ആ സ്നേഹഗാഥയ്ക്ക് 22 വർഷം, അഞ്ജലിയുടെ സ്വന്തം സച്ചിൻ

സച്ചിൻ ടെൻഡുൽക്കറും അഞ്ജലിയും

ലോകമെമ്പാ‌ടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ ആരാധിക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെന്‍ഡുൽക്കർ അക്ഷരാർഥത്തിൽ ക്രിക്കറ്റിന്റെ ദൈവം തന്നെയാണ്. ക്രീസിൽ ബാറ്റുകൊണ്ട് മായാജാലങ്ങൾ കാണിച്ച ആ അതുല്യ പ്രതിഭയ്ക്ക് ഇത് ആഘോഷങ്ങളുടെ കാലമാണ്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സച്ചിൻ തന്നെ അഭിനയിച്ച സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതു മാത്രമല്ല പ്രിയസഖി അഞ്ജലിയെ ജീവിതത്തിൽ കൂട്ടിയിട്ട് ഇരുപത്തിരണ്ടു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സച്ചിൻ. 

സച്ചിൻ ഡോക്ടറായ അഞ്ജലിയെ വിവാഹം കഴിച്ച് ഇരുപത്തിരണ്ടു വർഷം ആയത് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് . ക്രിക്കറ്റ് ജീവിതത്തിൽ തനിക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞെങ്കിൽ അതിനൊരു കാരണം അഞ്ജലി കൂടിയാണെന്ന് സച്ചിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ തളരുന്ന സമയങ്ങളിലും കരുത്തോടെ മുന്നേറാൻ പ്രചോദനമായത് അഞ്ജലിയുടെ വാക്കുകളാണ്. 

സച്ചിനും അഞ്ജലിയും മക്കൾ അർജുനും സാറയ്ക്കുമൊപ്പം

എയർപോർട്ടിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയ സച്ചിനും അഞ്ജലിയും മാസങ്ങൾക്കകം തന്നെ വിവാഹിതരാകുകും ചെയ്തു. സച്ചിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് അഞ്ജലി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. ' ആദ്യമായി കാണുമ്പോൾ സച്ചിൻ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. എയർപോർട്ടിൽ വച്ച് ആദ്യമായി കണ്ടപ്പോഴേ സച്ചിൻ നല്ല ക്യൂട്ട് ആണല്ലോ എന്നു വിചാരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അപർണയാണു പറഞ്ഞത് ആ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലെ മിടുക്കനായ പ്ലേയർ ആണെന്നും എല്ലാവരും ആരാധിക്കുന്നയാളാണെന്നുമൊക്കെ. പക്ഷേ അന്ന് എനിക്കു ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. എങ്കിലും സച്ചിന്റെ പിന്നാലെ ഓടി, അന്നു സച്ചിൻ തന്നെ ഒന്നു നോക്കിയതു പോലുമില്ല.'' 

പക്ഷേ ആദ്യകാഴ്ച്ചയിൽ തന്നെ സച്ചിൻ മനസിൽ കയറിക്കൂടിയ അഞ്ജലി അങ്ങനെ വിട്ടുകളയാൻ തയ്യാറായിരുന്നില്ല. വല്ലവിധേനയും നമ്പർ തപ്പിപ്പിടിച്ചു സച്ചിനെ വിളിക്കുകയും എയർപോർട്ടിൽ വച്ചു കണ്ട കാര്യം പറയുകയും ചെയ്തു. അദ്ഭുതമെന്നോണം അഞ്ജലിയെ സച്ചിൻ ഓർക്കുന്നുണ്ടായിരുന്നു. പിന്നീടൊരിക്കൽ സച്ചിന്റെ വീട്ടിലേക്ക് മാധ്യമപ്രവർത്തക എന്ന പേരിൽ താൻ എത്തിയപ്പോൾ സച്ചിൻ അമ്പരന്നിരുന്നതും അഞ്ജലി പറഞ്ഞിരുന്നു. പ്രണയത്തിലായപ്പോഴും സച്ചിനുമായി സംസാരിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. ഇമെയിലുകളോ എസ്എംഎസ് സംവിധാനങ്ങളോ ഇല്ലാത്ത ആ കാലത്ത് ക്രിക്കറ്റ് ടൂറുകളിലായിരുന്ന സച്ചിനെ കിട്ടുക അസാധ്യമായിരുന്നു. അന്ന് കത്തുകളിലൂടെയായിരുന്നു ഇരുവരും പ്രണയം പങ്കിട്ടിരുന്നത്. 

ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ജലിയാണു പറഞ്ഞത് ക്രിക്കറ്റുമായി മുന്നോട്ടു പോകാനും കുടുംബ കാര്യങ്ങൾ അവർ േനാക്കിക്കൊള്ളാമെന്നും...

വിവാഹക്കാര്യത്തെക്കുറിച്ച് സച്ചിന്റെ മാതാപിതാക്കളെ അറിയിക്കുന്നതും അഞ്ജലി ആയിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന കാര്യം വീട്ടുകാരെ അറിയിക്കുന്നത് ഏറ്റവും ഫാസ്റ്റ് ബൗളർമാരെ നേരിടുന്നതിനേക്കാൾ തന്നെ കുഴക്കിയിരുന്ന കാര്യമായിരുന്നുവെന്ന് സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒടുവിൽ സച്ചിൻ ന്യൂസിലാൻഡിൽ ആയിരുന്ന സമയത്ത് അഞ്ജലി തന്നെയാണ് ഇക്കാര്യം സച്ചിന്റെ വീട്ടിൽ അറിയിക്കുന്നത്. 

തന്റെ വിരമിക്കൽ പ്രസംഗവേളയിൽ സച്ചിൻ അഞ്ജലിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ആരാധകരുടെ ഉള്ളം തൊ‌ടുന്നതായിരുന്നു. '' അഞ്ജലി എന്ന ഡോക്‌ടറെ എനിക്കറിയാം, അവർക്കു മുന്നിൽ ഒരു മനോഹരമായ കരിയറുണ്ടായിരുന്നു.  ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ജലിയാണു പറഞ്ഞത് ക്രിക്കറ്റുമായി മുന്നോട്ടു പോകാനും കുടുംബ കാര്യങ്ങൾ അവർ േനാക്കിക്കൊള്ളാമെന്നും. അഞ്ജലിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇത്രത്തോളം മനസു ഫ്രീയായി സമ്മർദ്ദമില്ലാതെ കളിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.  എന്റെ ക്ഷോഭങ്ങളും നിരാശകളും ഞാൻ പറഞ്ഞ  എല്ലാ നിരർഥകമായ കാര്യങ്ങളും സഹിച്ചതിന് ഒരുപാടു നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പാർട്നർഷിപ് നീയുമായുള്ളതാണ്. 

അഞ്ജലിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന കാര്യം വീട്ടുകാരെ അറിയിക്കുന്നത് ഏറ്റവും ഫാസ്റ്റ് ബൗളർമാരെ നേരിടുന്നതിനേക്കാൾ തന്നെ കുഴക്കിയിരുന്ന കാര്യമായിരുന്നുവെന്ന് സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്...

1995ൽ വിവാഹിതരായ സച്ചിനും അ‍ഞ്ജലിക്കും അർജുന്‍, സാറ എന്നീ രണ്ടു മക്കളുമുണ്ട്. ഇനിയും ഏറെനാൾ ക്രിക്കറ്റിന്റെ ഈ ദൈവം അഞ്ജലിക്കൊപ്പം സന്തുഷ്ട ജീവിതം ജീവിതം കാഴ്ച്ച വെക്കട്ടെ എന്നാശംസിക്കാം...