ഇപ്പോഴും വിവാഹകാര്യത്തിൽ പരിഗണിക്കപ്പെടുന്നത് പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം, അമിതാഭ് ബച്ചന് മുന്നിൽ സധൈര്യം അർച്ചന 

ബിഗ് ബിയുടെ മുന്നിൽ ഇരുന്നു സധൈര്യം സ്ത്രീ സമൂഹത്തിനു വേണ്ടി സംസാരിച്ച അർച്ചനയുടെ വാദങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി

സ്ത്രീ പുരുഷ സമത്വവാദങ്ങൾ ഒരിടത്ത് ചർച്ചയാകുമ്പോൾ, ഇപ്പോഴും പല ഇന്ത്യൻ ഗ്രാമങ്ങളിലും പുരുഷമേധാവിത്വം തന്നെയാണ് നിലനിൽക്കുന്നത് എന്ന് ഉദാഹരണ സഹിതം സാക്ഷാൽ അമിതാഭ് ബച്ചനെ സാക്ഷിയാക്കി വിളിച്ചു  പറയുകയാണ് ഉത്തർ പ്രദേശിലെ ഫൂൽപൂർ സ്വദേശിനി അർച്ചന വിജയ്. ബോളിവുഡ് താരം  അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ കരോട്പതി എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് മത്സരാർഥികൂടിയായ അർച്ചന സ്ത്രീ പുരുഷ അസമത്വത്തെക്കുറിച്ച്‌ വാചാലയായത്. 

ബിഗ് ബിയുടെ മുന്നിൽ ഇരുന്നു സധൈര്യം സ്ത്രീ സമൂഹത്തിനു വേണ്ടി സംസാരിച്ച അർച്ചനയുടെ വാദങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് സത്യം . പുരുഷകേന്ദ്രീകൃത സമൂഹത്തിന്റേതായി അർച്ചന ചൂണ്ടിക്കാണിച്ച കാര്യങ്ങളെ ബിഗ് ബിയും ഉൾക്കൊണ്ടു. സ്ത്രീ പുരുഷ അസമത്വത്തിന്റേതായി അർച്ചന ആദ്യമായി ചൂണണ്ടിക്കാണിച്ച ഉദാഹരണം വിവാഹം തന്നെയായിരുന്നു. 

പല ഇന്ത്യൻ ഗ്രാമങ്ങളിലും ഇപ്പോഴും വിവാഹ കാര്യത്തിൽ മുഖവിലയ്‌ക്കെടുക്കുന്നത് പുരുഷന്റെ മാത്രം ഇഷ്ടാനിഷ്ടങ്ങൾ ആണ്. ചെറുക്കന് പെണ്ണിനെ ഇഷ്ടമായോ എന്നല്ലാതെ , പെണ്ണിന് ചെറുക്കനെ ഇഷ്ടമായോ എന്ന് ചോദിച്ചുകൊണ്ട് നടക്കുന്ന വിവാഹങ്ങൾ വിരളമാണ് എന്ന് അർച്ചന പറയുന്നു. പഠനം മുതൽ ജോലി വരെ എല്ലാകാര്യങ്ങളിലും സ്ത്രീ പുരുഷന് പിന്നിലായി വരണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് ഇന്നും നിലനിൽക്കുന്നത് എന്നാണ് അർച്ചനയുടെ പക്ഷം. 

അത് ശരിയാണ് എന്ന് ബിഗ് ബിയും ശരി വച്ചു. തന്റെ വ്യക്തി ജീവിതത്തിൽ നിന്നും സ്വയം മനസിലാക്കിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് അർച്ചന സംസാരിച്ചത്. തന്റെ അമ്മാവനും അച്ഛനും ഉൾപ്പെടുന്ന സമൂഹം വരെ ഇപ്പോഴും തീർത്തും പുരുഷാധിപത്യപരമായി ചിന്തിക്കുന്നവരാണ് എന്ന് അർച്ചന വ്യക്തമാക്കി . ഇന്നേക്ക് 25  വര്ഷം മുൻപും സ്ത്രീകൾ ജോലി ചെയ്തിരുന്നു. അവർ സ്വന്തം വീടുകളിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇന്ന് അവർ സ്മാർട്ട് ആയി ജോലി ചെയ്യുന്നു, അവരുടെ വരുമാനം കണ്ടെത്താൻ.  ഇത് നല്ലതാണ്. ഇത്തരം പ്രവണതകളെയാണ് നാം വളർത്തിയെടുക്കേണ്ടത്, അർച്ചനയുടെ അഭിപ്രായത്തിനു മുന്നിൽ സദസ്സും  ബിഗ് ബിയും ഒരുമിച്ചു കൈയ്യടിച്ചു.

Read more; Love and life, Lifestyle