ഗർഭപാത്രത്തിൽ വച്ച് മരിച്ച കുഞ്ഞ് പിന്നെ ജീവിതത്തിലേക്ക്, അവിശ്വസനീയം ഈ ജനനം!

ആറ്റുനോറ്റ് ഒരു  കുഞ്ഞിനെ ഗർഭം ധരിക്കുക. അവൻ അല്ലെങ്കിൽ അവൾ  ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന നിമിഷവും സ്വപ്നം കണ്ട് പ്രാർത്ഥനയോടെ കഴിയുക. ഏതൊരു അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ ഇത് പോലൊരു സന്ദർഭം ഉണ്ടാകും. ഒടുവിൽ ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുവാവ പിറന്നു വീഴുമ്പോൾ, തങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തികളെന്ന് മാതാപിതാക്കൾക്ക് തോന്നുന്നത് സ്വാഭാവികം. എന്നാൽ അവസാന നിമിഷം കുഞ്ഞ് എന്ന ആ പ്രതീക്ഷ നഷ്ടപ്പെടേണ്ടി വന്നാലോ?

അത്തരമൊരു നിമിഷത്തിലൂടെയാണ് യുകെ സ്വദേശികളായ ജോയ്സിലിൻ റോബസ്റ്റാനും ഭർത്താവ് ഇഗ്നേഷിയോയും കടന്നു പോയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ജോയ്സിലിൻ ഗർഭം ധരിക്കുന്നത്. പുതുതായി ജീവിതത്തിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ ഇരുവരും ഒട്ടേറെ കാര്യങ്ങൾ ചെയ്തു. പിറക്കാൻ പോകുന്ന തങ്ങളുടെ അരുമയ്ക്ക് അവർ നോഹ എന്ന് പേരുമിട്ടു. എന്നാൽ അതിരില്ലാത്ത അവരുടെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. 

പ്രസവത്തിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടത്തിയ ചെക്കപ്പിൽ ഡോക്റ്റർമാർ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ല എന്ന് കണ്ടെത്തി. അത് സംശയമായി തോന്നിയതിനെ തുടർന്ന്  നടത്തിയ പരിശോധനയിൽ അത് വാസ്തവമാണ് എന്ന് തെളിഞ്ഞു. കുഞ്ഞിന്റെ ഹൃദയം പ്രവർത്തന രഹിതമായിരിക്കുന്നു. അതിനർത്ഥം കുഞ്ഞു  ഗർഭാവസ്ഥയിൽ വച്ച് തന്നെ മരിച്ചിരിക്കുന്നു. ഏറെ കഷ്ടപ്പെട്ടാണ് ഡോക്ടർമാർ ഈ വിവരം ജോയ്സിലിനെയും ഭർത്താവിനെയും അറിയിച്ചത്. ഇരുവർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത. 

മരിച്ച കുഞ്ഞിനെ അധിക നേരം വയറ്റിനുള്ളിൽ വയ്ക്കുന്നത് അമ്മയുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണ്, സുഖ പ്രസവം സാധ്യമാകാത്ത ആ അവസ്ഥയിൽ സിസേറിയനിലൂടെ കുഞ്ഞിന്റെ ശരീരം പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെ ജോയ്സിലിനെ സിസേറിയനു വിധേയയാക്കി. വയറു കീറി കുഞ്ഞിനെ പുറത്തേക്ക് എടുക്കുമ്പോൾ ആ പിഞ്ചു ശരീരം ചലനമറ്റു കിടക്കുകയായിരുന്നു. 

താഴേക്കിടത്തി പൊക്കിൾക്കൊടി മുറിക്കുന്ന വേളയിൽ, അവിശ്വസനീയം എന്ന പോലെ കുഞ്ഞു അനങ്ങി, പിന്നെ കരഞ്ഞു, ഹൃദയം ഇടിച്ചു തുടങ്ങി. ശാരീരികമായി ഏറെ വൈഷമ്യതകളോടെ ജീവന്റെ മിടിപ്പ് കാണിച്ച കുഞ്ഞിനെ ഉടൻ തന്നെ തീവ്ര പരിചര വിഭാഗത്തിലേക്ക് മാറ്റി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ആ കുഞ്ഞുവാവ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 

ജോയ്സലിനും ഭർത്താവിനും മാത്രമല്ല, വൈദ്യശാസ്ത്രത്തിന് പോലും ഉത്തരം കിട്ടാത്ത ഒന്നായി മാറിയിരിക്കുകയാണ് നോഹയുടെ ജനനം. അമ്മയുടെ കണ്ണീരിന്റെ വിലയെന്നോ, പ്രാർത്ഥനയുടെ ശക്തിയെന്നോ എന്ത് വേണമെങ്കിലും പറയാം, മിറാക്കിൽ ചൈൽഡ് എന്ന് വിളിക്കുന്ന കുഞ്ഞ് പൂർണമായും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു 

Read more..Style, Viral stories, Viral Video