രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും പങ്കെടുത്ത വിവാഹ മാമാങ്കത്തിന്റെ 40 ാം നാളില്‍ മദ്യദുരന്തം !

മണിച്ചൻ, കൂന്തള്ളൂരിൽ മണിച്ചന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്ന സ്ഥലം

രാജ്ഞിയെപ്പോലെ ജീവിച്ച്, ഒടുവിൽ ജയിൽമുറിയിൽ കിടന്നു രോഗത്തിലേക്കും മരണത്തിലേക്കും ദയനീയമായി വീണുപോയി ഹയറുന്നിസ. അന്ന്, ദുരന്തത്തിനു കാരണമായ മദ്യമൊഴുകിയത് ചിറയിൻകീഴിലെ മണിച്ചന്റെ ഗോഡൗണിൽനിന്നായിരുന്നു. പൊലീസ് കണ്ടെത്തിയിരുന്നു. ചിറയിൻകീഴ് പണ്ടകശാല പാലത്തിനു സമീപത്തെ മാടക്കടയിൽ ചാരായക്കച്ചവടം നടത്തിയായിരുന്നു മണിച്ചന്റെ തുടക്കം. ചാരായനിരോധനത്തിനുശേഷം തഴച്ചുവളർന്ന ‘വ്യവസായ ശൃംഖല’. പിന്നീട് വർഷങ്ങളോളം കൂന്തള്ളൂർ എന്ന ഗ്രാമത്തിലെ കിരീടം വയ്ക്കാത്ത രാജാവാക്കി മാറ്റി മണിച്ചൻ എന്ന ചന്ദ്രനെ. 

കൂന്തള്ളൂരിലെ ഇടവഴികളിലൂടെ ഒഴിഞ്ഞും തിരിഞ്ഞും വണ്ടി പതിയെ മുന്നോട്ടുനീങ്ങി. അപരിചിതർ വന്നതിനാലാവാം, ആളുകൾ മതിലിനപ്പുറത്തുനിന്നു സംശയത്തോടെ നോക്കുന്നു. വഴികാട്ടാൻ ബൈക്കിൽ മുൻപേ പോയയാൾ ഒരു ഊടുവഴിക്കുമുന്നിൽ നിന്നു. കൈകൊണ്ട്, അകത്തേക്ക് എന്ന് ആംഗ്യം കാണിച്ചു. ‘ഞാൻ അങ്ങോട്ടു വരുന്നില്ല’ എന്നു പറഞ്ഞു പാഞ്ഞുപോയി. മണിച്ചനില്ലെങ്കിലും ഗുണ്ടകൾ ഇപ്പോഴുമുണ്ടോ എന്ന ആശങ്കയോടെ വണ്ടി ഇടവഴിയിലേക്ക് തിരിഞ്ഞു.

ഒരുകാലത്ത്, മണിച്ചന്റെ ആഡംബര കാറുകളും ലോറികളും പോയിരുന്ന വഴിയാണോ ഇതെന്നു സംശയം തോന്നി. അത്ര ചെറുത്. ഇടതുവശത്തായി മലർക്കെ തുറന്നിട്ട കൂറ്റൻ ഗേറ്റ്. മാർബിൾ പാളികൾ പതിച്ച വലിയ വീട് 17 കൊല്ലങ്ങൾക്കിപ്പുറവും തലയുയർത്തിനിൽക്കുന്നു, മണിച്ചന്റെ റാണിവില്ല. അയൽപക്കക്കാരുടേതെന്ന് ബന്ധുക്കൾ പറഞ്ഞ, രണ്ടു വണ്ടികൾ പോർച്ചിലുണ്ട്. ടെറസിനുമീതെ കാടുപടർന്നിരിക്കുന്നു. മാറാല മൂടിയ ജനാലകൾ. ഇതിനു തൊട്ടടുത്ത് പൂവൽവിളാകം എന്ന വീട്ടിലാണ് മണിച്ചന്റെ ഭാര്യ ഉഷയും മക്കളും താമസിക്കുന്നത്, ഉഷയുടെ സഹോദരി അമ്പിളിക്കൊപ്പം. ഹൃദ്രോഗിയായ ഉഷ മകൾക്കൊപ്പം ആശുപത്രിയിൽ പോയിരിക്കുന്നു. 

മണിച്ചന് അളവറ്റ സമ്പത്തുണ്ടായിരുന്നു. വീടുകൾ, വാഹനങ്ങൾ, ഗോഡൗണുകൾ.... ഇന്ന് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു. റാണിവില്ല ജപ്തിനടപടി നേരിടുകയാണ്.

‘ഇനിയെങ്കിലും ചേട്ടനെ വിട്ടുകൂടേ. എത്രമാത്രം അനുഭവിച്ചു’..... അമ്പിളി കണ്ണീർവാർത്തു. മകന്റെ എട്ടുമാസം പ്രായമുളള കുഞ്ഞിനെതൊട്ട് ആണയിട്ടു– ‘ഈ കുഞ്ഞാണെ സത്യം, ഇതെല്ലാം കള്ളക്കേസാണ്’. 

ഉഷയെ ഫോണിൽക്കിട്ടിയപ്പോൾ അവർ പൊട്ടിക്കരഞ്ഞു– ‘ഞങ്ങൾ നിരപരാധികളാണ്, അതാരും വിശ്വസിച്ചില്ല. ഇത്രയും കാലം അനുഭവിച്ചു. ഇനിയെങ്കിലും അദ്ദേഹത്തെ ഇറക്കിക്കിട്ടിയാൽ മതി. സത്യം എന്നെങ്കിലും തെളിയും എന്നു കരുതിയാണ് ഇത്രയും കാലം ജീവിച്ചത്. ഞങ്ങളുടെ കുടുംബം നശിച്ചു, ഞാൻ നിത്യരോഗിയായി, കൊച്ചുങ്ങളുടെ ജീവിതം പോയി. ഇനിയെങ്കിലും മോചനം കിട്ടുമോ......’ 

ഒരുമാസം മുൻപ് അമ്മ മരിച്ചപ്പോഴാണ് മണിച്ചൻ പരോളിൽ ഇറങ്ങിയത്. അമ്മയെ ജീവനോടെ കാണാൻപോലും അനുവദിച്ചില്ലെന്നും അമ്പിളി കരഞ്ഞു പറഞ്ഞു.

കൂന്തള്ളൂരിൽ മദ്യദുരന്തത്തിനുമുൻപുള്ള ഏറ്റവും വലിയ സംഭവമായിരുന്നു മണിച്ചന്റെ മകളുടെ വിവാഹമെന്നു പറയാം.  രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പിന്നീടതു വൻവിവാദവുമായി.   ആ വിവാഹമാമാങ്കത്തിന്റെ 40 ാം നാളിലാണു മദ്യദുരന്തം. അതോടെ മകളുടെ വിവാഹബന്ധം തകർന്നു. 

ജീവപര്യന്തം തടവ്...

മദ്യദുരന്തത്തിനുശേഷം കുറച്ചുനാൾ മണിച്ചൻ ഒളിവിലായിരുന്നു.  സ്വകാര്യചാനലിൽ ‘എനിക്ക് ഇതുമായൊരു ബന്ധവുമില്ല, ഇങ്ങനെയൊരു ബിസിനസും എനിക്കില്ല’ എന്നു പറഞ്ഞ് അഭിമുഖം നൽകിയശേഷമാണ് ഒളിവിൽപ്പോയത്. പിന്നീട്  നാഗർകോവിലിൽ വച്ച് നവംബർ 26ന് അറസ്റ്റിലായി. ഏഴാം പ്രതി മണിച്ചനാണ് കേസിൽ ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്. ജീവപര്യന്തം തടവും 30.45 ലക്ഷം രൂപ പിഴയും. കൂടാതെ 43 വർഷം തടവും അഡീഷനൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി വിധിച്ചു. 

എന്നാൽ ഒരേകാലം അനുഭവിച്ചാൽ മതിയെന്നതിനാൽ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നു വ്യക്തമാക്കുകയും ചെയ്തു.  ഇതു സംബന്ധിച്ചു 2001-ലെ സുപ്രീം കോടതി ഉത്തരവും കോടതി എടുത്തു കാട്ടി. 

പിന്നീട് അന്വേഷണ ഉദ്യോഗസ്ഥ തലവനായിരുന്ന സിബി മാത്യൂസിനെ വധിക്കാൻ തടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന കേസിലും മണിച്ചനു നാലുകൊല്ലം കഠിനതടവ് ലഭിച്ചു. മദ്യദുരന്ത കേസിൽ മണിച്ചന്റെ സഹോദരങ്ങൾ കൊച്ചനി, വിനോദ് എന്നിവർ അടക്കം  48 പേരായിരുന്നു പ്രതികൾ. ആയിരത്തിലേറെ സാക്ഷികളും ഉണ്ടായിരുന്നു. പിന്നീടു ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. 

ചിറയൻകീഴിലെ കൂന്തള്ളൂരിൽ മണിച്ചൻ താമസിച്ചിരുന്ന വീട്

വിവാദങ്ങളുടെ ഗോഡൗൺ 

വീടിനു സമീപമാണ് മണിച്ചന്റെ പഴയ ഗോഡൗൺ. പാട്ടത്തിനെടുത്ത പുരയിടത്തിൽ ഹോളോ ബ്രിക്സ് ഫാക്ടറിയുടെ മറവിൽ സ്പിരിറ്റ് ശേഖരിച്ചിരുന്ന കെട്ടിടം. കൂറ്റൻ മഞ്ഞഗേറ്റും മതിലുമുള്ള ആ പുരയിടം മുഴുവൻ ഇപ്പോൾ കാടുകയറിക്കിടക്കുന്നു. ഗേറ്റ് പൂട്ടിയിട്ടുണ്ട്. പൊലീസ് കാവലുണ്ടായിട്ടും ബാക്കി സ്പിരിറ്റ് കാണാതായതിനെച്ചൊല്ലി വർഷങ്ങൾ കഴിഞ്ഞ് വീണ്ടും വാർത്തകളിൽ നിറഞ്ഞ സ്ഥലമാണിത്.

തെളിവുകളൊന്നും പെട്ടെന്നു കണ്ടെത്താനാകാത്ത രീതിയിലായിരുന്നു മണിച്ചന്റെ പ്രവർത്തനം. അന്വേഷണ സംഘത്തെ കുഴക്കിയതും അതുതന്നെ. അതിന്റെ ഉദാഹരണമാണ് ഈ ഗോഡൗൺ. ഒരാൾക്കുപോലും പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാനാവാത്ത ആ ഭൂഗർഭ അറയിലെ സ്പിരിറ്റ് ശേഖരം പൊലീസ് കണ്ടെത്തിയത് സാഹസികമായാണ്. അന്നത്തെ ഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

കൂടുതല്‍ വായിക്കാൻ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam