ഇരുപത് വർഷങ്ങളായി അച്ഛൻ ഒരേ ടീ ഷർട്ട് ഇടുന്നതിന്റെ കാരണമിതാണ്, കണ്ണ് നിറയ്ക്കും ഈ മകളുടെ വെളിപ്പെടുത്തൽ 

അമ്മയെ ജീവനിലേറെ സ്നേഹിക്കുന്ന അച്ഛൻ, അവരുമൊത്തുള്ള നല്ല ദിനങ്ങളുടെ ഓർമയിൽ നിധിപോലെ സൂക്ഷിക്കുന്ന ഒന്നാണ് ആ ഷർട്ട്

ജപ്പാൻ  സ്വദേശിനായ റിയ എന്ന യുവതി കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അകൗണ്ടിലൂടെ ഒരു കഥ പറഞ്ഞു, കേട്ട് മടുക്കുന്ന ഒരു കെട്ടുകഥയല്ല, മറിച്ച് തന്റെ അച്ഛന്റെ ജീവിതത്തിലെ ഒരു അദ്ധ്യായം. ഓർമ വച്ച കാലം മുതൽക്ക് 24  കാരിയായ റിയ കാണുന്നത് പച്ച നിറത്തിലുള്ള പോളോ ടീ ഷർട്ട് ധരിച്ച അച്ഛനെയാണ്. ഏകദേശം 20 വർഷത്തോളമായി അദ്ദേഹം ഈ ഷർട്ട് ധരിക്കുന്നു. ടീ ഷർട്ടിനു കാലപ്പഴക്കം ഉണ്ടെങ്കിലും, ദ്വാരങ്ങൾ വീണിട്ടുണ്ട് എങ്കിലും അദ്ദേഹം അത് ഉപേക്ഷിക്കാൻ തയ്യാറല്ല. 

എന്നാൽ എന്തുകൊണ്ടാണ് തന്റെ പിതാവ് ഈ ഷർട്ട് ഉപേക്ഷിക്കാതെ നെഞ്ചോട് ചേർത്തു വയ്ക്കുന്നത് എന്ന് ഒരിക്കൽ പോലും അന്വേഷിക്കാൻ റിയക്ക് തോന്നിയില്ല. റിയ ആ കഥ അറിയണം എന്നത് ഒരു പക്ഷെ കാലത്തിന്റെ അനിവാര്യതയായിരുന്നു. ഒരിക്കൽ തന്റെ അപ്പൂപ്പന്റെ വീട് വൃത്തിയാക്കുന്നതിനിടക്ക് റിയക്ക് തന്റെ അച്ഛന്റെയും അമ്മയുടെയും മധുവിധുകാലത്തെ ചില ചിത്രങ്ങൾ കിട്ടി. ഏറെ സന്തോഷത്തോടെ കാമറയിലേക്ക് നോക്കി ചിരിക്കുന്ന യുവാവായ അച്ഛൻ ധരിച്ചിരിക്കുന്നത്, ഇപ്പോഴും അദ്ദേഹം ഉപയോഗിക്കുന്ന പോളോ ടീ ഷർട്ട് ആണ്. 

കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ റിയക്ക് കാര്യം മനസ്സിലായി. തന്റെ മരിച്ചു പോയ അമ്മയെ ജീവനിലേറെ സ്നേഹിക്കുന്ന അച്ഛൻ, അവരുമൊത്തുള്ള നല്ല ദിനങ്ങളുടെ ഓർമയിൽ നിധിപോലെ സൂക്ഷിക്കുന്ന ഒന്നാണ് ആ ഷർട്ട്. വീട്ടിലും ജീവിതത്തിലും എന്ത് നല്ല കാര്യം നടന്നാലും അദ്ദേഹം ധരിക്കുക ആ ഷർട്ടാണ്. കാലപ്പഴക്കം കൊണ്ടുണ്ടായ ദ്വാരങ്ങൾ അദ്ദേഹം തന്നെ സൂചികൊണ്ട് തയ്ക്കും. തന്റെ അച്ചന് അമ്മയോടുള്ള അടങ്ങാത്ത സ്നേഹമാണ് ആ ടീ ഷർട്ടിനു പിന്നിൽ എന്ന് മനസിലാക്കിയ റിയ, അഛന്റെ ആ കാലത്തിൽ സന്തോഷിക്കുന്നു എന്ന് പറഞ്ഞു. 

അപ്പൂപ്പന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ അച്ഛന്റെയും അമ്മയുടെയും മധുവിധുകാല ചിത്രങ്ങൾക്കൊപ്പം, അത്രേ ടീ ഷർട്ട് ധരിച്ച അച്ഛന്റെ ഇപ്പോഴത്തെ ചിത്രവും റിയ പങ്കുവച്ചു. ഇരുപത് വർഷങ്ങളായി അച്ഛൻ ഒരേ ടീ ഷർട്ട് ഇടുന്നതിന്റെ കാരണം വ്യക്തമാക്കിയുള്ള  കഥ പങ്കുവച്ച് തീരും മുൻപ്, ട്വിറ്റർ ഫോളോവേഴ്സ് റിയയുടെ പോസ്റ്റിനു കീഴെ ഇങ്ങനെ ഒരു അച്ഛനെ ലഭിച്ചതിൽ അഭിമാനിക്കണം എന്ന കുറിപ്പുകൾ കൊണ്ട് മൂടി. 

Read more: Viral stories in Malayalam