Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയെ തിരികെ കിട്ടാൻ‌ ഞങ്ങളെ സഹായിക്കണം; സഹോദരനും സഹോദരിയും

Jesna Missing ജെസ്നയുടെ സഹോദരനും സഹോദരിയും, ജെസ്ന

സമൂഹമാധ്യമത്തിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടയ്ക്ക് മിസ്സിങ് കേസുകളുടെ വാർത്തകൾ മുമ്പിൽ വരുമ്പോൾ അതിനെക്കുറിച്ച് ആത്മാർഥമായി വ്യാകുലപ്പെടുന്നവർ എത്രപേരുണ്ടാകും. കാണാതായ വ്യക്തിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്നവരാകും ഏറെയും. അടുത്തിടെ കാണാതായ ജെസ്ന എന്ന ഇരുപതുകാരിയുടെ കാര്യമെടുത്താലും ഇതു തന്നെ അവസ്ഥ. ജെസ്നയ്ക്കു വേണ്ടി ഊർജിതമായി തിരച്ചിൽ നടത്താൻ സന്മനസ്സു കാണിക്കുന്നവരുള്ളപ്പോൾ തന്നെ ജെസ്നയ്ക്കു പ്രണയബന്ധങ്ങളുണ്ടാകാം, ഇറങ്ങിപ്പോയതാകാം തുടങ്ങിയ ആരോപണങ്ങളുന്നയിക്കുന്നവരുമുണ്ട്. എന്നാൽ ഇതെല്ലാം കേട്ടു നെഞ്ചുനീറി കഴിയുന്ന മൂന്നുപേരുണ്ട്, ജെസ്നയുടെ അച്ഛനും സഹോദരനും സഹോദരിയുമാണത്. തങ്ങളുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കി ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും സഹോദരിയും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

ജെസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്കെ  മോശമായി പറയുന്നവരുണ്ട്. പക്ഷേ അവരെല്ലാം സത്യാവസ്ഥ എന്തണെന്നു മനസ്സിലാക്കിയിട്ടു വേണം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ എന്നു പറയുന്നു ജെയ്സ്. അവൾക്കെന്തെങ്കിലും മോശമായി സംഭവിക്കുകയാണെന്ന് പിന്നീ‌ട് അറിയുകയാണെങ്കിൽ ഇപ്പോൾ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. തങ്ങളു‌െട അവസ്ഥ മനസ്സിലാക്കി തങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ഇരുവരും പറയുന്നു. ജെയ്സിന്റെ വാക്കുകളിലേക്ക്....

''നാൽപ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തിൽ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്, മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസിൽ പോയി, ശേഷം താൻ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തന്റെ ബികോം റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോൾ അവൾക്കൊരിക്കലും പ്ലാൻ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല. 

അവൾ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താൻ കോളജിൽ പോയി 9.15 ഒക്കെ ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു, ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസ്സിൽ കയറി എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാൻ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയൽവക്കത്തെ പിള്ളേരോടും പഠിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയിൽ നിന്നു കയറിയ ഒരു ബസ്സിൽ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവൾ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. അവൾക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പല കാര്യങ്ങളും തിരച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളു‌െട അവസ്ഥയും മനസ്സിലാക്കണം, ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, പൊലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പിൽ െകാടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്, എന്നാൽ‍ അതവളുടെ ഭാവിയെ തകർക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്. 

ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല, അവൾ കൂടി പോയി കഴിഞ്ഞാൽ പിന്നെ താങ്ങാൻ സാധിക്കില്ല. സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്. 

മമ്മി മരിച്ച വിഷമത്തിൽ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങൾ കൂടിയായി കണ്ട് ഒന്നിച്ചു പ്രവർത്തിക്കാം. അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നെങ്കിൽ എ​ന്നാണ് താനിപ്പോൾ പ്രാർഥിക്കുന്നത്, കാരണം അവൾ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളർത്തുന്ന ആരോപണങ്ങൾ ദയവുചെയ്ത് ഉണ്ടാക്കരുത്.''- ജെയ്സ് പറയുന്നു.

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. ജസ്നയുടെ വാട്സാപ്പും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാണാതായ ജെസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളിൽ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേയ്ക്കു പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. 

ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam