'പണത്തിനു വേണ്ടി വിവാഹമോചനം ചെയ്തെന്ന് ആരോപണം' , ചുട്ടമറുപടിയുമായി നടി

മലൈക അറോറ

പരസ്പരം ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്നു ബോധ്യം വന്നാൽ വിവാഹമോചിതരാവുക എന്നതു നാട്ടുനടപ്പാണ്. അക്കാര്യത്തിൽ സാധാരണ മനുഷ്യരുടേതു പോലെ തന്നെയാണ് സിനിമാമേഖലയിൽ തിളങ്ങുന്ന താരങ്ങളും. അതു തിരിച്ചറിയാതെ അവർ വിവാഹ മോചിതരാകുമ്പോൾ മാത്രം കുറ്റപ്പെടുത്താൻ ഉൽസാഹം കാണിക്കുന്നത് ഒട്ടും ഉചിതമല്ല. അത്തരത്തിൽ പെരുമാറുന്നവര്‍ക്ക് അപ്പോൾ തന്നെ ചുട്ടമറുപടി നൽകുകയും വേണം. വിവാഹമോചിതയായതിനെ കുറ്റപ്പ‌െടുത്തിയയാൾക്ക് അർഹിക്കുന്ന മറുപടി നൽകി താരമായിരിക്കുകയാണ് ബോളിവു‍ഡ് സുന്ദരി മലൈക അറോറ.

നാൽപത്തിമൂന്നുകാരിയായ മലൈക ഷോർട്ട്സ് ധരിച്ചു നിൽക്കുന്നൊരു ചിത്രം പങ്കുവച്ചിരുന്നു, ഇതിനു കീഴെയാണ് അപകീർത്തികരമായ കമന്റുകളുമായി ഒരാളെത്തിയത്. നടൻ അർബാസ് ഖാനുമായി മലൈക പിരിഞ്ഞതിനെയാണ് ഇയാൾ കുറ്റപ്പെടുത്തിയത്.

'ഈ സ്ത്രീകൾ ഇപ്പോൾ ഇങ്ങനെയാണ് ചെയ്യുന്നത്. പണക്കാരനായ ഒരുവനെ വിവാഹം കഴിക്കും പിന്നീട് വലിയൊരു ജീവനാശംത്തിനായി അയാളെ വിവാഹമോചനം ചെയ്യും. ശേഷം അയാൾ നൽകുന്ന പണത്തിൽ നിന്ന് അ‌ടിച്ചുപൊളിച്ചു ജീവിക്കും. നിങ്ങൾ സമ്പാദിക്കാൻ പ്രാപ്തയാണെങ്കിൽ പിന്നെന്തിനാണ് അവരിൽ നിന്നു ജീവനാംശം ഈടാക്കുന്നത്? '- ഇതായിരുന്നു ഫീൽഗുഡ്ഫാബ്രിക് എന്ന അക്കൗണ്ടിൽ നിന്നുള്ള ആദ്യ കമന്റ്. തൊട്ടു പുറകെ വന്നു അടുത്ത കമന്റ്. മലൈകയുടെ ജീവിതം ഇപ്പോൾ ഷോർട്ട്സ് ധരിച്ചു നടക്കുന്നതും ജിമ്മിലും സലൂണിലും പോകുന്നതും വെക്കേഷൻ ആസ്വദിക്കുന്നതുമാണ്. വേറെ ജോലി എന്തെങ്കിലും ഉണ്ടോ എന്നും അതോ ഭർത്താവിന്റെ പണംകൊണ്ടു സ്വയം പോറ്റുക എന്നതു മാത്രമാണോ എന്നും അയാൾ ചോദിച്ചു. 

മലൈക അറോറ അർബാസ് ഖാനൊപ്പം

എന്തായാലും തനിക്കെതിരെ ഇത്രയും നിന്ദ്യമായി സംസാരിച്ചയാളോ‌‌ടു ക്ഷമിച്ചു സമചിത്തത പാലിക്കാനൊന്നും മലൈക നിന്നില്ല. തന്റെ രോഷം അറിയിക്കും വിധത്തിൽ ചുട്ട മറുപടി തന്നെ താരം നൽകി. ഇത്തരം സംഭാഷണങ്ങളിൽ സാധാരണ താൻ ഇടപെടാറില്ലെന്നും കാരണം അതു തന്റെ മാന്യതയ്ക്കു ചേർന്നതല്ലെന്നും പക്ഷേ  ഇത്രയ്ക്കും പറഞ്ഞതുെകാണ്ടാണ് ഇടപെട്ടതെന്നും മലൈക പറഞ്ഞു. വെറുതെയിരുന്ന് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ട് വിധികൾ പുറപ്പെ‌ടുവിക്കുക എന്നതൊഴിച്ചാൽ തന്നെക്കുറിച്ച് അയാൾക്ക് ഒന്നും അറിയില്ല. താങ്കൾ പോയി പണി നോക്കൂ എന്നും അതല്ലാതെ താങ്കൾക്കു മറ്റൊന്നും ജീവിതത്തിൽ ചെയ്യാനില്ലെന്നും മലൈക പറഞ്ഞു. 

1998ൽ വിവാഹിതരായ മലൈകയും അർബാസും കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചിതരാകുന്ന വിവരം ലോകത്തെ അറിയിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇരുവരും നിയമപരമായി വിവാഹ മോചിതരാവുകയും ചെയ്തിരുന്നു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam