മരിച്ചെന്നു കരുതി ഡോക്ടർമാർ ബക്കറ്റിലെറിഞ്ഞ കുഞ്ഞ് തിരിച്ചെത്തി അമ്മയുടെ ലോകം മാറ്റിമറിച്ച കഥ !

സാവിയോ കുട്ടിക്കാലത്ത് (ഫയൽ ചിത്രം), അമ്മ ബ്ലെസിയുടെ കൈകളിൽ സാവിയോ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

മരിച്ച കുഞ്ഞിനെ ബ്ലെസിയുടെ വയറു കീറി വലിച്ചെടുത്തു ബക്കറ്റിലിടുമ്പോൾ ഡോക്ടറുടെയും നഴ്സുമാരുടെയും ശ്രമം ആ അമ്മയെയെങ്കിലും രക്ഷപ്പെടുത്താനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ മയക്കാൻപോലുമാവാതെ അമ്മയുടെ വയർ കീറുകയാണ്. പച്ചമാംസം കീറിമുറിക്കുമ്പോൾ സഹിക്കവയ്യാതെ, അരികെനിന്നവരുടെ കൈ അമ്മ മാന്തിപ്പറിച്ചു. കുഞ്ഞ് പോയി, അമ്മയും പോവുകയാണല്ലോ എന്ന നീറ്റലിൽ നഴ്സ് വിതുമ്പി. കുഞ്ഞ് മരിച്ചെന്നു ഡോക്ടറും നഴ്സും തമ്മിൽ പറയുന്നതും നഴ്സിന്റെ കണ്ണു നിറയുന്നതും കണ്ടും കേട്ടും ബ്ലെസിയുടെ ബോധം മറഞ്ഞു.

ഇടുക്കിയിലെ ഒരു താലൂക്ക് ആശുപത്രിയിൽ ആ സംഭവം നടന്നിട്ട് 22 വർഷം കഴിയുന്നു. അമ്മ ബ്ലെസി എന്ന മേഴ്സി സെബാസ്റ്റ്യൻ ഇപ്പോൾ തിരുവനന്തപുരത്ത് മണ്ണന്തലയിലുണ്ട്. അന്നു ‘മരിച്ച’ കുഞ്ഞ് സാവിയോ ജോസ് ഇപ്പോൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതുന്നു!

22 വർഷത്തിന്റെ ചുരുക്കം ഇതാണ്: തിരിച്ചുവന്ന സാവിയോ സാധാരണ കുട്ടിയല്ല. സെറിബ്രൽ പാൾസി എന്നു വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന (മാതാപിതാക്കൾ അതു വിശ്വസിക്കുന്നില്ലെങ്കിലും) സവിശേഷതയുമായാണു ജീവിക്കുന്നത്. ശരീരം സ്വയം അനക്കാൻ കഴിയില്ല. എന്തിനുമേതിനും സയാമീസ് ഇരട്ടയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമ്മയുണ്ട് കൂടെ. 12 വയസ്സ് പരമാവധി ആയുസ്സ് പറഞ്ഞ അവനിപ്പോൾ 22 വയസ്സ്. സാധാരണ കുട്ടികൾക്കൊപ്പം പഠിക്കുന്നു.

അവനൊപ്പം നീണ്ട ആശുപത്രിവാസം അമ്മയുടെ ലോകക്കാഴ്ചതന്നെ മാറ്റി. ഒൻപതു വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ 200 പേർക്ക് സൗജന്യഭക്ഷണം നൽകുന്നു. ബന്ധുക്കളുടെയും മിത്രങ്ങളുടെയും സഹായത്തോടെ രണ്ടു വിധവകൾക്ക് വീട് നിർമിച്ചുനൽകി. എന്നിട്ട്... തിരുവനന്തപുരത്തൊരു വാടകവീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് ജോസഫിന്റെയും ഇടുക്കി രാജാക്കാട്ടുകാരി ബ്ലെസിയുടെയും രണ്ടാമത്തെ കുഞ്ഞായിരുന്നു അത്. മൂത്ത മകൾ ഹണിക്ക് അപ്പോൾ ആറുവയസ്സ്. ഉടൻ സിസേറിയൻ ചെയ്യേണ്ടിവരുമെന്ന്, റഫർ ചെയ്തുവിട്ട ഡോക്ടർ പറഞ്ഞതിനാൽ ആശുപത്രിയിൽ ഒരു സംഘമായാണ് അവർ ആ വെള്ളിയാഴ്ച എത്തിയത്. ബ്ലെസിയെപ്പോലെ ബന്ധുക്കൾ മിക്കവരും ബി പോസിറ്റീവ് രക്തഗ്രൂപ്പുകാർ. രക്തം പെട്ടെന്ന് ആവശ്യമായി വന്നാലോ? പക്ഷേ, പ്രസവം അഞ്ചാറുദിവസം വൈകുമെന്നു ഡോക്ടർ പറഞ്ഞതോടെ അവരെല്ലാം മടങ്ങി. ബാക്കിയായത് ബ്ലെസിയും അമ്മ ത്രേസ്യാമ്മയും മാത്രം. ശനിയാഴ്ച രാത്രിയോടെ സ്ഥിതി വഷളായി. നഴ്സ് ഓടിനടന്നു, ഡോക്ടറെ വിളിച്ചു. എല്ലാം കൈവിട്ടുപോയി.

ഓപ്പറേഷൻ തിയറ്ററിനു പുറത്ത് എരിഞ്ഞുനിന്ന ത്രേസ്യാമ്മയെ വിളിച്ചു ഡോക്ടർ പറഞ്ഞു: വൈകിപ്പോയി, കുഞ്ഞു മരിച്ചു. ബ്ലെസിയെ രക്ഷിക്കാൻ നോക്കുകയാണ്. ബന്ധുക്കളെ അറിയിച്ചോളൂ. ശരീരം ദുർബലമായ ബ്ലെസിയെ മയക്കാൻ കഴിയില്ല. ബോധത്തോടെ എല്ലാം കേട്ടുകിടക്കുന്ന ബ്ലെസിയുടെ പച്ചമാംസം കീറി കുഞ്ഞിനെ വലിച്ചെടുത്തു. മരിച്ചകു‍ഞ്ഞായതിനാൽ, ശ്രദ്ധ അവനിലായിരുന്നില്ല, അമ്മയിലായിരുന്നു. കുഞ്ഞിനെ വലിച്ചെടുത്ത് ഒരു ബക്കറ്റിലേക്കിട്ടു. പിന്നെ അമ്മയുടെ ജീവൻ നിലനിർത്താനുള്ള ശ്രമം.

അതിനിടെ ബക്കറ്റിലൊന്നു പാളി നോക്കിയ ഡോക്ടർ ഞെട്ടി. കുഞ്ഞിന് അനക്കം. രക്ഷപ്പെടുത്താൻ നേരിയ സാധ്യതയുണ്ടെന്ന തോന്നൽ. കുഞ്ഞിനെയുംകൊണ്ടു തിയറ്ററിനു പുറത്തേക്കു വന്ന ഡോക്ടർ ആരോടും ചോദിക്കരുതാത്ത ആ ചോദ്യം ചോദിച്ചു: ‘‘പൈസയുള്ളവരാണോ? വലിയ ചെലവു വരും. പൈസയുണ്ടെങ്കിൽ മാത്രം നല്ലൊരു ആശുപത്രിയിലേക്കു പൊയ്ക്കൊള്ളൂ.’’ ബ്ലെസി നാലഞ്ചു ദിവസം കഴിഞ്ഞാണു നല്ല ബോധത്തിലേക്കു തിരിച്ചുവന്നത്. വയറ്റിലെ പഞ്ഞിക്കെട്ടിലൂടെ പഴുപ്പ് പുറത്തേക്കൊഴുകുന്നു. കാൽ നിലത്തുറയ്ക്കുന്നില്ല. കുഞ്ഞിനെ കൊണ്ടുപോയ കോതമംഗലത്തെ ആശുപത്രിയിലേക്കു ബ്ലെസിയെയും മാറ്റി.

സാവിയോ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം (ഫയൽ ചിത്രം)

കുഞ്ഞ് ജീവിച്ചിരിക്കുന്നെന്ന് അവിടെയെത്തുംവരെ ബ്ലെസി വിശ്വസിച്ചില്ല. ആശ്വസിപ്പിക്കാൻ പറയുന്നതാവും. എട്ടാം ദിവസം ബ്ലെസി കുഞ്ഞിനെ കണ്ടു. പക്ഷേ, ആ കുഞ്ഞ് അതുവരെ കരഞ്ഞിട്ടില്ല. കാൽവെള്ളയിൽ തട്ടിയപ്പോൾ നേരിയൊരു ഞരക്കം.

കാഴ്ചയിൽ അവനൊരു അദ്ഭുതശിശു ആയിരുന്നു. നിറയെ തലമുടി. രണ്ടേമുക്കാൽ കിലോ ഭാരം. ഒരു മാസത്തിനുശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ എല്ലാവരും ശുഭപ്രതീക്ഷയിലായിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് കമിഴ്ന്നുവീണു. തല അൽപം ചരിഞ്ഞിരിക്കും എന്നതൊഴിച്ചാൽ എല്ലാം സാധാരണപോലെ. സാവിയോ എന്നവനു പേരിട്ടു. സന്തോഷം അവിടെ തീരുകയായിരുന്നു.

എട്ടുമാസമായിട്ടും കുഞ്ഞ് എഴുന്നേൽക്കുന്നില്ല, ഇരിക്കുന്നില്ല. തിരുവനന്തപുരത്ത് വിദഗ്ധ പരിശോധന; നിരന്തര ചികിൽസ. ഒരു വയസ്സായപ്പോൾ അവൻ ‘അമ്മേ’ എന്നു വിളിച്ചു. മൂന്നു വയസ്സായപ്പോഴേക്കും ആ ചികിൽസ അവസാനിപ്പിച്ചു ഡോക്ടർ പറഞ്ഞത് ഇടിമിന്നൽപോലെ അവർ കേട്ടു: രക്ഷയില്ല, ഈ കുഞ്ഞിന്റെ കാൽ തറയിൽ ഉറയ്ക്കില്ല.

മൂന്നാം വയസ്സിൽ ആയുർവേദ ചികിൽസ തുടങ്ങി. കാൽവിരലുകൾ നിലത്തുതൊടുന്നതിനൊപ്പം ഉപ്പൂറ്റി കൂടി ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ നാലാം വയസ്സിൽ കൊച്ചിയിലെ ആശുപത്രിയിൽ രണ്ടു കാലിലും ശസ്ത്രക്രിയ. ഉള്ള കാൽസ്വാധീനംകൂടി നഷ്ടമായി. കീറിമുറിക്കുന്ന ഒരു ചികിൽസയും വേണ്ടെന്ന് അതോടെ തീരുമാനിച്ചു: നെടുങ്കണ്ടത്തെ ആയുർവേദ ആശുപത്രിയിലായി പിന്നെ ചികിൽസ. അവിടെ താടിയങ്കിൾ എന്ന് സാവിയോ സ്നേഹപൂർവം വിളിച്ച ഡോ.രഘുപതിയാണു സൂചിപ്പിച്ചത്– പ്രസവസമയത്ത് കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള പിഴവാകാം. ചികിൽസ ഫലം കണ്ടേക്കുമെന്ന പ്രതീക്ഷയ്ക്കിടെ ആ ഡോക്ടർ ഹൃദയാഘാതം വന്നു മരിച്ചു. ആശുപത്രികളിലേക്കുള്ള നെട്ടോട്ടത്തിനിടെ മൂത്ത മകൾ ഹണിയെ പഠനത്തിനായി കുടുംബവീട്ടിലാക്കി.

പിന്നെ അവരുടെ ജീവിതത്തിലേക്കു വന്നത് രണ്ടു തട്ടിപ്പുകാരാണ്. വീട്ടിൽ താമസിച്ച് ചികിൽസിക്കുന്ന ഒരു ആയുർവേദ വൈദ്യൻ. തമിഴ്നാട്ടിൽനിന്നു മരുന്നു കൊണ്ടുവരും. അഞ്ചാറു മാസം ‘ചികിൽസിച്ച്’ 25,000 രൂപയോളം മുതലാക്കി മുങ്ങി. രാജ്യാന്തര വിലാസമുള്ള സ്ഥാപനം എന്ന പേരിലായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. ഓഹരി എടുത്താൽ മതി, ചികിൽസ തരാം എന്നായിരുന്നു വാഗ്ദാനം. അവിടെയും ഇരുപതിനായിരത്തോളം രൂപ മുടക്കി. ഒരു ദിവസം അവരും മുങ്ങി.

ബന്ധുക്കളിൽനിന്നു സമ്മർദമേറുകയായിരുന്നു. ഈ കുഞ്ഞിനെയും നോക്കിയിരുന്നാൽ ജീവിതം ബാക്കിയുണ്ടാവില്ല. ഫലം ഉറപ്പില്ലാത്ത കാര്യത്തിനായി സമ്പാദ്യം മുഴുവൻ പാഴാക്കരുത്. അവനെ അനാഥാലയത്തിലേക്കു മാറ്റുക. ഇടയ്ക്കുപോയി കാണാമല്ലോ? എന്തുപറ്റിയാലും കുഞ്ഞിനെ ചികിൽസിക്കും, വളർത്തും എന്ന ബ്ലെസിയുടെ വാശി കണ്ട് ചില ബന്ധുക്കൾ പറഞ്ഞു: ഒരു മോളുണ്ടല്ലോ? അവൾക്കു കല്യാണാലോചനകൾ വരുമ്പോൾ ഈ പിടിവാശിയുടെ ഫലം അനുഭവിക്കും.

ഭിന്നശേഷിയുള്ള കുഞ്ഞിനെ, വീട്ടിൽനിന്നു മാറ്റിനിർത്തേണ്ടിവരുന്ന അമ്മമാരുടെ നീറ്റൽ ബ്ലെസി തിരിച്ചറിഞ്ഞു. ആ വിധി തനിക്കുണ്ടാവില്ലെന്ന് ഉറപ്പിച്ച് ഭർത്താവിനോടു പറഞ്ഞു: ഈ കുഞ്ഞിനെ ഞാൻ എവിടേക്കും വിട്ടുകൊടുക്കില്ല. ചികിൽസ ഞാൻ നോക്കിക്കൊള്ളാം. ജോലി കളഞ്ഞുവന്ന് നമ്മുടെ വരുമാനമാർഗം ഇല്ലാതാക്കേണ്ട. ജോസ് ജോസഫ് ഉത്തരേന്ത്യയിലെ ജോലി തുടരാൻ തീരുമാനിച്ചു. സർക്കാർ സ്ഥാപനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ താൽക്കാലിക ജോലി (അന്നുണ്ടായിരുന്നവർക്ക് അതു പിന്നീട് സ്ഥിര ജോലിയായി) ഉപേക്ഷിച്ച് ബ്ലെസി കുഞ്ഞിനൊപ്പം സയാമീസ് ഇരട്ടയായി...

പഠനമായിരുന്നു അടുത്ത പരീക്ഷ. ഒരു സ്കൂളിലും പ്രവേശനം തരുന്നില്ല. നിരങ്ങിനീങ്ങാൻപോലുമാകാത്ത കുഞ്ഞിനെ പഠിപ്പിക്കാൻ സ്പെഷൽ സ്കൂളുകൾപോലും മടിച്ചു. വീട്ടിൽ വന്നു പഠിപ്പിക്കുന്ന ആശാത്തിയെ കിട്ടി. ഒരു വർഷംകൊണ്ട് അക്ഷരവും അക്കവുമൊക്കെ പഠിപ്പിക്കാമെന്നാണു കരാർ. വസ്ത്രം, ചികിൽസാച്ചെലവ്, ഭക്ഷണം ഒക്കെ കൊടുക്കണം. ഓരോ അക്ഷരം പഠിക്കാൻ കൊടുത്തിട്ട് ആശാത്തി വീട്ടുകാരുമായി കൊച്ചുവർത്തമാനം പറയാൻ തുടങ്ങുമ്പോഴേക്കും സാവിയോ വിളിക്കും: ‘‘പഠിച്ചു ആശാത്തീ... അടുത്ത അക്ഷരം താ...’’ ഒരു വർഷത്തെ ‘കോഴ്സ്’ ഒരു മാസം കൊണ്ട് സാവിയോ തീർത്തപ്പോൾ ആശാത്തി പറഞ്ഞു: ‘‘ഇതു ബുദ്ധി കൂടിയതിന്റെ പ്രശ്നമാണ്.’’

പക്ഷേ സ്കൂളിൽ അതൊന്നും ഏശിയില്ല. നിൽക്കാനും ഇരിക്കാനും കഴിയാത്ത കുട്ടിയെ വേണ്ട. വലിയ ശ്രമങ്ങൾക്കൊടുവിൽ കോതമംഗലത്തെ ഒരു സ്കൂളിൽ ചേർത്തു. അവരും ഏതാനും നാൾകൊണ്ട് മടുത്തു. തുടർന്നു നെല്ലിമറ്റം, കാക്കനാട്, ചെത്തിപ്പുഴ, പട്ടം മുറിഞ്ഞപാലം, നെയ്യാറ്റിൻകര... എല്ലായിടത്തും വാടകവീട് എടുക്കും, ഏതാനും മാസം നോക്കും, വിടുതൽ സർട്ടിഫിക്കറ്റ് നൽകി അവസാനിപ്പിക്കും.

ഒടുവിൽ രക്ഷകവേഷത്തിൽ ഒരു സർക്കാർ സ്കൂൾ അവതരിച്ചു. തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂൾ. അവിടെ അഞ്ചാം ക്ലാസിലേക്കു പ്രവേശനപ്പരീക്ഷ പാസാകണം. അതു സാവിയോ വേഗം സാധിച്ചെടുത്തു. വീടുപോലെയായിരുന്നു ആ സ്കൂൾ. തൊട്ടടുത്തു വാടകവീട്ടിൽ താമസം. ആറാം ക്ലാസിൽ സാവിയോ നിലയുറപ്പിച്ചതോടെ ബ്ലെസി സമീപ സ്കൂളുകളിൽ യോഗ, കൗൺസലിങ് പഠിപ്പിക്കാൻ തുടങ്ങി. മുൻപു ഭർത്താവിനൊപ്പം ഗുജറാത്തിലായിരിക്കെ പഠിച്ച മൂന്നു വർഷ യോഗ കോഴ്സ് തുണയായി.

സ്കൂട്ടർ താങ്ങില്ലെന്നായതോടെ മകനുമൊത്തുള്ള സ്കൂൾ–ആശുപത്രി യാത്രകൾ ടാക്സിക്കാറിലേക്കു മാറ്റി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് ടു ചെയ്യണമെന്നായിരുന്നു സാവിയോയുടെ മോഹം. പക്ഷേ ലബോറട്ടറി പഠനമൊക്കെ പ്രയാസമായതുകൊണ്ട് കൊമേഴ്സിൽ ഉറച്ചു. ആഗ്രഹിച്ചതുപോലെ പട്ടം സെന്റ് മേരീസ് സ്കൂളിൽ പ്രവേശനം കിട്ടി. ഇപ്പോൾ അവസാനവർഷ പ്ലസ് ടു പരീക്ഷ എഴുതുന്നതാണ് ഏറ്റവുമൊടുവിലെ സാവിയോ കാഴ്ച.

അക്ഷരങ്ങൾക്കൊപ്പം വരകളും സാവിയോയ്ക്കു ഹരമാണ്. പൂക്കളും കിളികളുമായി തുടങ്ങിയ വരകളുടെ പുസ്തകത്തിന്റെ അവസാന താളുകളിൽ ഇപ്പോൾ വാഹനങ്ങളാണ്. എവിടെപ്പോയാലും ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച്, തിരിച്ചെത്തിയാൽ ചിത്രങ്ങളാക്കും. കുട്ടിക്കാലം മുതൽ വരച്ച ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ തോന്നിയില്ലല്ലോ എന്നതാണു ബ്ലെസിയുടെ സങ്കടം. സുരേഷ് ഗോപിയുടെയും പുതിയ മോഡൽ കാറുകളുടെയും ആരാധകൻ. വിമാനയാത്രയായിരുന്നു ഒരുകാലത്തെ മോഹം. ഗുജറാത്തിൽ പിതാവിന്റെ ജോലിസ്ഥലത്തേക്കുള്ള യാത്രകൾ വിമാനത്തിലാക്കി അതു സാധിച്ചു.

എംഎസ്‌സി സൈക്കോളജിയും ടിടിസിയും യോഗ കോഴ്സും യോഗ്യതകളായുള്ള ബ്ലെസി ഇപ്പോൾ ബാക്കി കിട്ടുന്ന സമയം അധ്യാപനത്തിനായി നീക്കിവയ്ക്കുന്നു. സോഷ്യൽ സയൻസ് പാർട് ടൈം അധ്യാപികയായും കൗൺസലറായും മുട്ടട സെന്റ് ജോസഫ്സ് സ്കൂളിൽ ബ്ലെസി ജോലി ചെയ്യുന്നുണ്ട്. ഗുജറാത്തിൽ മൈനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭർത്താവ് വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് തിരിച്ചെത്തിയതിനാൽ ബ്ലെസിയുടെ ശമ്പളമാണ് കുടുംബത്തിലേക്ക് എത്തുന്ന വരുമാനം.

സാവിയോ പ്ലസ് ടു പരീക്ഷാഹാളിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സാവിയോയിലൂടെ ബ്ലെസി കണ്ടത് ലോകത്തിന്റെ മറ്റൊരു മുഖമാണ്. ഇപ്പോൾ നേടുന്നതൊന്നുമല്ല സന്തോഷം തരുന്നതെന്ന പാഠം, നിരന്തര ആശുപത്രിവാസവും യാത്രകളും പഠിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചത് അങ്ങനെ.

ഒൻപതുവർഷം മുൻപ്, ആഴ്ചയിൽ ഒരു ദിവസം വീതം 200 പേർക്കു ഭക്ഷണം നൽകിയായിരുന്നു തുടക്കം. പിന്നെയതു രണ്ടു ദിവസമായി; പിന്നെ മൂന്നും. വാടകവീടിനു പിന്നിൽ കഞ്ഞിപ്പുരയുണ്ടാക്കി. ചോറ് അവിടെ തയാറാക്കും. സാമ്പാറും മറ്റും വീട്ടിലെ ഗ്യാസ് അടുപ്പിൽ. ചൂടാറാതെ സുഹൃത്തുക്കളുടെ കാറിൽ മെഡിക്കൽ കോളജിലേക്ക്. സുഹ‍ൃത്തുക്കളാണു കൊണ്ടുപോകുന്നതും വിളമ്പിക്കൊടുക്കുന്നതും. അവർ തമ്മിൽ അതിനിപ്പോൾ മൽസരമാണെന്നു സന്തോഷച്ചിരിയോടെ ബ്ലെസി. മൂന്നുമണിക്കുണരും. നാലുമുതൽ ആറുവരെ രണ്ടു ബാച്ചിനു യോഗ ക്ലാസ്. പിന്നെയാണ് ഓരോദിവസത്തെയും അധ്വാനം തുടങ്ങുന്നത്. ഇതുവരെ 450 പേർക്കെങ്കിലും യോഗ, ധ്യാനപരിശീലനം നൽകി.

ഭക്ഷണവിതരണം പണമില്ലാതെ നിന്നുപോകുമെന്നു കരുതിയ നാളുകൾ പലതുണ്ട്. പക്ഷേ, ഒരാഴ്ചപോലും മുടങ്ങിയില്ല. ബന്ധുക്കളാണു പ്രധാന സ്രോതസ്സ്; ഒപ്പം സുഹൃത്തുക്കളും. ജന്മദിനവും വിവാഹവാർഷികവുമൊന്നും ആഘോഷിക്കാതെ ആ പണം ഇതിനായി നൽകുന്നതിൽ അവരും സന്തോഷം കണ്ടെത്തുന്നു.

പെൺകുഞ്ഞുങ്ങളുമായി കഴിയുന്ന നിരാലംബയായ വിധവയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? വൈകുന്നേരമായാൽ അവരുടെ അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലിൽ തട്ടും മുട്ടും. അങ്ങനെയൊരു കാര്യം കണ്ണുനനയിച്ചതോടെയാണു രണ്ടു വിധവകൾക്കു കെട്ടുറപ്പുള്ള വീട് വച്ചുനൽകാൻ ബ്ലെസി മുന്നിട്ടിറങ്ങിയത്. പലരും സഹായിച്ചു. ആറുവർഷം പുതിയ വസ്ത്രങ്ങളൊന്നും വാങ്ങിയില്ല, ബ്ലെസി. സത്യത്തിൽ 10 വർഷം കൂടുമ്പോഴേ സ്ത്രീകൾ വസ്ത്രം വാങ്ങേണ്ടതുള്ളൂ എന്നാണു ബ്ലെസിയുടെ തിയറി.  ആറു വർഷത്തിനുശേഷം തുണിക്കടയിൽ സ്വന്തം ആവശ്യത്തിനായി പോയതു മകളുടെ കല്യാണം വന്നപ്പോൾ മാത്രം. മുഖം ചുക്കിച്ചുളിഞ്ഞ വയോധികരെ വലിയ ഇഷ്ടമാണ്. അവർക്ക് അവസാനകാലം സന്തോഷമായി ജീവിച്ചു മരിക്കാൻ ഒരു സ്ഥാപനം തുടങ്ങണം എന്ന മോഹമാണ് ഇനി ബാക്കിയുള്ളത്.

എല്ലാവർക്കും കിട്ടാത്ത കുഞ്ഞ്

പരിചരണത്തിലെ പിഴവുകൊണ്ടാണു തന്റെ കുഞ്ഞിന് ഈ ഗതി ഉണ്ടായതെന്ന് ഇപ്പോഴും വിശ്വസിക്കുമ്പോഴും ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ഒരു പരാതിയും നൽകാൻ ബ്ലെസി തയാറായില്ല.

ഓടിനടന്നു സഹികെട്ടപ്പോൾ, പ്രസവമെടുത്ത ആ ഡോക്ടറുടെ വീട്ടിൽ ചെന്ന് ഈ കുഞ്ഞിനെ ഏൽപിച്ചിട്ടുപോരാൻ വരെ ആലോചിച്ചു. ഒരു ധ്യാനയോഗമാണ് ആ ചിന്തയ്ക്ക് അവസാനമിട്ടത്. ഇത്തരം ഒരു കുട്ടിയെ എല്ലാവർക്കും ദൈവം തരില്ല; നിങ്ങൾക്കു നോക്കാനായി ഏറെ സവിശേഷതകളുള്ള ഒരു കുഞ്ഞിനെ ദൈവം തന്നതാണെന്ന ഉപദേശം എല്ലാ ദോഷചിന്തകളെയും അവസാനിപ്പിച്ചു.

വേദനിപ്പിച്ച ആരോടും പരിഭവമില്ലെങ്കിലും സർക്കാരിനോടു മാത്രം ഒരു പരാതിയുണ്ട്. അംഗപരിമിതർക്കുള്ള സൗജന്യ ട്രൈ സ്കൂട്ടറിനായി പലതവണ അപേക്ഷിച്ചു. സാവിയോയ്ക്ക് സ്വന്തമായി ഓടിക്കാൻ കഴിയാത്തിടത്തോളം അതിനു വ്യവസ്ഥയില്ലത്രേ. കിട്ടിയാൽ കുഞ്ഞിനെയും കൊണ്ട് താൻ ഓടിച്ചോളാമെന്നു പറഞ്ഞിട്ടും രക്ഷയില്ല. ശാരീരികപരിമിതികൾ കൂടുന്തോറും അവഗണനയും കൂടുമെന്നാണോ അതിനർഥം?

സാവിയോ വരച്ച ചിത്രങ്ങൾ

ഇതിനിടെ സംഭവിച്ചത്

ബന്ധുക്കൾ: ആദ്യകാലത്ത് ബന്ധുക്കളിൽ ചിലർ ബ്ലെസിയെ കുറ്റപ്പെടുത്തിയതിനു കണക്കില്ല. സാവിയോ എസ്എസ്എൽസി പരീക്ഷ പാസായതോടെ അവരൊക്കെ അമ്പരന്നു. ഇന്നു ബന്ധുക്കളുടെയെല്ലാം ഓമനയാണവൻ. സാവിയോയെ കാണാൻ മിക്കവാറും അവരെത്തും. സ്വന്തം വാഹനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും. സാവിയോ ഫോണിൽ വിളിക്കുമ്പോൾ അവർ കരഞ്ഞുപോകും: നിന്നെക്കുറിച്ചാണല്ലോ ഞങ്ങൾ അന്നങ്ങനെ പറഞ്ഞുപോയത്!

മകൾ: ഹണിമോൾക്ക് കല്യാണാലോചന വരുമ്പോൾ അനുഭവിക്കുമെന്ന മുന്നറിയിപ്പ് എന്നും മനസ്സിലുണ്ടായിരുന്നു. പൂഞ്ഞാറിൽനിന്നു ജിൽസ് സെബാസ്റ്റ്യന്റെ ആലോചന വന്നപ്പോഴും അങ്കലാപ്പ്. പക്ഷേ, ജിൽസിന്റെ അമ്മ പറഞ്ഞു: ‘‘ഇതൊക്കെ ആർക്കും എപ്പോഴും വരാവുന്നതല്ലേ? അതൊന്നും പ്രശ്നമല്ല.’’

ഹണിയും ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് ജോലിചെയ്യുന്ന ജിൽസും എല്ലാ മുൻവിധികളും കടന്നു മൂന്നുവർഷം മുൻപു വിവാഹിതരായി.

കിലുകുലു സ്റ്റോഴ്സ്: മെഡിക്കൽ കോളജിലെ രോഗികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ ആഴ്ചതോറും 60 കിലോ അരി വേണം. മൊത്തവിലയിലും താഴെയായി വായ്പയായും പലപ്പോഴും സൗജന്യമായും അരിയും പലവ്യഞ്ജനവും നൽകുന്ന നാലാഞ്ചിറയിലെ കട അത്താണിയായി.

സുരേഷ്കുമാർ: വാടകക്കാർക്കു വീട്ടുമുറ്റത്തു കഞ്ഞിപ്പുരവരെ വയ്ക്കാൻ അനുവാദം നൽകുന്ന എത്ര വീട്ടുടമകളുണ്ടാവും? എല്ലാറ്റിനും പിന്തുണയുമായി മണ്ണന്തലയിലെ വീട്ടുടമ സുരേഷ്കുമാറും കുടുംബവും ആ വീടും പരിസരവും തുറന്നുകൊടുത്ത് മുകൾനിലയിൽ സംതൃപ്തിയോടെ കഴിയുന്നു. പതിവുരീതി വിട്ട് വാടകക്കാർക്കു താഴത്തെ നില കൊടുത്ത്, വീട്ടുകാർ മുകൾനില തിരഞ്ഞെടുക്കാനൊരു കാരണമുണ്ട്– സാവിയോ. അവനെയും എടുത്തുകയറ്റി മുകൾനിലയിൽ താമസിക്കാൻ പറയുന്നതുതന്നെ ദോഷമല്ലേ?

ബിസ്കറ്റ്: ‘ഞാൻ കരയരുത് എന്നേ അവനുള്ളൂ. എടുത്തുകൊണ്ടുപോയി എവിടെയെങ്കിലും ഇരുത്തിക്കഴിഞ്ഞാൽ എന്റെ തോളിൽ അവൻ തടവിത്തരും. എന്നിട്ടുചോദിക്കും: അമ്മയ്ക്ക് വേദനയുണ്ടോ?’

അഞ്ചുവർഷമായി സാവിയോ ബിസ്കറ്റും ബേക്കറി പലഹാരങ്ങളും കഴിച്ചിട്ട്. ഇഷ്ടമില്ലാത്തതുകൊണ്ടല്ല. 48 കിലോ ഭാരമുണ്ട് ഇപ്പോൾത്തന്നെ. ഇനിയും ഭാരം കൂടിയാൽ അമ്മ എങ്ങനെ താങ്ങും?

ഇനി പറയൂ. അമ്മയ്ക്കു മകനോടോ മകന് അമ്മയോടോ കൂടുതൽ കരുതൽ...!