ഇത് കാൻസറിനെ പടിയിറക്കി വിട്ട സന്തോഷം, വൈറലായി 7  വയസുകാരിയുടെ ചിത്രം 

കീമോതെറപ്പി വേളയിലെ മുടിയില്ലാത്ത ചിത്രവുമായി കുഞ്ഞു സോഫി

കാൻസർ മാറിയ ശേഷം കീമോതെറപ്പി വേളയിലെ മുടിയില്ലാത്ത ചിത്രം പിടിച്ചു കൊണ്ട് ചിരിക്കുന്ന കുഞ്ഞു സോഫിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഫി  സ്ട്രോങ്ങ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കു വയ്ക്കപ്പെട്ടത്. 7  വയസു മാത്രം പ്രായമുള്ള സോഫിക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 6  റൗണ്ട് കീമോതെറാപ്പി , 9  ശസ്ത്രക്രിയകൾ, 5  റൗണ്ട് ഇമ്മ്യൂണോ തെറപ്പി എന്നിവ കഴിഞ്ഞു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിലെ പലവിധ ക്ലേശങ്ങളിലൂടെയും കടന്നുപോയ ഈ കുഞ്ഞിന്റെ കഥ എല്ലാവർക്കും ഒരു പ്രചോദനമാണ്. തീർത്തും അവിചാരിതമായാണ് സോഫി കാൻസർ ബാധിതയാണ് എന്ന് കണ്ടു പിടിക്കുന്നത്. ഒരു ദിവസം സ്കൂൾ വിട്ടു അമ്മയുടെ അരികിൽ എത്തിയ കുട്ടിയുടെ കണ്ണിൽ നിന്നും പീലികൾ എല്ലാം കൊഴിഞ്ഞു പോകുന്നതായി കണ്ടു. അതിൽ സംശയം തോന്നിയ അമ്മ സോഫിയെ ഉടനടി ഡോക്ടറെ കാണിച്ചു. 

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സോഫിക്ക് നാഡികളെ ബാധിക്കുന്ന കാൻസർ ആണെന്നു അറിഞ്ഞത്. പിന്നീട്, ചികിത്സയുടെയും പ്രാർത്ഥനയുടെയും കാലമായിരുന്നു. പലവിധ ശാരീരിക മാനസിക വിഷമങ്ങളിലൂടെ കുട്ടി കടന്നു പോയി. കീമോ തെറപ്പിയുടെ ഭാഗമായി മുടി മുഴുവൻ കൊഴിഞ്ഞു. ശരീരം ശോഷിച്ചു. എന്നാൽ അതുകൊണ്ടൊന്നും സോഫി തളർന്നില്ല. അവൾ ചികിത്സയെ ധീരമായി തന്നെ നേരിട്ടു. 

ചികിത്സയുടെ വമ്പൻ ചെലവ്  ക്രൗഡ് ഫണ്ടിംഗ് വഴിയാണ് കണ്ടെത്തിയത്. സോഫി സ്ട്രോങ്ങ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ സോഫിയക്കായി സഹായം പ്രവഹിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു വർഷത്തെ ചികിത്സ പൂർത്തിയായപ്പോൾ, കാൻസറിന്റെ നാലാം സ്റ്റേജിൽ നിന്നും ആ കുഞ്ഞ് ജീവൻ രക്ഷപ്പെട്ടു. 

കീമോ തെറാപ്പി വേളയിലെ മുടി മുഴുവൻ കൊഴിഞ്ഞ ഫോട്ടോ കയ്യിൽ പിടിച്ച് ചിരിക്കുമ്പോൾ ആ അവളുടെ തലയിൽ പുതിയ സ്വർണ്ണ നിറത്തിലുള്ള മുടി മുളച്ചിട്ടുണ്ട്. അതെ സോഫി പുതിയ ജീവിതത്തിലേക്ക് പിച്ച വയ്ക്കുകയാണ്. അവൾ പങ്കു വച്ച ഫോട്ടോ കണ്ട് സഹതാപം കാണിക്കുകയില്ല, അഭിമാനിക്കുകയാണ് വേണ്ടത് . 

Read more... Love and life, More stories, Style