Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രണയിനിയെ ചുംബിക്കാൻ അനുവാദം തേടണോ' ചോദ്യോത്തരം വൈറൽ!

kiss-of-love

എത്ര അടുത്തിടപെഴകുന്നവരായാലും ചില കാര്യങ്ങൾക്കെല്ലാമൊരു അതിർ വരമ്പുണ്ട്. അതിനപ്പുറം താണ്ടിയാൽ പല ബന്ധങ്ങളും ബന്ധനങ്ങളാകുക തന്നെ ചെയ്യും.

ഒരു സ്ത്രീയുടെ പ്രത്യേകിച്ച് പ്രണയിനിയുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ അനുവാദം വേണമോ വേണ്ടയോ എന്നതാണ് ചോദ്യം. സാധാരണ ഗതിയിൽ വേണമെന്ന് തന്നെയായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടി. പക്ഷേ പ്രണയാർദ്രമായൊരു നിമിഷത്തിൽ പ്രിയപ്പെട്ടവളെ ചേർത്തു പിടിക്കുമ്പോൾ അനുവാദം തേടേണ്ടതുണ്ടോ എന്നതാണ് സംശയം. ഇനി അഥവാ അനുവാദം തേടിയാൽ തന്നെ അത് ആ നിമിഷത്തിലെ ‘റൊമാൻസിനെ’ ഇല്ലാതാക്കി കളയുമോ എന്നും പേടിക്കണം.

അത്തരം പേടിയും സംശയങ്ങളും ഒരു ഓൺലൈനിനു മുന്നിലേക്ക് വച്ചപ്പോൾ ലഭിച്ച മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. റെഡിറ്റി എന്ന (reddit) ഓൺലൈൻ പ്ലാറ്റ്ഫോമിന് മുമ്പാകെയാണാണ് ആ സംശയമെത്തിയത്.

'ഒന്നു കൈപിടിക്കാനോ, ഉമ്മ വയ്ക്കാനോ ഒക്കെ തോന്നിയാല്‍ അനുവാദം ചോദിക്കണോ പ്രത്യേകിച്ച് പ്രണയത്തിലായ ഉടനെ' എന്ന ഇയാളുടെ ചോദ്യത്തിന് നിരവധി സ്ത്രീകളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. ചിലര്‍ പറഞ്ഞത്, എന്ത് റൊമാന്‍സ് തകര്‍ന്നാലും സാരമില്ല. പക്ഷെ, കൃത്യമായി അനുവാദം ചോദിച്ച ശേഷം തലോടലും ഉമ്മ വയ്ക്കലുമെല്ലാം ആവുന്നതാണ് നല്ലതെന്നാണ്. ചിലര്‍ പറഞ്ഞതാകട്ടെ, നേരിട്ട് ചോദിക്കണ്ട. ചില കൺനോട്ടങ്ങളിലൂടെയും മറ്റും കാര്യം സൂചിപ്പിച്ചാല്‍ മതിയെന്നാണ്. 

ഒരാളുടെ മറുപടി ഇതായിരുന്നു, അനുവാദം ചോദിക്കുന്നതിലൊരു കുഴപ്പവുമില്ല. അതാണ് നല്ലത്. എന്നെ സ്നേഹിച്ചിരുന്നയാള്‍ ആദ്യം എന്നോട് 'കൈപിടിച്ചോട്ടെ' എന്ന് ചോദിച്ചിരുന്നു, പിന്നീട് 'ചുംബിച്ചോട്ടെ' എന്നും. അത് നല്ല പെരുമാറ്റമായാണ് എനിക്ക് തോന്നിയത്. 

വേറൊരാള്‍ പറഞ്ഞത്, 'നേരത്തേ ഇഷ്ടമില്ലാത്തവര്‍ കൈകോര്‍ത്തു പിടിക്കുമ്പോഴും അവര്‍ക്ക് വിഷമമാവേണ്ടെന്ന് കരുതി തടയാറില്ലായിരുന്നു. പക്ഷെ, അത് ചോദിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കണ്ണുകളിലേക്ക് നോക്കി, പതിയെ കയ്യെടുത്ത് കയ്യില്‍ വയ്ക്കുകയോ മറ്റോ ചെയ്യാം. താല്‍പര്യമില്ലെങ്കില്‍ അവരുടെ പെരുമാറ്റത്തില്‍ കാര്യം അറിയാം' എന്നും.

വേറൊരാള്‍ പറഞ്ഞതാകട്ടെ, 'കൈകോര്‍ത്തുപിടിക്കുക, ചുംബിക്കുക തുടങ്ങിയ കാര്യങ്ങളിലൊന്നും അനുവാദം ചോദിക്കണമെന്നില്ല. കാരണം, വളരെ അടുത്തവരാണെങ്കില്‍ പെരുമാറ്റത്തില്‍ തന്നെ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തിരിച്ചറിയാനാകും. നോട്ടത്തിലും ചെറിയ ചെറിയ പ്രവൃത്തികളിലുമൊക്കെ. പക്ഷെ, സെക്സ് പോലെയുള്ള കാര്യങ്ങളില്‍ തീര്‍ച്ചയായും അനുവാദം ചോദിക്കേണ്ടതുണ്ട്' എന്നാണ്.

വിവാഹിതരായ പലരും പറഞ്ഞത് നേരത്തേ പ്രണയത്തിലായിരിക്കുമ്പോള്‍ അനുവാദം ചോദിച്ചിരുന്നുവെന്നും അത് ബന്ധങ്ങളെ കൂടുതല്‍ മനോഹരമാക്കുകയേ ചെയ്തിട്ടുള്ളൂ എന്നുമാണ്.

ഒരാള്‍ പറഞ്ഞത്, ആദ്യം ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ 'നോ' എന്നാണ് പറഞ്ഞത്. പിന്നീട്, ഒന്നൂടി ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ ചോദിച്ചപ്പോള്‍ അനുവദിച്ചു എന്നുമാണ്.

ഇത് സ്ത്രീകള്‍ക്കുള്ള പോസ്റ്റാണെങ്കിലും ഞാനും അഭിപ്രായം പറയുന്നുവെന്ന് ഒരു പുരുഷനെഴുതിയിട്ടുണ്ട്. 'പലര്‍ക്കും പലതരത്തിലുമാണ് തോന്നാറ്. ചിലര്‍ക്ക് അനുവാദം ചോദിക്കണമെന്നുണ്ടാകില്ല. പക്ഷെ, ഒരു കാര്യം തീര്‍ച്ചയാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അവര്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാകും. അത് പരിഗണിക്കണമെ'ന്നാണ് ഇയാളെഴുതിയത്.

ചിലര്‍ വേണ്ടാ എന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. വേണ്ടാ, അനുവാദം ചോദിക്കുന്നത് റൊമാന്‍സിനെ തകര്‍ക്കുമെന്നും, അതുകൊണ്ട് നേരിട്ട് കൈപിടിക്കുന്നതോ, ചുംബിക്കുന്നതോ ഒക്കെയാണ് നല്ലതെന്നും.

ഏതായാലും നൂറുകണക്കിന് സ്ത്രീകളുടെ കൂട്ടായ അഭിപ്രായം കണ്ടപ്പോള്‍ അനുവാദം ചോദിച്ച ശേഷം തൊടുകയോ, ചുംബിക്കുകയോ ചെയ്യുന്നതാണ് ശരിയെന്ന് കരുതുന്നതായി യുവാവ് റെഡിറ്റിലെഴുതി. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam