15 ലക്ഷം പേരുടെ മനസ് പൊള്ളിച്ച ആ പോസ്റ്റ് അപ്രത്യക്ഷമായതെങ്ങനെ?

പത്തു വയസിനടുത്ത് പ്രായം വരുന്ന ഒരു ഭിക്ഷാടകനായ ബാലകന്റെ കയ്യിൽ കിടന്ന് സദാ ഉറങ്ങുന്ന രണ്ടുവയസ്സുകാരി ബാലിക.ഒരു നേരമില്ല, പല ദിവസങ്ങളിൽ പല സമയങ്ങളിൽ കണ്ടപ്പോഴും ഇത് തന്നെ അവസ്ഥ. എന്ത് കൊണ്ട് ആ പെൺകുട്ടി സദാ സമയം ഇങ്ങനെ ഉറങ്ങുന്നു?  ഡൽഹി സ്വദേശിനിയായ ദീപ മനോജ് എന്ന സാമൂഹ്യപ്രവർത്തകയ്ക്കും  ഉണ്ടായത് ഈ സംശയം തന്നെയാണ്. സംശയം കനത്തപ്പോൾ അവർ ആ രംഗം വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. 

ഇത്തരത്തിൽ ഉറങ്ങുന്ന കുഞ്ഞിന് പിന്നിൽ, ഭിക്ഷാടന മാഫിയ ആണോ എന്ന തന്റെ സംശയമാണ് ദീപ പങ്കുവച്ചത്. നവ മാധ്യമങ്ങളിലൂടെ വൈറലായി പ്രചരിച്ച ഈ വാർത്തയും വിഡിയോയും ഇപ്പോൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് താൻ പോസ്റ്റ് ചെയ്ത വീഡിയോയും വാർത്തയും ഇല്ലാതായി എന്നത് സംബന്ധിച്ച് യാതൊരു വിധ അറിവും ദീപ മനോജിന് ഇല്ല. 

'' ഡൽഹിയിൽ ഇത്തരം കാഴ്ചകൾ സ്ഥിരമാണ്. സദാ ഉറങ്ങിക്കിടക്കുന്നതായികാണുന്ന ഈ കുട്ടികൾക്ക് പിന്നിൽ ഭിക്ഷാടന മാഫിയ ഉള്ളതായി തന്നെ ഞാൻ വിശ്വസിക്കുന്നു. അത്തരം മാഫിയകളെ നമ്മുടെ രാജ്യത്തു നിന്നും ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികളുടെ ആദ്യഭാഗമായിരുന്നു ഫേസ്‌ബുക്കിൽ ഞാൻ പങ്കുവച്ച വീഡിയോ. ഇരുട്ടി വെളുക്കും മുൻപ് പതിനഞ്ചര ലക്ഷം ആളുകളാണ് ഫേസ്‌ബുക്കിലൂടെ ആ വിഡിയോ കാണുകയും വാർത്ത വായിക്കുകയും ചെയ്തത്. നിരവധി ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്നു. എന്നാൽ ഇപ്പോൾ ഞാൻ ഇട്ട ആ മെയിൻ പോസ്റ്റ് കാണുന്നില്ല.  ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നോ, എങ്ങനെ സംഭവിച്ചു എന്നോ എനിക്ക് അറിയില്ല. ഇതിനു പിന്നിൽ ആരുടെയെങ്കിലും ശക്തമായ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നു'' ദീപ മനോജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ദീപ മനോജ്

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷ്യമായത് എങ്ങനെ എന്ന് കണ്ടു പിടിക്കാനായാൽ തന്നെ, ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള വലിയ വിവരങ്ങൾ പുറത്തുകൊണ്ടു വരാനാകും എന്നാണ് ദീപയുടെ പക്ഷം. രാജ്യത്ത് നിലനിൽക്കുന്ന ഭിക്ഷാടന മാഫിയക്ക് എതിരെയും ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകലിന് എതിരെയും ശക്തമായ പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദീപയ്ക്ക് ലഭിക്കുന്നത്. 

കട്ടപ്പന സ്വദേശിയാണ് ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ദീപ മനോജ്. നിരവധി എൻജി കളായും ഇതര സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്ന ദീപ എൽ എൽ ബി വിദ്യാർഥിനി കൂടിയാണ് .