മനുഷ്യർ ചതിക്കും,  70  വർഷമായി കൂട്ട് നായ്ക്കൾ മാത്രം!

പലപ്പോഴും തോന്നിയിട്ടില്ലേ മനുഷ്യരേക്കാൾ ഭേദമാണ് മൃഗങ്ങൾ എന്ന്, മനസ്സിൽ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാണിക്കുവാൻ അവർക്ക് അറിയില്ല, അസൂയയും കുശുമ്പും മനസ്സിൽ സൂക്ഷിക്കാൻ അറിയില്ല, പാര വയ്ക്കാനും പിന്നിൽ നിന്ന് കുത്താനും അറിയില്ല. അതുകൊണ്ട് തന്നെ മരണം വരെ അവർ യജമാനനെ സ്നേഹിച്ച കൂടെ കാണും. പട്ടിയോ പൂച്ചയോ മറ്റേതെങ്കിലും ജീവിയോ ആയിക്കൊള്ളട്ടെ, ഭക്ഷണം കൊടുത്ത് സംരക്ഷിക്കുന്ന വ്യക്തിയോട് അവർക്ക് ഒരു പ്രത്യേക മമതയും സ്നേഹവും ഉണ്ടാകുമെന്ന് തീർച്ച. 

ഈ ചിന്തയാണ് കൊൽക്കത്ത സ്വദേശിയായ ഉമാശങ്കർ ഗിരിരാജ് മഹാരാജിനെ, മനുഷ്യരിൽ നിന്നും ഒഴിഞ്ഞു മാറി നായ്ക്കൾക്കൊപ്പം ജീവിക്കുവാൻ പ്രേരിപ്പിച്ചത്. മനുഷ്യരുടെ കൂടെ ജീവിക്കുക എന്ന് പറഞ്ഞാൽ ഉമാശങ്കറിന്‌ ഭയമാണ്. പ്രായം  80 വയസ്സ് പിന്നിട്ടു, കഴിഞ്ഞ 70  വർഷത്തോളമായി മനുഷ്യരുമായി യാതൊരുവിധ ചങ്ങാത്തത്തിനും ഉമാശങ്കർ പോകുന്നില്ല. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ സംരക്ഷിക്കലാണ് പ്രധാന പരിപാടി.

നിലവിൽ 100  നായ്ക്കളാണ് ഉമാശങ്കറിനൊപ്പം കഴിയുന്നത്. ഇവർക്കായി ഉമാശങ്കർ ജോലി ചെയ്യും, ഭക്ഷണം ഉണ്ടാക്കി നൽകും. ദിവസവും മൂന്നു നേരം പാലും ചപ്പാത്തിയും ഇവർക്ക് നൽകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് അതെന്ന് ഉമാശങ്കർ പറയുന്നു. നായ്ക്കൾ എന്നെ വിട്ട് എവിടെയും പോകില്ല. അവർ എന്നെ ചുറ്റിപ്പറ്റി തന്നെ ദിനവും കാണും. 

വളർത്തിയ പെട്ടികളിൽ 25 ഓളം എണ്ണം പലവഴി പിരിഞ്ഞു പോയിട്ടുമുണ്ട്. ചിലത് ചത്തു പോയി, പക്ഷെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്, ഉമാശങ്കർ പറയുന്നു. തെരുവ് നായ്ക്കൾ തനിക്ക് ആവശ്യത്തിലേറെ സ്നേഹവും ശ്രദ്ധയും നൽകുന്നു എന്നും അത് ആയിരക്കണക്കിന് മനുഷ്യരെ കൊണ്ട് നൽകാനാവില്ല എന്നും ഉമാശങ്കർ പറയുന്നു.

Read More ...Love and life