Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഞ്ചിച്ച കാമുകന് യുവതിയുടെ മധുര പ്രതികാരം; വൈറലായി പോസ്റ്റ്

Breakup Representative Image

ബ്രേക്കപ്പുകൾ അത്ര ഈസിയല്ല, പ്രത്യേകിച്ചും ജീവനെപ്പോലെ സ്നേഹിച്ച വ്യക്തി വഞ്ചിക്കുകയായിരുന്നുവെന്നു തിരിച്ചറിയുമ്പോൾ. വർഷങ്ങളായി സ്നേഹിക്കുന്ന കാമുകന് മുൻകാമുകിയുമായി ഇപ്പോഴും പ്രണയ ബന്ധമുണ്ടെന്നറിയുമ്പോൾ ഏതു കാമുകിയാണ് തകരാതിരിക്കുക? അത്തരത്തിൽ അഞ്ചു വർഷമായി തന്നെ പ്രണയിക്കുന്ന യുവാവ് വഞ്ചിച്ച ഒരു യുവതിയുടെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കരഞ്ഞുപിഴിഞ്ഞിരിക്കാതെ തന്നെ വേണ്ടെന്നു വച്ചയാൾക്കു മറുത്തൊന്നു ചിന്തിക്കാൻ പോലും അവസരം നൽകാതെ ഗുഡ്ബൈ പോലും പറയാതെ അവൾ പോയി.

സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയം തകർന്ന കഥ വ്യക്തമാക്കിയത്. ഒരുദിവസം രാവിലെ കാമുകനു സർപ്രൈസ് നൽകാനായി ബ്രേക്ഫാസ്റ്റും അദ്ദേഹത്തിനിഷ്ടപ്പെട്ട വിഡിയോ ഗെയിമുമായി പോയപ്പോള്‍ അവൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അയാൾ തന്റെ മുൻകാമുകിക്കൊപ്പം കിടന്നുറങ്ങുന്നു. ഒച്ചയുയര്‍ത്താതെ സംയമനം കൈവിടാതെ ആ സാഹചര്യത്തെ അവൾ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയർ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു. യുവതിയുടെ പോസ്റ്റിലേക്ക്...

'' ഒരുദിവസം രാവിലെ അദ്ദേഹത്തിനിഷ്ടപ്പെട്ട ബ്രേക്ഫാസ്റ്റും വി‍ഡിയോ ഗെയിമുമായി സർപ്രൈസായി അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയതായിരുന്നു, മുൻകാമുകിയെ ചേർത്തുപിടിച്ച് നഗ്നനായി കിടന്നുറങ്ങുന്ന കാഴ്ചയാണ് അന്നു കണ്ടത്. ഞാൻ വന്നത് അവർ കണ്ടിരുന്നില്ല, ഞാൻ പതുക്കെ അവരുടെ ബെഡ്റൂമിന്റെ കതക‌ടച്ച് ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നൽകിയിരുന്ന കീയും അടുക്കളയിൽ വച്ച് തിരിച്ചുവന്നു.

വന്നയുടൻ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകൾ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയിൽ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോൺ നമ്പർ മാറ്റാന്‍ തീരുമാനിച്ചു. തുടർന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയിൽ തന്നെ മറ്റൊരു നഗരത്തിൽ ജോലി വാങ്ങി.അയാളിൽ നിന്നും എന്നെ പൂർണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നൽകാതെ ആ ജീവിതത്തിൽ നിന്നും ഞാൻ തിരികെവന്നു. ''

യുവതി ആരെന്നോ എന്തെന്നോ അറിഞ്ഞില്ലെങ്കിലും തീർത്തും തകർന്നു പോയേക്കാവുന്ന ഒരവസ്ഥയെ പോസിറ്റീവായി സ്വീകരിക്കുകയും പ്രതികാരത്തിനോ വിശദീകരണത്തിനോ ഇടനൽകാതെ പുതിയ ജീവിതത്തെ വരിക്കുകയും ചെയ്ത പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങൾ കൊണ്ടുനിറയുകയാണ്. അഞ്ചുവർഷം യുവതിയെ വഞ്ചിച്ച കാമുകനു നൽകിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam