Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ മകൻ സ്വവർഗാനുരാഗിയാണ്, അതിനർത്ഥം ഇക്കൂട്ടർക്ക് സ്പെഷ്യൽ സ്‌കൂൾ വേണമെന്നല്ല'

Padma Iyer with Hareesh Iyer തന്റെ മകൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട്, അന്നും ഇന്നും ഈഅമ്മ വ്യത്യസ്തമാകുകയാണ്

സ്വർഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്ക് ജീവിത പങ്കാളിയായി ഒരു വ്യക്തിയെ വേണം എന്ന് പറഞ്ഞു പദ്മ അയ്യർ എന്ന ഈ 'അമ്മ നൽകിയ പത്ര പരസ്യം ജനശ്രദ്ധ നേടുന്നത് മൂന്നു വർഷങ്ങൾക്ക് മുൻപാണ്, പരസ്യപ്രകാരം, ഹരീഷിന് സ്വവർഗാനുരാഗിയായ ഒരു പങ്കാളിയെ കിട്ടിയോ ഇല്ലയോ എന്നത് രണ്ടാമത്തെക്കാര്യം. അതുവരെ അധികമാരും ചർച്ച ചെയ്യപ്പെടാതിരുന്നിരുന്ന ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തെ പറ്റിയുള്ള ചർച്ചകൾക്ക് തിരി തെളിയിക്കുകയായിരുന്നു. ഈ 'അമ്മ നൽകിയ പത്ര പരസ്യം. 

സ്വന്തം മകൻ അല്ലെങ്കിൽ മകൾ സ്വവർഗാനുരാഗിയോ മൂന്നാംലിംഗത്തിൽ പെട്ടവരോ ആണ് എന്ന് മനസിലാക്കുന്ന ആ നിമിഷം തന്നെ, ആ കുട്ടി വീടിനു അപമാനമാണ് എന്ന് കരുതി കറക്ടീവ് റേപ്പ് ഉൾപ്പെടെയുള്ള ക്രൂര കൃത്യങ്ങളിലേക്ക് കടക്കുന്ന മാതാപിതാക്കൾക്കുള്ള ഈ സമൂഹത്തിൽ, തന്റെ മകൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട്, അന്നും ഇന്നും ഈ 'അമ്മ വ്യത്യസ്തമാകുകയാണ്. 

padma-hareesh

''എന്റെ മകൻ ഒരു സ്വവർഗാനുരാഗിയാണ്. അതിന്റേതായ എല്ലാ പ്രശ്ങ്ങളും ഒറ്റപ്പെടലുകളും ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്ന് കരുതി, ലൈംഗീക ന്യൂനപക്ഷത്തിൽപ്പെട്ടവർക്ക് പ്രത്യേകമായി സ്‌കൂൾ ആരംഭിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല, അവർ നമ്മളിൽ ഒരാളായി നിന്നുകൊണ്ട് വിദ്യഭ്യാസം നേടണം. സ്ത്രീക്കും പുരുഷനും എന്ന പോലെ വിദ്യാഭ്യാസത്തിനും ജോലിക്കും നല്ല ജീവിതത്തിനുമെല്ലാം അവർക്കും അവകാശമുണ്ട് '' മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ എൽ ജി ബിറ്റ് റ്റി ആക്റ്റിവിസ്റ്റ് കൂടിയായ പദ്മ അയ്യർ വ്യക്തമാക്കുന്നു .

1 . ലൈംഗീക ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ പുരോഗമിക്കുന്നുണ്ടോ ?

ഒരിക്കലുമില്ല. അതിൽ എനിക്ക് അമർഷമുണ്ട് . എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച്, ഈ വിഭാഗത്തിൽപ്പെട്ടവർ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരായിട്ടുണ്ട്. അവർക്ക് അവരുടേതായ മേഖലയിൽ ഒരു ഐക്യം കൈവന്നിട്ടുണ്ട്. പലകാര്യങ്ങൾക്കും വേണ്ടി ഒരുമിച്ചു നിന്ന് പ്രവർത്തിക്കുന്നുണ്ട്. ഒരിക്കലും, പെട്ടന്ന് ഒരു ദിവസം കൊണ്ട് ഈ രംഗത്ത് മാറ്റം വരുത്താനാകില്ല. എന്നാൽ പലതുള്ളി പെരുവെള്ളം എന്ന പോലെയുള്ള സമീപനം കൊണ്ട്, പതിയെ മാറ്റങ്ങൾ വരും എന്നാണ് എനിക്ക് തോന്നുന്നത്. 

padma

2. കേരളത്തിൽ മൂന്നാംലിംഗക്കാർക്കായി അടുത്തിടെ ഒരു പ്രത്യേക സ്‌കൂൾ തുടങ്ങുന്ന ശ്രദ്ധയിൽ പെട്ടിരുന്നോ? 

ശ്രദ്ധിച്ചിരുന്നു. എന്നാൽ ആ ശ്രമം തീർത്തും അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. ലൈംഗീക ന്യൂനപക്ഷത്തെ ഒരു മതിൽകെട്ടി ഒറ്റപ്പെടുത്തേണ്ടതില്ല. സ്ത്രീയും പുരുഷനും എന്ന പോലെ അവരും ഒരു ജനവിഭാഗമാണ്. സ്ത്രീക്കും പുരുഷനും ഉള്ള എല്ലാ അവകാശങ്ങളും അവർക്കുമുണ്ട്. അത് പഠനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരിക്കലും സ്‌പെഷ്യൽ സ്‌കൂൾ നിർമിച്ച് മാറ്റി ഇരുത്തിയല്ല ഇവരെ പഠിപ്പിക്കേണ്ടത് 

3. എൽജിബിറ്റി വിഭാഗത്തിന്റെ ഉന്നമനത്തിനായി മറ്റു രാജ്യങ്ങളിൽ നിന്നും സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ?

ഇക്കാര്യത്തിൽ നമുക്ക് അയർലണ്ടിനെ മാതൃകയാക്കാവുന്നതാണ്. അവരുടെ പ്രധാനമന്ത്രി തന്നെ ഒരു ഗേ ആണ് എന്നതിൽ നിന്നും ആ രാജ്യക്കാർ എങ്ങനെയാണ് എൽജിബിറ്റി വിഭാഗത്തെ ബഹുമാനിക്കുന്നത് എന്ന് മനസിലാക്കാം. അത്തരത്തിൽ ഒരു സമീപനം വന്നാൽ മാത്രമേ നമ്മുടെ രാജ്യവും ഈ രംഗത്ത് പുരോഗമിക്കുകയുള്ളൂ 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam