മദ്യപിക്കാത്ത കപില്‍ മദ്യപരുടെ രാജാവായതെങ്ങനെ?

കപിൽ മോഹന്‍

യതിയെന്നാണ് മങ്ക് (Monk) എന്ന വാക്കിനുള്ള ഒരര്‍ത്ഥം. അതിനു കൂടെ ഓള്‍ഡ് എന്നു കൂടി ചേര്‍ത്താണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മദ്യ ബ്രാന്‍ഡ് പിറന്നത്. ഒരു പക്ഷേ മാനസികമായി അതൊരാളെ എത്തിക്കുന്ന പ്രത്യേക അവസ്ഥയോര്‍ത്താകാം അങ്ങനൊരു പേര്. 

എന്തായാലും യതിസമാനമായ ജീവിതമായിരുന്നു ഓള്‍ഡ് മങ്ക് എന്ന ഡാര്‍ക് റമ്മിനെ സൃഷ്ടിച്ച കപില്‍ മോഹന്‍ എന്ന സംരംഭകനുണ്ടായിരുന്നത്. കാരണം മദ്യപരുടെ രാജാവിന്റെ ലഹരി ഒരിക്കലും മദ്യമായിരുന്നില്ല എന്നതു തന്നെ. ഓള്‍ഡ് മങ്ക് എന്ന സവിശേഷ മദ്യ ബ്രാന്‍ഡ് വികസിപ്പിച്ച ഈ മനുഷ്യന്‍ കഴിഞ്ഞ ദിവസം മരിക്കുന്നതുവരെ മദ്യപിച്ചിട്ടില്ല എന്നത് പലര്‍ക്കും ആശ്ചര്യമായിരിക്കും. 

ഒരു പെഗ് പോലും അടിച്ചില്ല കപില്‍. എന്നിട്ടും ആ തടിച്ച കുപ്പിയിലുള്ള ഡാര്‍ക്ക് റം ദശലക്ഷക്കണക്കിന് പേരുടെ വൈകുന്നേരത്തെ ചങ്ങാതിയായി മാറി. അതിനു പ്രായവും വയസ്സും ഭാഷയും ദേശവുമൊന്നും അതിരുകളായില്ല. ഓള്‍ഡ് മങ്ക് ഉല്‍പ്പാദിപ്പിക്കുന്ന മോഹന്‍ മീക്കിന്‍ എന്ന കമ്പനിയുടെ ചെയര്‍മാനായിരുന്നു 88ാം വയസ്സില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ കപില്‍. 

ഓള്‍ഡ് മങ്ക്, സോളന്‍ നമ്പര്‍ വണ്‍, ഗോള്‍ഡന്‍ ഈഗില്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളെല്ലാം സൃഷ്ടിച്ചത് അദ്ദേഹം തന്നെ. അഞ്ചു പതിറ്റാണ്ടോളം അദ്ദേഹമാണ് മീക്കിന്‍ കമ്പനിയെ നയിച്ചത്. 1954ലാണ് ആദ്യമായി ഓള്‍ഡ് മങ്ക് പുറത്തിറങ്ങുന്നത്. എന്നാല്‍ 1970കളുടെ തുടക്കത്തിലാണ് മൂത്ത സഹോദരന്‍ വി ആര്‍ മോഹനന്റെ വിയോഗത്തിനു ശേഷം കപില്‍ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയത്. 

മിലിറ്ററി കാന്റീനുകളില്‍ ഉള്‍പ്പടെ തരംഗം തീര്‍ത്ത ബ്രാന്‍ഡായിരുന്നു ഓള്‍ഡ് മങ്ക്. വര്‍ഷങ്ങളോളം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബ്രാന്‍ഡായി അതു നിലനിന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം മാര്‍ക്കറ്റിങ് ഗിമ്മിക്കുകളില്ലാതെ വേര്‍ഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഓള്‍ഡ് മങ്ക് ജനകീയമായതെന്നതാണ്. 2012ല്‍ ഒരു അഭിമുഖത്തിനിടെ കപില്‍ പറഞ്ഞത് ഞാന്‍ ഒരിക്കലും പരസ്യം ചെയ്യില്ലെന്നതാണ്. തന്റെ ഉല്‍പ്പന്നമാണ് ഏറ്റവും മികച്ച പരസ്യമെന്നാണ് അദ്ദേഹം വിശ്വസിച്ചത്. 

ഗ്ലാസ് ഫാക്റ്ററികള്‍, ബ്രേക്ഫാസ്റ്റ് ഫുഡ്, ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍, ജ്യൂസുകള്‍ തുടങ്ങി നിരവധി മറ്റ് ബിസിനസുകളും അദ്ദേഹത്തിന്റെ കമ്പനി നടത്തുന്നുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam