ലോകത്തിലെ ഏറ്റവും സമ്പന്നനായ അച്ഛൻ ദാ ഇവിടെയുണ്ട്

ഇദ്രിസ്, ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെ കണ്ടെത്തിയിരിക്കുകയാണ് ഒരു ഫൊട്ടോഗ്രാഫർ. തന്റെ മൂന്നു പെൺമക്കൾക്കു വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന ആ അച്ഛനെ സോഷ്യൽമീഡിയ നെഞ്ചേറ്റിയിരിക്കുകയാണ്.

ഇദ്രിസിന് മൂന്നു പെൺകുട്ടികളാണ്. അവരെ നല്ല നിലയിൽ പഠിപ്പിക്കാൻ ഇദ്രിസ് കഷ്ടപ്പെടുകയാണ്. ഒരു ഷർട്ടുപോലും ഇദ്രിസ് സ്വന്തമായി വാങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ജോലി തോട്ടിപ്പണിയാണ്. എന്നാൽ മക്കൾക്ക് വിഷമമാകാതിരിക്കാൻ ഇതുവരെ അക്കാര്യം അവരെ അറിയിച്ചിട്ടില്ല. കാരണം ജോലിയുടെ പേരിൽ എല്ലാവവരിൽ നിന്നും ആക്ഷേപം മാത്രമേ ഇദ്രിസിന് ലഭിച്ചിട്ടുള്ളൂ. കൂലിപ്പണി എന്നു മാത്രമാണ് മക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം ഫീസ് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇദ്രിസ് മക്കളോട് ആ സത്യം വെളിപ്പെടുത്തി.

അദ്ദേഹം ഭയപ്പെട്ടതുപോലെ മക്കൾ അയാളെ വെറുത്തില്ല. പകരം പതിന്മടങ്ങ് സ്നേഹിക്കുകയാണ് ചെയ്തത്. ഇന്ന് അച്ഛനെ സഹായിക്കാനായി മൂത്തമകൾ ഒരു പാർട് ടൈം ജോലിക്കു പോകുന്നുണ്ട്. ഇളയ രണ്ടുമക്കളും ട്യൂഷൻ എടുക്കുന്നുണ്ട്. ഒരിക്കൽ പോലും അവർ‌ എന്നെ വേദനിപ്പിച്ചിട്ടില്ല. ഒരു അച്ഛന് ഇതിൽക്കൂടുതൽ എന്ത് സമ്പാദ്യം വേണമെന്ന് ഇദ്രിസ് ചോദിക്കുന്നു.

അവധി ദിവസങ്ങളിൽ മക്കൾ തന്റെ ജോലി സ്ഥലത്ത് വരാറുണ്ടെന്നും ജോലിയിൽ സഹായിക്കാറുണ്ടെന്നും ഇദ്രിസ് പറയുന്നു. തന്റെ മക്കളുടെ പഠനത്തിന് തന്റെ സുഹൃത്തുക്കളും സഹായം നൽകാറുണ്ടെന്നും ചിലപ്പോഴൊക്കെ പട്ടിണി കിടന്നും കൂട്ടുകാർ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇദ്രിസ് പറയുന്നു.

ജി എം ബി ആകാഷ് എന്ന ഒരു ഫൊട്ടോഗ്രാഫറാണ് ഇദ്രിസിന്റെ കഥയും ചിത്രവും പുറം ലോകത്തെത്തിച്ചത്. ആകാഷ് ഇദ്രിസിന്റെ കഥ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇൗ സമ്പന്നനായ അച്ഛന്റെ കഥ തരംഗമായി മാറി.