കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് പെൺകുട്ടി

കോടികളുടെ സ്വത്തുപേക്ഷിച്ച്, തല മുണ്ഡനം ചെയ്ത് ജൈന സന്യാസിനിയായി എംബിബിഎസുകാരി. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 കാരിയാണ് ലൗകിക ജീവിതത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് സാധ്വി ശ്രീ വിശ്വറാം എന്ന നാമം സ്വീകരിച്ചത്. ഹീനയുടെ കുടുംബം അതിസമ്പന്നരായിരുന്നു. 

അതുകൊണ്ടുതന്നെ ആത്മീയ ജീവിതം സ്വീകരിക്കുന്നതിൽ വലിയ എതിർപ്പുകളാണ് വീട്ടിൽനിന്നു ഹീനയ്ക്കു നേരിടേണ്ടി വന്നത്. എന്നാൽ, തന്‍റെ  ആഗ്രഹം ഉപേക്ഷിക്കാൻ ഹീന തയാറായില്ല. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ ആത്മീയതയിൽ ഹീന വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തല മുണ്ഡനം ചെയ്ത് രണ്ടു വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്താണ് ഹീന ജനിച്ചു വളർന്ന വീടു വിട്ടിറങ്ങിയത്.

12 വർഷമായി ഒറ്റയ്ക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലെ സ്വർണ മെഡൽ ജേതാവായ ഹീന മൂന്നു വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സന്ന്യാസ ജീവിതം സ്വീകരിച്ചത്. കഴിഞ്ഞവർഷം, ഒരു വജ്രവ്യാപാരിയുടെ മകനായ ഭവ്യ ഷാ എന്ന പന്ത്രണ്ടുകാരനും സന്യാസദീക്ഷ സ്വീകരിച്ചിരുന്നു.