സ്വപ്നം കാണാൻ പഠിപ്പിച്ച ആ വലിയ അപകടം, തകർന്നടിഞ്ഞിട്ടും വിജയക്കുതുപ്പിൽ പാകിസ്ഥാന്റെ ഉരുക്കു വനിത

വീൽചെയറിൽ ഇരുന്നുകൊണ്ട് ലോകത്തിനു മുഴുവൻ പ്രചോദനമാകുകയാണ് മുനീബ മസാരി

ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തകളുള്ള ചില വ്യക്തികൾ. ആ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് പാകിസ്ഥാനി വനിതയായ മുനീബ മസാരി.

തികച്ചും സാധാരണക്കാരായ പാകിസ്ഥാനി മാതാപിതാക്കളുടെ മകളായി ജനിച്ച്, യാഥാസ്ഥിതിക കുടുംബത്തിൽ, ഏറെ വിലക്കുകളോടെ വളർന്ന മുനീബ ജീവിതത്തിൽ ഏറെ കയ്പുനീരുകൾ കുടിച്ചു. നട്ടെല്ല് തകർന്നു, ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവച്ഛവമായി കിടന്ന അവസ്ഥ. അവിടെ നിന്നാണ് ആത്മവിശ്വാസത്തിന്റെ ഉൾക്കരുത്തിൽ മുനീബ എന്ന ഫീനിക്സ് പക്ഷി പറന്നുയർന്നത്. നിറമുള്ള ലോകം അവളെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ലോകത്തിനു മുഴുവൻ പ്രചോദനമാകുകയാണ് പെയ്ന്റർ, മോഡൽ, മോട്ടിവേഷണൽ സ്പീക്കർ, യു എന്നിൽ പാകിസ്ഥാനെ പ്രതിനിധാനം ചെയ്യുന്ന വനിത കൂടിയായ മുനീബ മസാരി. അടുത്തറിയാം പാകിസ്ഥാന്റെ ഈ ഉരുക്കു വനിതയെ ....

ലൈഫ് ഈസ് എ റോളർ കോസ്റ്റർ റൈഡ് 

മുനിബ മസാരിയെ സംബന്ധിച്ചിടത്തോളം, ജീവിതം ഒരു റോളർ കോസ്റ്റർ റൈഡ് പോലെ ഒട്ടേറെ കയറ്റിറക്കങ്ങൾ ഉള്ളതായിരുന്നു എന്നതാണ് യാഥാർഥ്യം. മാതാപിതാക്കളുടെ തീരുമാനങ്ങൾക്ക് എതിരുപറയാതെ, സ്വന്തം ആഗ്രഹങ്ങൾ മനസ്സിൽ ഒളിപ്പിച്ചായിരുന്നു മുനീബ കരിയറും ജീവിതവുമെല്ലാം മുന്നോട്ടു കൊണ്ട് പോയത്. മാതാപിതാക്കൾ പറയുന്നത് എന്തുതന്നെ ആയാലും ഒരക്ഷരം എതിർക്കാതെ അംഗീകരിക്കുക എന്നതായിരുന്നു കുടുംബ തത്വം. അതുകൊണ്ട് തന്നെ പതിനെട്ടാം വയസ്സിൽ വന്ന വിവാഹ ആലോചന, വീട്ടുകാർ ഉറപ്പിച്ചപ്പോൾ അതിനെ എതിർക്കാനുള്ള കറുത്ത മുനീബയ്ക്ക് ഉണ്ടായിരുന്നില്ല.  

ഏകപക്ഷീയമായി തീരുമാനിക്കപ്പെടുന്ന ഏതൊരു വിവാഹത്തെയും പോലെ തന്നെ മുനീബയുടെ വിവാഹവും ഒരു പരാജയമായിരുന്നു. പരസ്പരം മനസിലാക്കാതെ തന്നെ അവർ ജീവിച്ചു. ഒരു പെൺകുട്ടി എന്നതിനപ്പുറം മുനീബയുടെ വ്യക്തിത്വം, ആഗ്രഹങ്ങൾ, ലക്‌ഷ്യം എന്നിവയെക്കുറിച്ചൊന്നും ഭർത്താവിന് അവഗാഹം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അതെല്ലാം അറിയുന്നതിനായി അദ്ദേഹം ശ്രമിച്ചില്ല എന്ന് പറയുന്നതാകും ശരി.

സ്വപ്നം കാണാൻ പഠിപ്പിച്ച കാർ അപകടം 

വിവാഹജീവിതത്തിന്റെ രണ്ടാം വർഷമാണ് തീർത്തും അവിചാരിതമായി കാർ അപകടത്തിന്റെ രൂപത്തിൽ ദുരന്തം മുനീബയുടെ ജീവിതത്തിലേക്ക് വരുന്നത്. ഭർത്താവായിരുന്ന കാർ ഓടിച്ചിരുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ എപ്പോഴോ അദ്ദേഹം ഒന്ന് ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ, വാഹനം നിയന്ത്രണം വിട്ടു അപകടത്തിലേക്ക് പോകുകയാണ് എന്ന് മനസിലാക്കിയ അദ്ദേഹം, കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ചാടി. എന്നാൽ തന്റെ ഭർത്താവ് ചെയ്തത് പോലെ ചെയ്യുവാനുള്ള ധൈര്യവും മനഃസാന്നിധ്യവും മുനീബയ്ക്ക് ഇല്ലായിരുന്നു. ഡ്രൈവർ ഇല്ലാതെ മുന്നോട്ടു പോയ കാർ അപകടത്തിൽ പെട്ടു. ഒരു മനുഷ്യന് വരാവുന്ന ദുരന്തങ്ങൾ എല്ലാംകൂടി, അതിൻറെ ക്രൂര ഭാവത്തിൽ മുനീബയെ തേടി എത്തി എന്നതാണ് ശരി. 

ഇടുപ്പ് എല്ല്, വാരിയെല്ലുകൾ, നട്ടെല്ല് എന്നിവ ഒടിഞ്ഞു തകർന്നിരുന്നു. അപകടസ്ഥലത്ത് ഓടിക്കൂടിയവർ മുനീബയെ ആശുപത്രിയിൽ എത്തിച്ചു. രണ്ടരമാസത്തോളം ആശുപത്രിയിലെ വാസം. എന്താണ് തന്റെ ശരീരത്തിന് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥ. ആകെ ഒരു മരവിപ്പ്. ശരീരത്തിനുള്ള ആ മരവിപ്പ് പതിയെ മനസിനെയും ബാധിച്ചു  തുടങ്ങിയിരുന്നു. എങ്കിലും പ്രതീക്ഷ പൂർണമായും കൈവിടാതെ താൻ ആശുപത്രിക്കിടക്കയിൽ നിന്നും മോചിതയാകുന്നു ദിനം മുനീബ സ്വപ്നം കണ്ടു. എന്നാൽ ആ പ്രതീക്ഷകൾ ആസ്ഥാനത്താക്കിക്കൊണ്ടാണ് അടുത്ത ദിവസം ഡോക്ടർ മുനീബയെ കാണാനായി എത്തിയത്. 

ഇറിയൊരിക്കലും നടക്കാനാവില്ല, അമ്മയാകാനാവില്ല 

വളരെ വിഷമത്തോടെയാണ്  ഡോക്ടർ ആ വലിയ സത്യം പറഞ്ഞത്. 'നിങ്ങൾ ചിത്രകാരിയാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എന്ന് ഞാൻ അറിഞ്ഞു, എന്നാൽ നിങ്ങൾക്ക് ഏറ്റ പരിക്ക്, കൈകളുടെ സ്വാധീന ശക്തിയെ വലിയതോതിൽ തന്നെ ബാധിച്ചിട്ടുണ്ട്. ഇനി ചിത്രം വരയുടെ ലോകം നിങ്ങൾക്ക് അന്യമാണ്'' ഡോക്ടർ പറഞ്ഞു നിർത്തുമ്പോൾ മുനീബയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഇടുപ്പെല്ലിനേറ്റ ക്ഷതം ചികിൽസിച്ചു ഭേദമാക്കാൻ ആവില്ല, അതിനാൽ തന്നെ നിങ്ങൾക്ക് ഇനി എഴുന്നേറ്റു നടക്കാനാവില്ല . അദ്ദേഹം തുടർന്നു. 

നടക്കാൻ കഴിയില്ല എന്ന് പറഞ്ഞെങ്കിലും എന്നിൽ മുനീബയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഡോക്ടർ പറഞ്ഞ കാര്യം ആ വനിതയെ തളർത്തി. നട്ടെല്ലിന് ക്ഷതം ഏറ്റതിനാൽ മുനീബയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്നായിരുന്നു അത്. അമ്മയാവാനാകില്ല എന്ന സത്യം, മുനീബയെ തളർത്തി. അന്നവർ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു. 20  വയസ്സുമാത്രമായിരുന്നു അന്നവരുടെ പ്രായം എന്നത് ഓർത്തിരിക്കുക. 

സംയമനത്തിന്റെ നാളുകൾ, സന്തോഷത്തോടെ വിവാഹമോചനം 

പിന്നീട് സംയമനത്തിന്റെ നാളുകളായിരുന്നു. എങ്ങനെ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന ചിന്തയിൽ നിന്നും അവൾ ജീവിതത്തെ സ്നേഹിച്ചു തുടങ്ങി. സഹോദന്മാരോട് പറഞ്ഞു, ചായക്കൂട്ടുകൾ വാങ്ങിപ്പിച്ചു. വീൽ ചെയറിൽ ഇരുന്നുകൊണ്ട് ചിത്രരചനാ ആരംഭിച്ചു. മുനീബ നിറം കൊടുത്ത ചിത്രങ്ങൾ അക്ഷരാർത്ഥത്തിൽ അവളുടെ ജീവിതത്തിനു നിറമേൽക്കുകയായിരുന്നു. നിറമുള്ള ആ ചിത്രങ്ങളിലൂടെ അവൾ ജീവിതത്തിന്റെ വിവിധ നിറങ്ങൾ സ്വപ്നം കണ്ടു. 

അടുത്തതായി  കടക്കാനുണ്ടായിരുന്നത് വിവാഹമോചനം എന്ന കടമ്പയായിരുന്നു. സ്വസ്ഥമായ മനസ്സോടെ ചിന്തിച്ചപ്പോൾ, അതത്ര വലിയ പ്രശ്നമായി തോന്നിയില്ല. നിയമനടപടികളുമായി മുന്നോട്ടു പോയി, പരസ്പരം ചേരാത്തവർ പിരിയണം എന്ന വലിയ തത്വം മനസ്സിൽ ഉറപ്പിച്ചു നിന്ന്. ഒടുവിൽ വിവാഹ മോചനം എന്ന ആ കടമ്പയും കഴിഞ്ഞു. അതോടെ ജീവിതത്തിൽ സ്വാതന്ത്ര്യം തിരികെ ലഭിച്ചതായാണ് തനിക്ക് തോന്നിയത് എന്ന് മുനീബ പറയുന്നു .

അമ്മയാകണം എന്ന ആഗ്രഹം യാഥാർഥ്യമാകുന്നു 

വിവാഹമോചനശേഷം, വരകളുടെ ലോകത്ത് സജീവമാകുകയും എക്സിബിഷനുകൾ നടത്തുകയും ചെയ്യാൻ തുടങ്ങിയതോടെ മുനീബയുടെ ജീവിതം മെല്ലെ ട്രാക്കിലേക്കെത്തി. ജീവിതത്തിൽ വിജയിച്ചു എന്ന ചിന്ത വന്നു തുടങ്ങിയത് ആ സമയത്താണ്. എന്നാൽ അപ്പോഴും തനിക്കൊരു അമ്മയാകണം എന്ന ആഗ്രഹം ബാക്കിയായി. അതിനും മുനീബ പരിഹാരം കണ്ടെത്തി. ഒരു കുഞ്ഞിനെ ദത്തെടുക്കുക .''ഒരു കുഞ്ഞു വേണം, പ്രസവിക്കാൻ കഴിയാത്തവർക്കും അമ്മയാകാം. എത്രയോ കുഞ്ഞുങ്ങളാണ് മാതാപിതാക്കൾ ഇല്ലാതെ അനാഥരായി ജീവിക്കുന്നത്. അതിൽ ഒരാളെ ദത്തെടുക്കണം, അങ്ങനെ അമ്മയാകണം, അതായിരുന്നു എന്റെ തീരുമാനം'' മുനീബ പറയുന്നു. 

പാകിസ്ഥാനിലെ വിവിധ അനാഥാലയങ്ങളിൽ കുട്ടിയെ ദത്തെടുക്കാനുള്ള അപേക്ഷ നൽകി മുനീബ ക്ഷമയോടെ കാത്തിരുന്ന്. ഒടുവിൽ രണ്ടു വർഷത്തിന് ശേഷം, അല്പം അകലെയായുള്ള ഒരു അനാഥാലയത്തിൽ നിന്നും, ഒരാൺകുഞ്ഞിനെ ദത്തെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഫോൺ കോൾ വന്നു. അക്ഷരാർത്ഥത്തിൽ ആ നിമിഷത്തിൽ താൻ പ്രസവവേദന അനുഭവിച്ച് ഒരമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു. ദത്തെടുക്കുമ്പോൾ രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന മുബാറഖ് എന്ന ആ കുഞ്ഞിന് ഇപ്പോൾ ആറ് വയസ്സായി. 

സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയായി, തുറന്നു ചിന്തിച്ച് , തന്റെ ആശയങ്ങൾ പങ്കുവച്ച്, ഒരമ്മയായി, തന്റെ  ജീവിതാനുഭവങ്ങൾ പങ്കുവച്ച്, മറ്റുള്ളവരെ പ്രചോദിപ്പിച്ചു ലോകം കണ്ട മികച്ചൊരു മോട്ടിവേഷണൽ സ്പീക്കറായി മുനീബ മസാരി ജീവിക്കുന്നു. നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്....പെണ്ണായാൽ എങ്ങനെയാവണം, ഒരിക്കലും ആശകൾ ബലി നൽകരുത്, സ്വപ്നങ്ങളുടെ നിറങ്ങൾ എടുത്തുകളയരുത്....മനസുകൊണ്ട് മുനീബയാകാൻ തയ്യാറെടുത്തൽ പരാജയം അറിയാതെ മുന്നോട്ട് പോകാം എന്നത് ഉറപ്പ്. 

Read more on : Lifestyle Malayalam Magazine, Beauty Tips in Malayalam