രാജകീയ വിവാഹത്തില്‍ താരമായി ഒരമ്മ, കാരണം?

മേഗന്‍ മാര്‍ക്കിൾ അമ്മ ഡോറിയ റാഗ്‌ലന്‍ഡിനൊപ്പം

സസക്‌സ് പ്രഭുവും സസക്‌സ് പ്രഭ്വിയും ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും രാജകീയ വിവാഹം കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടി. മാര്‍ക്കിളിന്റെ അമ്മ ഡോറിയ റാഗ്‌ലന്‍ഡ്.

വിവാഹത്തലേന്ന് എലിസബത്ത് രാജ്ഞിയോടൊപ്പം ചായ കുടിക്കാനെത്തിയപ്പോള്‍ തന്നെ റാഗ്‌ലന്‍ഡ് സന്ദര്‍ശകരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. സെന്റ് ജോര്‍ജ്‌സ് ചാപ്പലിലേക്ക് മേഗനെ കൈപിടിച്ച് നടത്തിയ ആ അമ്മയെകുറിച്ചും ഇപ്പോള്‍ ലോകം സംസാരിക്കുന്നു. അറിയാം 61കാരിയായ ഡോറിയ റാഗ്‌ലന്‍ഡിനെ...

മേഗന്‍ മാര്‍ക്കിൾ അമ്മ ഡോറിയ റാഗ്‌ലന്‍ഡിനൊപ്പം

വലിയ സുഹൃദ് ബന്ധങ്ങളൊന്നും ഇഷ്ടമല്ല സസക്‌സ് പ്രഭ്വിയുടെ അമ്മയ്ക്ക്. അയല്‍ക്കാരോടൊന്നും പരിധിവിട്ട ചങ്ങാത്തമില്ലാത്ത, എന്നാല്‍ ആവശ്യത്തിന് മിണ്ടുന്ന ഒരമ്മ. എന്തിലാണ് പിന്നെ അവര്‍ക്ക് താല്‍പ്പര്യമെന്നല്ലേ...എക്‌സസൈസ്, അതെ വ്യായാമം. ഫിസിക്കലി സ്‌ട്രോങ്ങാണ് കക്ഷി. യോഗ മാറ്റും പിടിച്ച് സ്ട്രീറ്റിലൂടെ നടക്കുന്ന അവരെ നാട്ടുകാര്‍ക്ക് പരിചിതമാണ്. ഒപ്പം റാഗ്‌ലന്‍ഡിന്റെ വളര്‍ത്തുനായകളുമുണ്ടാകും. നായകളോടൊപ്പമുള്ള നടത്തം ദിവസത്തില്‍ നിരവധി തവണയുണ്ട്.

കാലിഫോര്‍ണിയയില്‍ യോഗ സ്റ്റുഡിയോ നടത്തുന്നുണ്ട് റാഗ്‌ലാന്‍ഡ്. യോഗയില്‍ മേഗന്റെ മാതാവിന് യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ല. എപ്പോഴും ചിരിച്ചും സന്തോഷത്തോടെയുമായിരിക്കും അവര്‍ ഇരിക്കുകയെന്നാണ് യോഗ സ്റ്റുഡിയോയിലെ ജീവനക്കാരുടെ വാക്കുകള്‍. അതേസമയം അധികമാളുകളുമായി സോഷ്യലൈസ് ചെയ്യാനൊന്നും റാഗ്‌ലന്‍ഡിനെ കിട്ടില്ല. 

മേഗന്‍ മാര്‍ക്കിൾ അമ്മ ഡോറിയ റാഗ്‌ലന്‍ഡിനൊപ്പം

രാജകീയ വിവാഹത്തിന് ശാരീരിക അസ്വാസ്ഥ്യം കാരണം മേഗന്റെ അച്ഛന്‍ പങ്കെടുത്തിരുന്നില്ല. പകരം അമ്മ ഡോറിയ റാഗ്‌ലന്‍ഡ് തന്നെയായിരുന്നു മേഗന് കൂട്ടായി എത്തിയത്. ഇതിന് മുമ്പ് മേഗനുമൊത്ത് ചില ഇവന്റുകളില്‍ റാഗ്‌ലന്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതുപോലെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ കിട്ടുന്നത് ആദ്യം. 

1979ലാണ് തോമസ് മാര്‍ക്കിളും റാഗ്‌ലന്‍ഡും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മേഗന്‍ പിറന്നു. 'സോ ഫണ്‍' എന്നും 'ഫ്രീ സ്പിരിറ്റ്' എന്നുമെല്ലാമാണ് മേഗന്‍ അമ്മയെ വിശേഷിപ്പിക്കാറുള്ളത്. 1987ല്‍ തോമസും റാഗ്‌ലന്‍ഡും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. മേഗന് ആറ് വയസ്സായിരുന്നു അപ്പോള്‍.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam