മകന്റെ കാര്യത്തിൽ സംശയം, ഒടുവിൽ പരിശോധിച്ചപ്പോഴോ !

ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്

ഞാനല്ല, എന്റെ ഗർഭം ഇങ്ങനെയല്ലാ.. സിനിമാ രംഗത്തെ തമാശ ആസ്വദിച്ച് ചിരിച്ചവരാണ് നമ്മൾ. എന്നാൽ ഇതേ രംഗം ജീവിതത്തിൽ അനുഭവിക്കേണ്ടിവരികയും അതിനെച്ചൊല്ലി ചങ്കുതകർന്ന് അലയുകയും ചെയ്യുകയാണ് ചൈനയിൽ മൂന്നുപേർ. മകന്റെ സൗന്ദര്യക്കൂടുതലാണ് എല്ലാത്തിന്റെയും ഹേതു. തനിക്ക് ഇത്ര സൗന്ദര്യമുള്ള മകനുണ്ടാകില്ലെന്ന ഒരു പിതാവിന്റെ സംശയത്തിൽ തുടങ്ങുന്നു പ്രശ്നങ്ങൾ. സാങ് എന്ന പേരിലൂടെ മാത്രം ചൈനീസ് മാധ്യമങ്ങളിൽ അറിയപ്പെടുന്ന വീട്ടമ്മ 28 വയസ്സുകാരനായ മകൻ വാങ് യെയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്, പിതൃത്വത്തിലെ സംശയം കാരണം ഭർത്താവ് ഉപേക്ഷിച്ചതിനാലാണ്. ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. മകൻ സാങ്ങിന്റെയുമല്ല, ഭർത്താവിന്റെയുമല്ല!

ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്

‘മകന് വലിയ കണ്ണുകളാണ്. മൂക്കിന്റെ പാലത്തിന് നല്ല വലിപ്പമുണ്ട്. എന്റെ ഭർത്താവ് അത്ര സുന്ദരനല്ല, ഇവർ രണ്ടുപേരും തമ്മിൽ ഒരു സാമ്യവുമില്ല’– സാങ് തന്നെ പറയുന്നു. മകന്റെ ചെറു പ്രായം മുതലേ ഭർത്താവിന് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. പലരും പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോൾ അത് ഏറി. ഭാര്യ വഞ്ചിച്ചതായിത്തന്നെ അദ്ദേഹം ഉറപ്പിച്ചു. ഡിവോഴ്സ് ചെയ്യുന്നതിനു പകരം ഡിഎൻഎ ടെസ്റ്റാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇക്കാലമത്രയും നിഷേധിച്ച സാങ് ഒടുവിൽ സമ്മതംമൂളുകയായിരുന്നു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സത്യം പുറത്തായത്.

വിശ്വാസം പോരാതെ മകൻ വാങ് വീണ്ടും വേറൊരിടത്തുനിന്ന് ഡിഎൻഎ ടെസ്റ്റ് നടത്തി. ഫലം പക്ഷേ മാറിയില്ല. അതോടെ വലിയ വൈകാരിക സ്ഫോടനം തന്നെയായി ഇവർക്കിടയിൽ. 28 വർഷം മകനായി ജീവിച്ചയാൾക്ക് രക്തബന്ധംപോലുമില്ലെന്നറിഞ്ഞ അമ്മ, താൻ പ്രസവിച്ച ആശുപത്രി തേടിയിറങ്ങി. 1989 ഫെബ്രുവരിയിലാണ് സാങ് ഇവിടെ ഒരു കുഞ്ഞിനു ജൻമം നൽകിയത്.  അമ്മയും മകനും ഷാങ്ഹായ് ഫസ്റ്റ് മറ്റേണിറ്റി ആൻഡ് ഇൻഫന്റ് ഹോസ്പിറ്റലിൽ എത്തി. എന്നാൽ ആശുപത്രിയിൽനിന്ന് അനുകൂലമായ യാതൊരു വിശദീകരണവും ലഭിച്ചില്ല. അത്രയും പഴയ രേഖകളൊന്നും ലഭ്യമല്ലെന്നു പറഞ്ഞു കൈമലർത്തുകയായിരുന്നു. 

1989 ഫെബ്രുവരിയിൽ ജനിച്ച ആൺകുട്ടി സാങ്ങിന്റെയും ഭർത്താവിന്റെയും ഛായയുള്ള ആൺകുട്ടി ഈ തെളിവു മാത്രംവച്ച് അവർ യഥാർഥ കുട്ടിയെ കണ്ടുപിടിക്കുമോ.. പിടിക്കുമായിരിക്കും അല്ലേ..

Read more: Malayalam Lifestyle Magazine