിൽ വേശ്യാലയ നടത്തിപ്പുകാരുമായുള്ള ഒട്ടേറെ വഴക്കുകൾക്കും മദ്യപാനികളെ ആനന്ദിപ്പിക്കുന്നതിനുമൊക്കെ ശേഷം അവസാനമായി ഞാൻ അവിടം വിടാൻ തീരുമാനിച്ചു, അതിനു ധൈര്യം പകർന്നത് മനുഷ്യക്കടത്തിൽ നിന്നും സംരക്ഷണം നൽകുന്ന പൂർണത എന്ന സംഘടനയായിരുന്നു. 

ഒരിക്കൽ മകൾക്കൊപ്പം ജീവിക്കാമെന്ന് ഞാൻ സ്വപ്നം കണ്ടുതുടങ്ങി, ഇന്നവൾ ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. എന്റെ പരിശീലനം കഴിയുന്നതോടെ നല്ലൊരു ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് എന്റെ ജീവിതം അവളിലാണ്, എത്രകാലം ഞാൻ ജീവിച്ചിരിക്കുമെന്ന് അറിയില്ല, പക്ഷേ അതിനുള്ളിൽ അവൾ വിദ്യാസമ്പന്നയാണെന്നും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായെന്നും എനിക്കുറപ്പു വരുത്തണം. എന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു, പക്ഷേ അവളെ നല്ലരീതിയിൽ വളർത്തണം എന്നതാണ് എനിക്കു ശക്തി പകർന്നതും പ്രചോദനമായതും. ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ എനിക്കുണ്ടായ ധൈര്യം എന്നു പറയുന്നത് ഞാനൊരു അമ്മയാണ് എന്നതു മാത്രമാണ്. അതല്ലെങ്കിൽ ഞാൻ എന്നേ ഈ ലോകം വിട്ടുപോേയനെ. പക്ഷേ ഞാൻ വിട്ടുകൊടുക്കില്ല, ഓരോ രാത്രികളിലും എന്നെ പിച്ചിച്ചീന്താൻ വന്നിരുന്ന ഈ മനുഷ്യരെ ഇനി ഞാൻ അനുവദിക്കില്ല. ഞാനൊരു പോരാളിയാണ്, അവരെ വിജയിക്കാൻ ഞാനൊരിക്കലും അനുവദിക്കില്ല.