എവിടെയായിരുന്നു അച്ഛൻ സ്നേഹമെല്ലാം ഒളിപ്പിച്ചത്?; അത് നമ്മുടെ ഓർമകളിലായിരുന്നു...

കുത്തിക്കുറിക്കുന്ന ശീലമുണ്ട്. എഴുതിയതു പിന്നെ വായിച്ചുനോക്കുമ്പോള്‍ ഇഷ്ടം തോന്നും. നന്നാക്കാമായിരുന്നു എന്നു തോന്നിയവയുണ്ട്. തീരെ പോരാ എന്ന ഉറപ്പില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. ഒടുവില്‍ ഒരു പരീക്ഷണത്തിനു തന്നെ മുതിര്‍ന്നു. ആരാധനയോടെ നോക്കിക്കണ്ട വാരികയ്ക്ക് അയച്ചുകൊടുത്തു. പിന്നെയതു മറന്നു. പക്ഷേ വൈകിവന്ന ആഴ്ചപ്പതിപ്പില്‍ എഴുതി അയച്ചത് അച്ചടിച്ചുവന്നു; വള്ളിപുള്ളി വ്യത്യാസമില്ലാതെ! ആഹ്ലാ തോന്നിയില്ലെന്നല്ല. അതിനേക്കാളും ആശങ്കപ്പെടുത്തി അച്ഛന്‍ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത. എന്തു പറഞ്ഞു നില്‍ക്കും? വല്ലാതെ ദേഷ്യപ്പെടുമോ? അതോ പതിവുള്ള ദേഷ്യമൊക്കെ മാറ്റിവച്ചു സ്നേഹത്തോടെ അടുത്തേക്കു വിളിക്കുമോ? നന്നായെന്നും ഇനിയെഴുതണമെന്നും പറയുമോ?

മനഃപൂര്‍വല്ലെന്ന നാട്യത്തില്‍ അച്ഛന്‍ വായിക്കാനെടുക്കുന്ന വര്‍ത്തമാനപത്രങ്ങളുടെ കൂട്ടത്തില്‍ ആഴ്ചപ്പതിപ്പ് കൊണ്ടിട്ടു. കാത്തിരുന്നു. വിളിക്കുന്നതു കേള്‍ക്കാന്‍. ഉറക്കെ വിളിക്കുമ്പോള്‍ അടുത്തു ചെല്ലാനായി തല താഴ്ത്തി മുറിയില്‍ ശ്വാസമടക്കിപ്പിടിച്ചുനിന്നു. നിമിഷങ്ങള്‍ കടന്നുപോയി. പിന്നെ മണിക്കൂറുകളും. ഇല്ല പ്രതികരണമൊന്നുമില്ല. 

അച്ഛന്‍ മാസിക കയ്യിലെടുക്കുന്നതു കണ്ടിരുന്നു. ഓരോ പുറവും തുറന്നു സശ്രദ്ധം വായിക്കുകയും ചെയ്തു. എന്നിട്ടും...?

ഉത്തരമില്ലാത്ത ചോദ്യം. അസ്വസ്ഥതയുടെ ആലംബമില്ലാത്ത നിമിഷങ്ങള്‍. 

പോയി പറഞ്ഞാലോ... ഇല്ല അഭിമാനം സമ്മതിക്കുന്നില്ല. 

പിറ്റേന്ന് മാസികയെടുത്ത് കഥ വന്ന താള്‍ തുറന്നുതന്നെ മേശപ്പുറത്തിട്ടു. ഇന്ന് എന്തായാലും കാണും. പ്രതികരിക്കും. 

ബോധപൂര്‍വമല്ലെന്ന ഭാവം വരുത്തി അച്ഛന്റെ അടുത്തുകൂടി പലവട്ടം നടന്നു. ഒടുവിലച്ഛന്‍ തല ഉയര്‍ത്തി. 

നിന്റെ പേരുള്ള ആരോ ഇതാ ഒരു കഥ എഴുതിയിരിക്കുന്നു...! 

തകര്‍ന്ന ഹൃദയത്തെ വാരിപ്പിടിച്ചാണ് പിന്നീടുള്ള ദിവസങ്ങള്‍ നടന്നത്. പേരു തിരിച്ചറിയുമെന്നും കഥ മനസ്സിലാക്കുമെന്നും അഭിനന്ദിക്കുമെന്നും കരുതിയ ബുദ്ധിമോശത്തെ വീണ്ടും വീണ്ടും പഴിച്ചുകൊണ്ടിരുന്നു. നേരിയ ഒരു സംശയമെങ്കിലും തോന്നാതിരുന്നത് എന്തുകൊണ്ടാണ് അച്ഛന്? 

അവഗണിച്ചിട്ടും ദേഷ്യം തോന്നിയില്ല അച്ഛനോട്. വേദനയായിരുന്നു. അറിയണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചയാള്‍ അറിഞ്ഞില്ലല്ലോ എന്ന വേദന. തിരിച്ചറിയാതിരുന്നതിന്റെ ദുഃഖം. 

അന്നത്തെ ചെറുപ്പക്കാരന്‍ വളര്‍ന്നു. വലുതായി. തമിഴ് ഭാഷയെയും സാഹിത്യത്തെയും ആധുനികതയിലേക്കു നയിച്ചു. ‘ഒരു പുളിമരത്തിന്‍ കഥ’ എന്ന മാസ്റ്റര്‍പീസ് നോവലിന്റെ രചയിതാവ് സുന്ദര രാമസ്വാമി. 

അന്നെന്താണു സംഭവിച്ചത്? മനസ്സിലാക്കാതിരുന്നിട്ടുതന്നെയാണോ അച്ഛന്‍ അവഗണിച്ചത് ? ആ ചോദ്യം പലവട്ടം ഉയര്‍ന്നുവന്നെങ്കിലും ഉത്തരം മാത്രം കിട്ടിയില്ല. ഉത്തരം പറയാതെ അച്ഛന്‍ പിരിഞ്ഞുപോയി. മകന്‍ അച്ഛനുമായി. 

ഇന്നിങ്ങനെയൊരു അനുഭവം കേള്‍ക്കുമ്പോള്‍ ഇങ്ങനെ പെരുമാറുമോ അച്ഛന്‍മാര്‍ എന്ന് അദ്ഭുതപ്പെടുന്നവരുണ്ട്. കടന്നുപോയ ഒരു കാലഘട്ടത്തിലെ അച്ഛന്‍മാര്‍. അധികമൊന്നും സംസാരിക്കാതെ, മക്കള്‍ പേടിയോടെ മാത്രം കണ്ട ‘ഗൃഹനാഥന്‍’. ഒരു വാക്കിലൂടെയോ വാചകത്തിലൂടെ വ്യക്തമാക്കാവുന്ന കാര്യം പോലും പരസ്പരം പറയാതെ മനസ്സില്‍ കൊണ്ടുനടന്നവര്‍. അവരുടെ വംശം കുറ്റിയറ്റുപോകുകയാണ്. തുറന്നുപറയുന്നതിനൊപ്പം, സൂഹൃത്തുക്കളും പിന്തുണക്കാരുമായ അച്ഛന്മാരുടെ യുഗം പിറന്നുകഴിഞ്ഞു. 

എങ്കിലും മറക്കാനാവുമോ അവരെ...? 

ഒരു വാക്കിലൂടെ പോലും അഭിനന്ദിക്കാത്ത പരുക്കന്‍മാരെ...

ഒന്നു ചിരിക്കുക പോലും ചെയ്യാത്ത കഠിനമനസ്സുള്ളവരെ... 

ഒന്നും പറയാതെ മണിക്കുറുകള്‍ അടുത്തിരിക്കുകയും മക്കള്‍ എന്തു ചെയ്താലും അവയെല്ലാം മറ്റാരോ ആണോ ചെയ്തതെന്ന് ഭാവിക്കുകയും ചെയ്ത പിശുക്കന്‍മാരെ.... 

എവിടെയാണ് അവര്‍ സ്നേഹമെല്ലാം ഒളിപ്പിച്ചുവച്ചത്? ആര്‍ദ്രതയൊക്കെ കുഴിച്ചുമൂടിയത്? പറയാന്‍ ഏറെയുണ്ടായിട്ടും മൗനം കൊണ്ടു ചുണ്ടുകള്‍ പൂട്ടിവച്ചത്. ആ മനസ്സിനു നമോവാകം. 

കടന്നുപോകുന്ന കാലം അവരെയും ഓര്‍മിക്കുമോ ....?