Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീക്ക് എപ്പോഴാണ് അസമയം? ഏതാണ് പൊതുഇടം അല്ലാത്തത്?

Women

ഒരു കലുങ്കിലിരുന്ന് കൂട്ടുകാരികൾ പാട്ടിന്റെ നാലുവരി പാടി അവസാനവരിയുടെ ആദ്യ അക്ഷരം മറുവശത്തെ കലുങ്കിലേക്കൊരേറ്...അവിടിരുന്ന കൂട്ടുകാരികൾ അതേറ്റുപിടിച്ചു. അടുത്ത പാട്ട് അവിടെ നിന്ന് തിരികെ...

അപ്പോഴുണ്ടായി ചില ചോദ്യങ്ങൾ: സ്ത്രീകൾക്ക് കലുങ്കിലിരിക്കാമോ? വൈകുന്നേരം അവിടിരുന്നു പാടാമോ? ഇരിക്കാം, പാടാം.. അതിലെന്തു തെറ്റ്.

ഏതാണ് സ്ത്രീക്ക് അസമയം? ഏതാണു സ്ത്രീക്ക് ഒരു പൊതുഇടമല്ലാത്തത്?. 

തൃശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്ത് 14–ാം വാർഡിലെ കള്ളുഷാപ്പിനടുത്തുള്ള ആ  കലുങ്ക് ഇന്നു ചർച്ചാവിഷയമാണ്.

അവിടെ പതിവായി ഇരിക്കുന്നതു പുരുഷന്മാർ. അതുവഴി നടക്കുമ്പോൾ പ്രയാസമനുഭവപ്പെടാറുണ്ടെന്ന് ചില സ്ത്രീകളുടെ പരാതി.

ഇതിന് ഒരു അന്ത്യം കുറിക്കാൻ പെരിഞ്ഞനത്തെ ഒരു കൂട്ടം സ്ത്രീകൾ പ്രയോഗിച്ച ആയുധം: അന്താക്ഷരി!.പാട്ടു പാടിയതോ, പുരുഷന്മാർ കയ്യടക്കാറുള്ള അതേ കലുങ്കിലിരുന്ന്.   ഇതു ഞങ്ങളുടെ കൂടി പൊതു ഇടമാണെന്നു രണ്ടുദിവസം പാട്ടുപാടി പ്രഖ്യാപിച്ചതോടെ ആ പ്രശ്നത്തിനു പരിഹാരം.

സ്ത്രീകൾ  ഒരു ഷാപ്പിനെതിരെ നടത്തിയ സമരമായി ചെറുതാക്കി കാണരുത് ഈ വിഷയമെന്നാണ് ഈ കൂട്ടായ്മയുടെ അഭിപ്രായം. ഷാപ്പുകൾക്കെതിരെ മുൻപും സ്ത്രീകൾ സമരം ചെയ്തിട്ടുണ്ട്. എന്നാൽ, സമൂഹത്തിലെ ഏതു പൊതു ‘ഇരിപ്പിട’ത്തിലും സ്ത്രീകൾക്കും സ്ഥാനമുണ്ട്. കേരളത്തോട് ആ ആശയം വിളിച്ചു പറയുന്നു പെരിഞ്ഞനത്തെ ഈ കലുങ്ക്.

(നിയമപരമായ മുന്നറിയിപ്പ്: പെരിഞ്ഞനത്തെ പുരുഷന്മാർ പ്രശ്നക്കാരാണെന്നോ സ്ത്രീകൾക്കു വഴിനടക്കാനാകില്ലെന്നോ ഇതിന് അർഥമില്ല. കേരളത്തിലെവിടെയും സ്ത്രീകൾ സ്വതന്ത്രമായി സഞ്ചരിക്കാത്ത ചില ഇരുണ്ട ഇടങ്ങളുണ്ട്.

അതു സ്ത്രീകളുടെ കൂടി പൊതുഇടമായി മാറ്റുന്ന വലിയൊരു സാമൂഹിക വിപ്ലവത്തിന്റെ  തുടക്കമാണിത്. പെരിഞ്ഞനം പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ‘പൊതുഇടം കയ്യടക്കൽ സമരം’ വിപ്ലവമുന്നേറ്റമാണ്. കൊടുക്കാം പെരിഞ്ഞനത്തിനു കയ്യടി. )

women

വനിതാ ശിശുസൗഹൃദം

വനിതാ ശിശു സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മുന്നിട്ടിറങ്ങിയ പഞ്ചായത്താണു പെരിഞ്ഞനം. 

സ്ത്രീകളുടെ നേതൃത്വത്തിൽ അതതു പഞ്ചായത്തുകളിലെ പ്രാദേശിക പ്രശ്നം കണ്ടെത്തി പരിഹാരം നിർദേശിക്കുകയും പദ്ധതി രൂപീകരിക്കുകയും ചെയ്യുക എന്നതു പഞ്ചവൽസരപദ്ധതിയിലെ ആശയമാണ്. ശാസ്ത്രസാഹിത്യ പരിഷത്താണു മിക്കയിടത്തും ഇതിനു മുൻകൈ എടുക്കുന്നത്.

പഞ്ചായത്ത് ഓഫിസ് കെട്ടിടം കേന്ദ്രമാക്കി ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തിക്കുന്നു. മുന്നേറ്റത്തിനു കരുത്തായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ, വാർഡംഗം സ്മിത ഷാജി, സിന്ധു ഉണ്ണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. ജയശ്രീ,  പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.കെ. കസീമ, െജൻഡർ റിസോഴ്സ് അംഗങ്ങളായ മൃദുല ഗിരീഷ്, സ്മിത സന്തോഷ്, സുജ സന്ധ്യ ഇവരൊക്കെയുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്തും കമ്മിറ്റിയും ഒപ്പമുണ്ട്.  

അതതുമേഖലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ 15 വാർഡുകളിലും കൺവൻഷൻ നടത്തി. തുടർന്നു ശിൽപശാല, ഗ്രൂപ്പ് ചർച്ച...വെറും കലുങ്കിലിരുപ്പ് മാത്രമല്ല, ഈ പദ്ധതി!

സായാഹ്നനടത്തം

ഫെബ്രുവരി മൂന്ന്, വൈകിട്ട് 6.30

പെരിഞ്ഞനം കൊട്ടംകുളം ടഗോർ വായനശാലയ്ക്കു മുന്നിൽ ഈ കൂട്ടായ്മ ഒത്തുചേർന്നു. ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചു ചെറിയ ചർച്ച. പിന്നെ കൊട്ടംകുളം ചക്കരപ്പാടം റോഡിലൂടെ ഒരു നടത്തം.

സ്ത്രീസുരക്ഷയുള്ള പഞ്ചായത്ത് എന്ന ആശയത്തിലേക്കുള്ള ആരോഗ്യനടത്തം കൂടിയായി അത്. 

ഒരുകിലോമീറ്ററോളം നടന്നപ്പോഴേക്കും ഇരുട്ടിത്തുടങ്ങി. വഴിയോരത്തെ കലുങ്കിൽ തെരുവുവിളക്കിന്റെയും വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെയും വെട്ടത്തിൽ ഇരുന്നു കുശലം പറച്ചിൽ.. നർമം പൊരിക്കൽ..

കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും സ്ത്രീകൾക്കുവേണ്ടി വിപ്ലവഗാനം പാടി, അതിന്റെ അവസാനവാക്കിന്റെ ആദ്യഅക്ഷരം ഇവർ കൈമാറുകയാണ്. വലിയൊരു മുന്നേറ്റത്തിലേക്കുള്ള അന്താക്ഷരി.ആർക്കും അതേറ്റെടുക്കാം; തുടർന്നു പാടാം.. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam