അനാരോഗ്യകരമായ ദാമ്പത്യത്തിന്റെ ആറു ലക്ഷണങ്ങള്‍

Representative Image

ദാമ്പത്യജീവിതത്തിലെ മേന്‍മകള്‍ തിരിച്ചറിയാന്‍ സാധിക്കുക എന്നതാണ് ദമ്പതിമാര്‍ക്കിടയില്‍ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന്. ഇതുപോലെ തന്നെ ദാമ്പത്യം അനാരോഗ്യകരമായ അവസ്ഥയിലേക്കാണോ പോകുന്നത് എന്നു തിരിച്ചറിയേണ്ടതും അനിവാര്യമാണ്. എങ്കില്‍ മാത്രമെ തകര്‍ച്ചയിലേക്കു പോകും മുന്‍പ് തെറ്റുകള്‍ തിരുത്തി ആ ദാമ്പത്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കൂ.

അനാരോഗ്യകരമായ ഒരു ദാമ്പത്യജീവിതമാണോ നിങ്ങള്‍ നയിക്കുന്നതെന്നു തിരിച്ചറിയാന്‍ ഒരു പക്ഷേ താഴെ പറയുന്ന ലക്ഷണങ്ങള്‍ സഹായിച്ചേക്കാം.

1. പങ്കാളിക്കു മേലുള്ള അമിതമായ സ്വാര്‍ഥത

പങ്കാളിക്കു മേലുള്ള അമിതമായ സ്വാർഥത ദാമ്പത്യജീവിതത്തിലെ ഒട്ടും ആരോഗ്യകരമായ പ്രവണത അല്ല. ചെറിയ അളവില്‍ സ്വാര്‍ഥത ഏതൊരു ദാമ്പത്യത്തിലും കാണാന്‍ സാധിക്കും. എന്നാല്‍ ഇതു പരിധി വിട്ട് ഉയരുന്നതാണ് പ്രശ്നങ്ങള്‍ക്ക് വഴിവക്കുക. ഇത് പങ്കാളിയുടെ സ്വതന്ത്ര്യത്തെയും അഭിമാനത്തെയും പോലും ഹനിക്കുന്ന തരത്തിലേക്കു പലപ്പോഴും വളരാറുണ്ട്. 

അതായത് തന്റെ പങ്കാളി എവിടെ പോകുന്നു എന്നും എന്തു ചെയ്യുന്നു , ആരോടൊക്കെ സംസാരിക്കുന്നു എന്നിങ്ങനെ എല്ലാ കാര്യവും എല്ലായ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുക, എല്ലാത്തിനും തന്നോട് അനുവാദം ചോദിക്കണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളെല്ലാം  ഇക്കാലത്ത് ആരും ആഗ്രഹിക്കാത്തും ഇഷ്ടപ്പെടാത്തതുമായ പ്രവര്‍ത്തികളാണ്. ജീവിതപങ്കാളിയില്‍ നിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ പലപ്പോഴും മറ്റേയാളുടെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുള്ള ജീവിതത്തിന് പോലും കാരണമാകാറുണ്ട്. 

2. നിരന്തരമായ കുറ്റപ്പെടുത്തലുകള്‍

ദാമ്പത്യജീവിതത്തിലുണ്ടാകുന്ന ചെറിയപ്രശ്നങ്ങള്‍ക്കു പോലും പര്സപരം കുറ്റപ്പെടുത്തുന്ന പ്രവണതയാണ് അനാരോഗ്യകരമായ ദാമ്പത്യത്തിന്റെ മറ്റൊരു ലക്ഷണം. ഈ പ്രശ്നമുള്ള മിക്ക ദമ്പതിമാര്‍ക്കിടയിലും കുറ്റപ്പെടുത്തുന്നത് സ്ഥിരമായി ഒരാളും കുറ്റവാളിയാക്കപ്പെടുന്നത് മറ്റെയാളും ആയിരിക്കും. ചിലയിടത്തു രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്താന്‍ മത്സരിക്കുന്നവരും ആയിരിക്കും. ഈ രണ്ടു സാഹചര്യങ്ങളിലും ദാമ്പത്യജീവിതത്തിന്റെ മുന്നോട്ട് പോക്ക് ഒട്ടും സുഖരമായിരിക്കില്ല.

പ്രതിസന്ധികളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ആദ്യം സ്വന്തം ഭാഗത്തെ തെറ്റുകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് വേണ്ടത്. പങ്കാളിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ വെറുതെ കുറ്റപ്പെടുത്താതെ അവരെ പറഞ്ഞ് മനസ്സിലാക്കാനും പ്രശ്നം പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടത്.

3. വിവാഹേതര ബന്ധങ്ങള്‍

വിവാഹേതര ബന്ധങ്ങളെ ന്യായീകരിക്കാന്‍ നിരവധി കാരണങ്ങള്‍ ഇതില്‍ പെട്ടു പോയവര്‍ നിരത്താറുണ്ട്. പങ്കാളിയോടുള്ള സ്നേഹക്കുറവ് അല്ലെന്നും സംഭവിച്ച് പോയതാണെന്നും അങ്ങനെ പലതും. എന്നാല്‍ ആരോഗ്യകരമായ ഒരു വിവാഹ ജീവിതത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാണ്. കാരണം അവിടെ പരസ്പരം ബഹുമാനവും സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കും. അതിനാല്‍ തന്നെ പങ്കാളിയെ വഞ്ചിക്കാന്‍ മറ്റേയാള്‍ തയ്യാറാകില്ല. വേറൊരാളോട് പ്രണയോ , ആകര്‍ഷണമോ തോന്നിയാലും അതിന് അവര്‍ പ്രാധാന്യം നല്‍കില്ല.

4. അനാവശ്യ വിമര്‍ശനങ്ങളും പരസ്യമായ കളിയാക്കലും

ഭാര്യയേയോ ഭര്‍ത്താവിനേയോ പരസ്യമായി കളിയാക്കുന്നത് ചിലര്‍ക്ക് ഭയങ്കര താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. അതുപോലെ തന്നെയാണ് തീരെ ചെറിയ കാര്യങ്ങളില്‍ പോലും കുറ്റപ്പെടുത്താനുള്ള പ്രവണതയും. ഇതുരണ്ടും ചെയ്യുന്നവര്‍ പങ്കാളിയുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. ഇത് ആരോഗ്യകരമായ ഒരു ദാമ്പത്യജീവിതത്തിന്റെ ലക്ഷണമല്ല.

5. ശാരീരിക പീഡനങ്ങള്‍

ശാരീരിക ഉപദ്രവങ്ങള്‍, ഭീഷണികള്‍ ഇവയെല്ലാം പങ്കാളിക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തികളാണ്. സ്നേഹത്തിലൂടെയും കരുതലിലൂടെയും പങ്കാളിയുടെ സ്നേഹവും വിശ്വാസവും പ്രണയവും പിടിച്ച് പറ്റാനുള്ള കഴിവില്ലായ്മയോ, അതു തിരിച്ചറിയാനുള്ള ശേഷിക്കുറവോ ആണ് ഇവരെ ശാരീരിക ഉപദ്രവങ്ങളിലൂടെ ഇവ നേടാന്‍ പ്രേരിപ്പിക്കുന്നത്. അത്തരം സംഭവങ്ങള്‍ ഉള്ള ദാമ്പത്യജീവിതം തികച്ചും അനാരോഗ്യകരമായിരിക്കും എന്നതില്‍ ഒട്ടും സംശയമില്ല. ഇത്തരം കാര്യങ്ങള്‍ നിരന്തരം സംഭവിക്കുന്ന ബന്ധത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്‍വാങ്ങുകയണ് ചെയ്യാവുന്ന ഏറ്റവും ഉചിതമായ കാര്യം.

6. ലൈംഗിക പീഡനം

ലൈംഗികത ദാമ്പത്യജീവിതങ്ങളില്‍ മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. ഇരുവര്‍ക്കും താല്‍പ്പര്യമുള്ളപ്പോള്‍ മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതാണ് ഏറ്റവും ഉത്തമം. അല്ലാതെ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി ശാരീരികമായി കീഴ്പ്പെടുത്തി തന്റെ ആവശ്യം നിറവേറ്റുക എന്നത് ഒട്ടും ആരോഗ്യകരമായ പ്രവര്‍ത്തിയല്ല. മിക്ക പുരുഷന്‍മാരും ഭാര്യക്ക് മേലുള്ള തന്റെ അധികാരമാണ് ലൈംഗികത എന്ന തോന്നലുള്ളവരാണ്. ഇതിനായി ബലം പ്രയോഗിക്കാനും അവകാശമുണ്ടെന്ന് ധാരണയും അവര്‍ വച്ചു പുലര്‍ത്തുന്നവരാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam