കാൻസർ ബാധിച്ച മകനെ നോക്കുന്ന ആ അച്ഛനെ സഹപ്രവർത്തകർ ഞെട്ടിച്ചത് ഇങ്ങനെ!

ആൻഡ്രിയാസ് മകനൊപ്പം

ചില സമയത്ത് നമുക്ക് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന ചിന്തയുണ്ടാകും. സ്വയം രോഗത്തിന് അടിമപ്പെടുകയോ പ്രിയപ്പെട്ടവർക്ക് രോഗം വരുകയോ ചെയ്യുന്ന ആ അവസ്ഥയിൽ ഈ ചിന്ത കാട് കയറും. അത്തരം ഒരവസ്ഥയിൽ ആയിരുന്നു അസംബ്ലി വർക്കർ ആയ ആൻഡ്രിയാസ്. ജർമൻ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഒരേയൊരു മകൻ ജൂലിയസ് ഗ്രാഫിന് കാൻസർ ആണ് എന്ന് കണ്ടെത്തിയത് കഴിഞ്ഞ ജനുവരി മാസത്തിലാണ്. 

അമ്മയില്ലാത്ത നാലുവയസ്സുകാരൻ മകനുമായി ജീവിക്കുന്ന അദ്ദേഹത്തിന് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തന്നാൽ കഴിയുന്ന വിധം അദ്ദേഹം മകന് വേണ്ടി ചികിത്സകൾ നടത്തി. ചികിത്സയ്ക്കും മറ്റുമായി ധാരാളം ലീവ് എടുക്കേണ്ടതായി വന്നു അദ്ദേഹത്തിന്. എന്ത് തന്നെ സംഭവിച്ചലും മകന്റെ ജീവൻ രക്ഷപ്പെടുത്തണം എന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്. 

ഒടുവിൽ സാമ്പത്തിക വർഷത്തിന്റെ അവസാനം അടുത്തപ്പോൾ ആൻഡ്രിയാസിന്റെ ലീവുകൾ കമ്പനിയിൽ ഒരു ബാധ്യതയായി മാറി. ഏതുവിധേനയെങ്കിലും എടുത്ത ലീവുകൾക്ക് പകരം ജോലി ചെയ്തില്ല എങ്കിൽ അത് ജോലിയെ തന്നെ ബാധിക്കും എന്ന അവസ്ഥ.എന്നാൽ കാൻസറിന്‌ ചികിത്സയിലുള്ള നാലുവയസ്സുകാരനെയും കൊണ്ട് എങ്ങനെ ജോലിക്ക് പോകാനാണ്?. 

ആൻഡ്രിയാസിന്റെ അവസ്ഥ കണ്ടറിഞ്ഞ കമ്പനിയുടെ എച്ച് ആർ വിഭാഗം തലവൻ സ്ഥാപനത്തിലെ സഹപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു.  പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യമാണ്. ആൻഡ്രിയാസിന്റെ സഹപ്രവർത്തകർ എല്ലാവരും ചേർന്ന് തങ്ങളാൽ കഴിയും വിധം ഓവർടൈം ജോലി ചെയ്തു. ഇത്തരത്തിൽ സഹപ്രവർത്തകർ ഓവർടൈം ജോലി ചെയ്ത് ആൻഡ്രിയാസിന് ലഭിച്ചു നൽകിയത് 3300  മണിക്കൂറുകളാണ്. 

വെറും രണ്ടാഴ്ച കൊണ്ടാണ് സഹപ്രവർത്തകർ ഇത്രയും മണിക്കൂറുകൾ അധിക ജോലി ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ആൻഡ്രിയാസിന്റെ ഭാര്യ മരണപ്പെട്ടത്. അതിനു ശേഷം മകന് കാൻസർ ബാധ സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒൻപതു മാസത്തോളം മകന്റെ കൂടെ തന്നെയായിരുന്നു ആൻഡ്രിയാസ്. തനിക്ക് വേണ്ടി സഹപ്രവർത്തകർ ചെയ്ത കാര്യം കേട്ടപ്പോൾ കരഞ്ഞുകൊണ്ടാണ് ആൻഡ്രിയാസ് സന്തോഷം പങ്കുവച്ചത്. 

നീണ്ട നാളത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരുന്ന അദ്ദേഹത്തിന്റെ മകൻ ജൂലിയസ് ഗ്രാഫ് താമസിയാതെ സ്‌കൂളിൽ പോയി തുടങ്ങും 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam