നല്ല അച്ഛന്റെ നല്ല മകൻ; അന്ന് ഉപേക്ഷിച്ചവർ കാണുന്നുണ്ടോ?

ഇത് ഒരച്ഛന്റെയും മകന്റെയും കഥയാണ്‌. വായിച്ചു തള്ളിക്കളയേണ്ട ഒരു കഥയല്ല, മറിച്ച് മനുഷ്യത്വം മരിച്ചിട്ടില്ലത്തവർ നെഞ്ചോട്‌ ചേർക്കേണ്ട കഥ. ജൂൺ 17, 2018, ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ഈ അച്ന്റെയും മകന്റെയും കഥ ഒരിക്കൽ കൂടി കേൾക്കണം. 10 മാസം ചുമന്ന് നൊന്തു പെറ്റതിന്റെ കണക്കു പറയുന്ന അമ്മമാർക്കും മക്കളെ വളർത്തി വലുതാക്കാൻ അഹോരാത്രം കഷ്ടപ്പെട്ടത്തിന്റെ കണക്ക് നിരത്തുന്ന അച്ഛന്മാർക്കും ഈറൻ കണ്ണുകളോടെ മാത്രമേ , ആദിത്യ തിവാരി എന്ന ഈ അച്ഛന്റെയും അവനിഷ് എന്ന ഈ മകന്റെയും കഥ കേൾക്കാൻ സാധിക്കൂ. 

ഇൻഡോർ സ്വദേശിയും എഞ്ചിനീയരുമായ ആദിത്യ തിവാരി എന്ന യുവാവിന്റെ എല്ലാമെല്ലാമാണ് തന്റെ മകനായ അവനിഷ് എന്ന അവി. ഒരു വിധത്തിൽ പറഞ്ഞാൽ, ആദിത്യ ജീവിക്കുന്നത് തന്നെ കുഞ്ഞു അവിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനാണ് എന്ന് പറയാം. യാതൊരു കുറവും വരുത്താതെ, അവിയെ പോന്നു പോലെ നോക്കുന്നുണ്ട് 30കാരനായ ആദിത്യയും അമ്മയും അച്ഛനും അടങ്ങുന്ന തിവാരി കുടുംബം. 2016 ജനുവരിയിലാണ് അവി ആദിത്യയുടെ സ്വന്തമാകുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്. 

ആദിയുടെയും അവിയുടെയും കഥയിങ്ങനെ... 

കുഞ്ഞ് അവി ആദിത്യയുടെ സ്വന്തം മകനല്ല. ഹൃദയത്തിന് ദ്വാരവുമായി ജനിച്ച കുഞ്ഞിനു ഡൌൺ സിൻഡ്രോം കൂടി ഉണ്ട് എന്ന് മനസിലായപ്പോൾ , അച്ഛനും അമ്മയും ആവിയെ ഉപേക്ഷിക്കുകയായിരുന്നു. മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അവസ്ഥ ഭോപ്പാലിൽ വാർത്തയായി , ധാരാളം പേർ കുഞ്ഞിന്റെ അവസ്ഥയില്‍ പരിതപിച്ചു. എന്നാൽ അത് കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരമാവില്ലല്ലോ. അങ്ങനെയിരിക്കുമ്പോഴാണ് , ആദിത്യ കുഞ്ഞിനെ കുറിച്ച് അറിയുന്നത്.

അനാഥാലയത്തിൽ കുഞ്ഞിന്റെ സ്പോൻസർ കുപ്പായം അണിഞ്ഞു കഴിയുന്നതിലും നല്ലത്, കുഞ്ഞിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതാണ് എന്ന് ആദിത്യക്ക് തോന്നി. കാരണം, ഡൌൺ സിൻഡ്രോമിനോപ്പം ഹൃദയത്തിന് ദ്വാരം കൂടിയുള്ളതിനാൽ, കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായിരുന്നു. എന്നാൽ, വിവാഹിതനല്ലാത്ത ഒരു വ്യക്തിക്ക് കുഞ്ഞിനെ എളുപ്പത്തിൽ ദത്തെടുക്കാന്‍ മാത്രം സുതാര്യമല്ലായിരുന്നു ഇന്ത്യയിലെ നിയമങ്ങൾ.

ശ്രമകരമായ ദത്തെടുക്കൽ... 

2014 സെപ്റ്റംബറില്‍ തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മധുരം പങ്കുവയ്ക്കാനായി ഇന്‍ഡോറിലെ ഒരു അനാഥാലയത്തില്‍ ചെന്നപ്പോഴാണ് ആദിത്യ ആദ്യമായി അവിയെ കാണുന്നത്. അനാഥാലയത്തിലെ അധികൃതര്‍ പറഞ്ഞ കാര്യങ്ങളിലൂടെ ആദിത്യ കുഞ്ഞിനെ കൂടുതലായി അറിഞ്ഞു. വീണ്ടും വീണ്ടും ആ കുഞ്ഞിന്റെ ഓമനത്തമുള്ള മുഖം ആദിയെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെ ദത്തെടുക്കുന്നതാണ് ഉചിതമെന്ന് ആദിത്യക്ക് തോന്നി. ആ മാസത്തില്‍ തന്നെ അന്ന് ആറു മാസം പ്രായമുള്ള ബിന്നിയെ (ആവിയുടെ പഴയ പേര്) ദത്തെടുക്കാൻ ആദിത്യ ശ്രമങ്ങൾ ആരംഭിക്കുന്നത്. ജനിതിക വൈകല്യങ്ങള്‍ക്കു പുറമേ ഹൃദയത്തിന് ദ്വാരം കൂടിയുള്ള കുട്ടിയെ ദത്തെടുക്കുന്നതിന് ആദ്യം തടസമായത് ആദിത്യയുടെ പ്രായം തന്നെയാണ്.

30 വയസില്‍ താഴെയുള്ള അവിവാഹിതർക്ക് കുട്ടികളെ ദത്തു നല്കാൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. എന്നാൽ , കഴിഞ്ഞ ഓഗസ്റ്റില്‍ പ്രായപരിധി 25 വയസായി കുറച്ചതിനെ തുടർന്നാണ്‌ ആദിത്യ അവിയെ സ്വന്തമാക്കാനുള്ള നടപടികളിലേക്ക് കാര്യമായി കടന്നത്‌. കുട്ടികള്‍ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഭോപ്പാൽ ആസ്ഥാനമായ മട്രാച്ഛായ എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ബിന്നിയെ ദത്തെടുത്തത്. കൈക്കുഞ്ഞിനെ രക്ഷിക്കാനുള്ള മകന്റെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി അച്ഛനും അമ്മയുമുണ്ടായിരുന്നു. എന്നിട്ടും സമൂഹത്തിന്റെ പല തലങ്ങളിൽ നിന്നും ആദിത്യക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ അത് കൊണ്ടൊന്നും പിന്തിരിയാൻ ആദിത്യ ഒരുക്കമായിരുന്നില്ല.

ഒടുവിൽ 2015 ഓഗസ്റ്റ് 27 ന് മട്രാച്ഛായ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മേനക ഗാന്ധി കാര്യങ്ങൾ അറിഞ്ഞ് , പ്രശ്നത്തിൽ ഇടപെട്ടു. നടപടികൾ ലഘൂകരിച്ച്, 2016 ജനുവരിയിൽ ആദിത്യ ബിന്നിയെ സ്വന്തമാക്കി. അതിനുശേഷം, അവനിഷ് എന്ന പേരും നല്‍കി തിവാരി കുടുംബത്തിലെ അംഗമാക്കി.

ഇതുവരെ കേട്ടത് പഴങ്കഥ , ഇന്നോ? 

ഇന്ന് കുഞ്ഞ് അവിയ്ക്ക് അച്ഛനും അമ്മയുമുണ്ട്. ആദിത്യയെയും അവിയേയും ഒരുപോലെ ഉൾക്കൊണ്ട് സ്നേഹിച്ച് ആദിത്യയുടെ ജീവിത സഖിയായത് ഇൻഡോർ സ്വദേശിനിയാണ്. ആദിത്യയും അവിയും ഇന്ന് സന്തുഷ്ടരാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ അച്ഛനും മകനും ഇവരാണെന്ന് പറയാം. രക്തബന്ധത്തിന്റെ കെട്ടുറപ്പ് എന്ന വാക്കിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ആദിയുടെ മകനായി അവി വളരുന്നത്‌. ഓട്ടിസത്തിന്റെ പേരിൽ മകനെ ഉപേക്ഷിച്ച അച്ഛനമ്മമാർ അറിയുക, അവൻ ഹാപ്പിയാണ് ആദിത്യ എന്ന അച്ഛനൊപ്പം . നിങ്ങള്‍ക്ക് കൊടുക്കാനാവാത്ത എല്ലാ സന്തോഷവും അനുഭവിച്ച് അവന്‍ വളരും.. .നല്ല അച്ഛന്റെ നല്ല മകനായി ...