ചിരിച്ച്, കണ്ഠമിടറി, കണ്ണുനിറഞ്ഞ് ഹനാന്‍, വിഡിയോ അഭിമുഖം

സ്വന്തം ജീവിതം വലിയ വാർത്തയായതറിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാനെത്തിയതാണ് ഹനാന്‍. ബുധനാഴ്ച ആയതിനാൽ യൂണിഫോം ആയിരുന്നില്ല വേഷം. തമ്മനം മാർക്കറ്റിൽ അവൾ മീൻ വിൽക്കുന്നതിന് തൊട്ടടുത്തുള്ള വീട്ടിലിരുന്ന് സംസാരിച്ചപ്പോൾ ഹനാ‍ൻ ചിരിച്ചു, കുടുംബത്തെപ്പറ്റി പറഞ്ഞപ്പോൾ ശബ്ദമിടറി, കണ്ണുനിറഞ്ഞു. മീൻവിൽപ്പനയും പഠനവും അതിനിടയിലെ ഓട്ടപ്പാച്ചിലുമെല്ലാം അവൾ പറഞ്ഞു.

മദ്യപാനിയായ അച്ഛൻ, മാനസികരോഗിയായ അമ്മ, അനിയൻ, വാടകവീട്. കുടുംബവും ജീവിതസാഹചര്യങ്ങളും സന്തോഷിക്കാൻ വക നൽകാതായപ്പോൾ, ജീവിതം വഴിമുട്ടിയപ്പോൾ, കുഞ്ഞുപ്രായത്തിലേ വലിയ ഉത്തരവാദിത്തങ്ങളെടുത്ത് തലിയിൽ വെച്ചു. മുത്തുമാലകൾ കോർത്തും ട്യൂഷനെടുത്തും ചെറിയ കച്ചവടങ്ങൾ ചെയ്തും അവൾ സ്വയം സമ്പാദിച്ചുതുടങ്ങി.

ഏഴാം ക്ലാസിൽ തുടങ്ങിയതാണ് ദുരിതം. സ്വയം പഴിക്കാതെ, ജീവിതത്തോട് പോരടിച്ചാണ് അവൾ ചിരിക്കാനുള്ള ഊർജം കണ്ടെത്തിയത്. അന്നന്നത്തേക്കുള്ള വരുമാനം മാത്രമല്ല ലക്ഷ്യം, വലിയൊരു സ്വപ്നമുണ്ടവൾക്ക്. ഡോക്ടറാകണം. ആ സ്വപ്നത്തിനുനേരെ കൂടിയാണ് ചിലർ കല്ലെറിഞ്ഞത്.

തൃശൂരിലെ ഹമീദിന്റെയും സൈറാബിയുടെയും മൂത്ത മകളാണ് ഹനാൻ. ഒരനിയൻ. സ്വത്തുതർക്കത്തെത്തുടർന്നാണ് ഹനാന്റെ കുടുംബത്തിന് വീട് നഷ്ടമായതും പിന്നീട് വാടകവീട്ടിലേക്ക് മാറുന്നതും. പിന്നീട് ചെറിയ കച്ചവടങ്ങൾ ചെയ്താണ് ഹമീദ് കുടുംബം പുലർത്തിയിരുന്നത്. പഠനത്തിനൊപ്പം മാതാപിതാക്കളെ സഹായിക്കാനും മുത്തുമാലകൾ കോർത്തുവിറ്റ് ചെറിയ സമ്പാദ്യം കണ്ടെത്താനും എട്ടുവയസ്സുകാരി ഹനാൻ തീരുമാനിച്ചു.

തൃശൂരിലെ ഒരു ബാറിൽ ഇലക്ട്രീഷ്യൻ ജോലിക്ക് കരാറെടുത്തതോടെ ഹമീദ് മദ്യപാനം ആരംഭിച്ചു. അച്ഛൻ കടുത്ത മദ്യപാനിയായതോടെ കുടുംബത്തിന്റെ താളം തെറ്റി. ഇലാവു എന്നാണ് ഹനാൻ വാപ്പയെ വിളിക്കുന്നത്. ''കള്ളുകുടിച്ച് വന്ന് ഇലാവു ഉമ്മയെ ഉപദ്രവിക്കാൻ തുടങ്ങി. ഒരുദിവസം രാത്രി ഫാൻ അഴിച്ച് ഉമ്മയുടെ തലക്കടിച്ചു. അന്നുമുതൽ ഉമ്മ പരസ്പരബന്ധമില്ലാതെ സംസാരിക്കാനും പെരുമാറാനും തുടങ്ങി. ഉമ്മക്കെന്താണ് പറ്റിയത് എന്നെനിക്കറിയില്ല''

വരുമാനമാർഗ്ഗങ്ങളില്ലാതായതോടെ ഏഴാം ക്ലാസുമുതൽ മുത്തുമാല കച്ചവടം ഹനാന്‍ സജീവമാക്കി. മുത്തുമാലയും കമ്മലുമൊക്കെയുണ്ടാക്കി കടകളിൽ ചെന്നപ്പോൾ 'ഈ ചെറിയ കുട്ടി'യെ കണ്ട് എല്ലാവർക്കും കൗതുകമായെന്ന് ഹനാന്‍ പറയുന്നു. 'ചെറിയ കുട്ടിയല്ലെയെന്ന് കരുതി എല്ലാവരും കുറെ ഓർഡർ ഒക്കെ തന്നുതുടങ്ങി''. അധ്യാപകരും സുഹൃത്തുക്കളും ഹനാന്റെ മുത്തുമാലകൾക്കായി തിരക്കുകൂട്ടി. വീടുകളിൽ പോയി ട്യൂഷെടുത്തും അമ്മയുടെ മരുന്നിനും അവളുടെയും അനിയന്റെയും പഠനത്തിനും വക കണ്ടെത്തി. 

പ്ലസ് ടു പരീക്ഷയടുത്ത സമയത്താണ് അച്ഛനും അമ്മയുടെ നിയമപരമായി വേർപിരിയുന്നത്. അനിയൻ അച്ഛന്റൊപ്പം പോയി. അമ്മയെ സഹോദരനും ഏറ്റെടുത്തു. വീടില്ലാതായ ഹനാന് താങ്ങായത് സഹപാഠി ആതിരയാണ്. ആതിരയുടെ വീട്ടിൽ നിന്നാണ് ഹനാൻ പഠിച്ചതും പരീക്ഷയെഴുതിയതും.

റിസൾട്ട് വന്നതിനുശേഷമാണ് കൊച്ചിയിലെത്തുന്നത്. കോൾ സെന്ററിൽ ജോലി. ആയിടക്കാണ് വില്ലനായി ചെവിക്ക് തകരാർ ഉണ്ടാകുന്നത്. ഇതോടെ ജോലി പോയി. പിന്നീട് കൊച്ചിയിലെ തന്നെ ഒരു ഡിടിപി സെന്ററിലും ഹനാന്‍ ജോലിക്കുപോയി. 

ഇപ്പോൾ പനങ്ങാടിനടുത്തെ ഒറ്റമുറി ലോഡ്ജിലാണ് ഹനാൻ താമസിക്കുന്നത്.

അതിനിടയിൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ ബിഎസ്‌സി കെമിസ്ട്രിക്ക് ചേർന്നു. പഠനത്തിനിടെ ചിക്കൻ ഫ്രൈ ഉണ്ടാക്കി കോളജ് കാന്റീനിൽ കൊണ്ടുപോയി വിൽക്കും. ''കെഎഫ്സി രീതിയിലൊക്കെ എനിക്ക് ചിക്കൻ ഉണ്ടാക്കാനറിയാം. അതുപോലൊക്കെ ഉണ്ടാക്കി നോക്കി. അത് കുട്ടികൾക്കിടയിലൊക്കെ ഹിറ്റായി.'’

അഭിമുഖം പൂർണമായി കാണാം