അന്നു ജീവിക്കാന്‍ താറാവിനെ വളര്‍ത്തി; ഇന്ന് അവളുടെ മൂല്യം 50,000 കോടിയിലധികം !

സൗ കുന്‍ഫെയ്

അലാവുദീനും അല്‍ഭുതവിളക്കും പോലുള്ള കഥകളില്‍ നിധികള്‍ കണ്ടെത്തി അതിസമ്പന്നരായ നായകന്‍മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാഗ്യവും കഠിനാധ്വാനവും അസാമാന്യ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ മാത്രമേ ഒന്നുമില്ലായ്മയില്‍ നിന്ന് സത്യത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച് അതിസമ്പന്നരാകാന്‍ സാധിക്കൂ. അത്തരത്തിലൊരു കഥയാണിത്. ആരെയും പ്രചോദിപ്പിക്കും, ത്രില്ലടിപ്പിക്കും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കും ഈ കഥ.

ചൈനീസ് സ്വദേശിനിയാണ് നായിക. പേര് സൗ കുന്‍ഫെയ്. ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്നു പണ്ട്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ഇവരുടെ ആസ്തി കേട്ടാല്‍ ആരും ഞെട്ടും, തീര്‍ച്ച. അമ്പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ വരും സമ്പാദ്യം. കൃത്യമായി പറഞ്ഞആല്‍ 51,460 കോടി രൂപ. 

ഈ ഭൂമിയിലെ ഏറ്റവും സമ്പന്നയായ സ്വയം വളര്‍ന്നുവന്ന സ്ത്രീയാണ് സൗ കുന്‍ഫെയ് എന്നാണ് ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ സൂചിക പറയുന്നത്. ഫോബ്‌സും അത് ആവര്‍ത്തിക്കുന്നു. ആപ്പിള്‍, സാംസംഗ് തുടങ്ങിയ വമ്പന്‍ ഫോണുകള്‍ക്കുള്ള ഗ്ലാസ് കവറുകള്‍ ഉണ്ടാക്കുന്ന കമ്പനി നടത്തുകയാണ് കുന്‍ഫെയ്, പേര് ലെന്‍സ് ടെക്‌നോളജി. 47കാരിയായ ഈ സ്ത്രീ തന്നെയാണ് ഫോബ്‌സിന്റെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നു വന്ന വനിതാ കോടീശ്വരിയും. 

 

ഒന്നുമില്ലായ്മയിൽ നിന്നു തുടക്കം

ഒന്നുമില്ലാതെ ആയിരുന്നു കുന്‍ഫെയ്‌യുടെ തുടക്കം, അതു തന്നെയാണ് അവരുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതും. മധ്യ ചൈനയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു അവള്‍ വളര്‍ന്നത്. അഞ്ചു വയസായപ്പോഴേക്കും അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. അച്ഛന് ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടു. വ്യവസായ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അച്ഛന് ഒരപകടത്തില്‍പ്പെട്ടു കൈവിരലും നഷ്ടമായി. ഇങ്ങനെ ആകെ തിരിച്ചടികളുടെയും പ്രതിസന്ധിയുടെയും അന്തരീക്ഷത്തിലായിരുന്നു സൗ കുന്‍ഫെയ് വളര്‍ന്നു വന്നത്.

ജീവിക്കാന്‍ തന്നെ നന്നേ പാടുപെട്ട കാലമായിരുന്നു അതെന്ന് അവര്‍ ഓര്‍ക്കുന്നു. കുട്ടിയായി ഇരിക്കുമ്പോള്‍ തന്നെ ഭക്ഷണത്തിനു വേണ്ടി താറാവുകളെയും പന്നിയെയും വളര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടു സൗ കുന്‍ഫെയ്. അങ്ങനെ സ്വരുക്കൂട്ടി വച്ച പണം കൊണ്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 

സ്‌കൂളിനോട് ഗുഡ്‌ബൈ

16ാം വയസ്സില്‍ സ്‌കൂളിനോടു വിട പറയേണ്ടി വന്നു അവള്‍ക്ക്. പഠിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറിച്ച് കുടുംബത്തെ പോറ്റേണ്ടതുണ്ടായിരുന്നു. തുടര്‍ന്ന് കാശുണ്ടാക്കാനായി ഒരു ഫാക്റ്ററിയില്‍ ജോലിക്കു കയറി. വാച്ചുകളുടെ ലെന്‍സുകള്‍ ഉണ്ടാക്കുന്ന ആ ഫാക്റ്ററിയില്‍ ദിവസം ഒരു ഡോളര്‍ ആയിരുന്നു ശമ്പളം, ഇന്നത്തെ കണക്കുവെച്ച് നോക്കിയാല്‍ പോലും 64 രൂപ. അതിരൂക്ഷമായ ജോലി സാഹചര്യമായിരുന്നു ഫാക്റ്ററിയില്‍ ഉണ്ടായിരുന്നതെന്ന് സൗ കുന്‍ഫെയ് ഓര്‍ക്കുന്നു. രാവിലെ എട്ടു മണിക്ക് ജോലിക്കു കയറിയാല്‍ ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിയും. 

വഴിത്തിരിവ്

22ാമത്തെ വയസ്സിലാണ് സൗ കുന്‍ഫെയുടെ ജീവിതം തന്നെ മാറ്റി മറിച്ച വഴിത്തിരിവുണ്ടാകുന്നത്. സംരംഭകത്വം മാത്രമാണ് ജീവിതത്തില്‍ വലിയ ഉയര്‍ച്ച നേടാന്‍ പറ്റിയ വഴിയെന്ന് അവള്‍ തിരിച്ചറിഞ്ഞു. അങ്ങനെ കയ്യിലുണ്ടായിരുന്ന കഷ്ടിച്ചു സ്വരുക്കൂട്ടിയ 19,000 രൂപയും വച്ച് ചില ബന്ധുക്കളുടെ സഹായത്തോടെ അവള്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുറന്നു. വാച്ചുകളുടെ ലെന്‍സ് ഉണ്ടാക്കുന്ന സംരംഭമായിരുന്നു അത്. 

ഒരു വളരെ ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ തന്റെ സഹോദരങ്ങളോടും കമ്പനിയുടെ പങ്കാളികളോടും അവരുടെ കസിന്‍സിനോടും ഒപ്പമായിരുന്നു ജീവിതം. അവിടെ തന്നെ വച്ചായിരുന്നു കമ്പനിയുടെ ജോലികളും നടത്തിയത്. സ്ഥലമില്ലാതെ ആകെ ഞെരുങ്ങിയ പ്രവര്‍ത്തനങ്ങള്‍. ചെറിയ രീതിയില്‍ ആ കമ്പനി വളര്‍ന്നു വന്നു. എന്നാല്‍ ആ വളര്‍ച്ചയ്ക്ക് പരിമിതി ഉണ്ടായിരുന്നു, പിന്നീടായിരുന്നു ആ വഴിത്തിരിവ് സംഭവിച്ചത്. 

ബിസിനസിന്റെ സ്വഭാവം മാറ്റാന്‍ കുന്‍ഫെയ് തീരുമാനിച്ചു. മൊബൈൽ ഫോണുകള്‍ക്കായുള്ള ഗ്ലാസ് സ്‌ക്രീനുകള്‍ നിര്‍മിക്കുന്നത് വലിയ ബിസിനസ് അവസരമാണെന്ന് കണ്ടെത്തി. അതു കിടിലന്‍ സംരംഭമായി മാറി. ബിസിനസിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. മൊബീല്‍ ഫോണ്‍ വിപ്ലവം ലോകത്തുണ്ടായപ്പോള്‍ അതിന്റെ പ്രധാന ഗുണഭോക്താവായി മാറി ഈ സ്ത്രീ. 

മോട്ടോറോള ആയിരുന്നു ആദ്യമായി ബിസിനസ് ചെയ്യാന്‍ എത്തിയത്. പിന്നീട് എച്ച്ടിസി, നോക്കിയ, സാംസങ് തുടങ്ങിയവര്‍. ശേഷം സാക്ഷാല്‍ ആപ്പിളും 2007ല്‍ ഈ സ്ത്രീയെ തേടിയെത്തി. അങ്ങിനെയാണ് ഈ ശതകോടീശ്വരിയായ സംരംഭക ജനിച്ചത്. 

ഇന്ന് 32 ഫാക്റ്ററികളിലായി 74,000ത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്നു പണ്ട് താറാവുകളെ വളര്‍ത്തി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ആ പെണ്‍കുട്ടി. ഇതല്ലേ യഥാര്‍ത്ഥ ഹീറോയിസം!

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam