'പണത്തിനായി കുഞ്ഞിനെ തട്ടിയെടുത്തു, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു'

മബിയ മകൾക്കൊപ്പം

ആസിഡ് ആക്രമണങ്ങളുടെ കഥകളോരോന്നും പൊള്ളുന്ന ഓർമകളാണ് പങ്കുവെക്കുന്നത്. നിയമം മൂലം ആസിഡിന്റെ വിൽപന എത്ര കണ്ടു നിരോധിച്ചിട്ടും ഫലം ഉണ്ടാകുന്നില്ല. ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന ഇരയായി നിന്ന്  തന്റെ ജീവിതത്തിലെ ദുരന്ത കഥ വിവരിക്കുകയാണ് മബിയ മണ്ഡൽ എന്ന ഇരുപത്തിമൂന്നുകാരി. ബാല വിവാഹത്തിന്റെ രക്ത സാക്ഷികൂടിയാണ് മബിയ. 

15  വയസ്സ് പ്രായമുള്ളപ്പോഴാണ് മബിയ വിവാഹിതയാകുന്നത്. മബിയയെക്കാൾ ഇരട്ടി പ്രായമുണ്ടായിരുന്ന ഭർത്താവ് ഒരു കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്നു, തികഞ്ഞ മദ്യപാനിയും. വിവാഹസമയത്ത് മബിയയുടെ കുടുംബം നൽകിയ പണം ധൂർത്തടിച്ചു കളഞ്ഞ അയാൾ, കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിലാണ് സന്തോഷം കണ്ടെത്തിയിരുന്നത്. എന്നാല്‍ പക്വതയില്ലാതിരുന്ന മബിയക്ക് ജീവിതത്തിന്റെ ദിശ എങ്ങോട്ടാണ് എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടായിരുന്നില്ല. 

വിവാഹം കഴിഞ് ഒരു വർഷത്തിനുള്ളിൽ മബിയക്ക് ഒരു മകൾ ജനിച്ചു, അനീഷ. അതോടെ കാര്യങ്ങൾ ശരിയായ രീതിയിലാകും എന്നു കരുതിയെങ്കിലും നടന്നില്ല. ഭർത്താവ് റസാഖ് മദ്യപാനം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ ഒന്നേമുക്കാൽ വയസ്സ് പ്രായം മാത്രമുള്ള മകൾ അനീഷയെ അയാൾ തട്ടിക്കൊണ്ടുപോയി. പണം തന്നാൽ മാത്രമേ കുഞ്ഞിനെ വിട്ടു നൽകൂ എന്ന് റസാഖ് മബിയയുടെ കുടുംബത്തോട് പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കാൻ നിർവാഹമില്ലാതെ മബിയ പൊലീസിൽ കേസ് നൽകി. 

പോലീസ് ഇടപെട്ടു കുഞ്ഞിനെ കണ്ടെത്തുമ്പോൾ രണ്ടു ദിവസം കഴിഞ്ഞിരുന്നു. ഈ രണ്ടു ദിവസവും റസാഖ് കുഞ്ഞിന് ഭക്ഷണം നൽകിയിരുന്നില്ല. കുഞ്ഞിന്റെ ശരീരം നീരു വച്ചിരുന്നു. ഒപ്പം നല്ല പനിയും ഉണ്ടായിരുന്നു. വീണ്ടെടുത്ത കുഞ്ഞിനെ ചികിൽസിച്ചു സുഖപ്പെടുത്തിയ ശേഷം മബിയ കുഞ്ഞുമായി തന്റെ വീട്ടിലേക്കു പോയി. റസാഖ് ഏതു നിമിഷവും തേടി വരും എന്ന ഭയത്താൽ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീട് അടച്ചിട്ടാണ് അവർ കഴിഞ്ഞിരുന്നത്, എന്നിട്ടും ഒരുനാൾ അത് സംഭവിച്ചു. 

മബിയ ആസിഡ് ആക്രമണത്തിനു മുമ്പും ശേഷവും

മബിയയുടെ അച്ഛൻ സാധങ്ങൾ വാങ്ങാൻ പുറത്തു പോയപ്പോൾ വാതിൽ അടയ്ക്കാൻ മറന്നിരുന്നു. അകത്ത് മബിയയും മകളും ഉറങ്ങിക്കിടക്കുകയായിരുന്നു. അകത്ത് കടന്ന റസാഖ് മബിയയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, എന്താണ് തനിക്ക് സംഭവിക്കുന്നതെന്നു മനസിലാക്കാൻ ആദ്യം മബിയ്ക്കായില്ല. ഫാൻ പൊട്ടി മുഖത്തു വീണതാണ് എന്നാണ് കരുതിയത്. ബോധം മറഞ്ഞ മബിയയെ ആരോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പിന്നീടു ദിവസങ്ങൾ കഴിഞ്ഞാണ് മബിയയ്ക്കു ബോധം വന്നത്. അപ്പോൾ കണ്ണാടിയിൽ കണ്ട രൂപം താൻ ആണെന്ന് വിശ്വസിക്കാൻ അവൾക്കായില്ല. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കൺപോളകൾ എരിഞ്ഞടങ്ങി, മുടിയാകെ പോയി, ചുണ്ടുകളും മൂക്കും ഇല്ല. കയ്യിൽ ഉള്ള സകല സാധനങ്ങളും വിറ്റു പെറുക്കി മബിയയുടെ അച്ഛൻ അവളെ ചികിൽസിച്ചു. ഏകദേശം 24  ശസ്ത്രക്രിയകൾ നടത്തിയെങ്കിലും പൂർണമായും മുഖം തിരിച്ചു കിട്ടിയില്ല. 

മകൾ അനീഷയ്ക്ക് ഇന്ന് 6  വയസ്സു കഴിഞ്ഞു. അവളുടെ മുഖം പോലും വേണ്ട രീതിയിൽ കാണാൻ മബിയക്ക് ആയിട്ടില്ല. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ആൺതുണ മാത്രം ലക്ഷ്യം വച്ചു നടത്തിയ ഒരു വിവാഹത്തിന്റെ പരിണിതഫലമാണിത്. ഈ ജന്മം മുഴുവൻ ഇങ്ങനെ നീറി നീറി ജീവിക്കാനാണ് മബിയയുടെ വിധി. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam