'എന്നെ കുടുക്കിയതാ, റേറ്റിങ് കൂട്ടാൻ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാ എല്ലാം' വെളിപ്പെടുത്തലുമായ് നൂറുദ്ദീൻ

മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ ഒളിവിൽ പോയ നൂറുദ്ദീൻ സമൂഹ മാധ്യമത്തിലൂടെ ലൈവില്‍ എത്തിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

ഒരു ഓണ്‍ലൈൻ മാധ്യമ സ്ഥാപനത്തിന്റെ ക്യാമറമാനായ അർജ്ജുന്‍ നൽകിയ വിവരങ്ങളാണ് താൻ പങ്കുവെച്ചതെന്നാണ് നൂറുദ്ദീൻ അവകാശപ്പെടുന്നത്. ഇതൊരു പെയ്ഡ് ന്യൂസ് ആണെന്നും അല്ലാതെ മൂന്നൂ ദിവസം കെ‌ാണ്ട് ഇത്ര വാർത്താ പ്രാധാന്യം നേടാനാവില്ലെന്നും അർജ്ജുന്‍ തന്നോട് പറയുകയായിരുന്നെന്നും നൂറുദ്ദീൻ പറയുന്നു. 'എന്നെ വച്ചു തന്നെ ചെയ്ത കാര്യങ്ങൾ അവരുടെ ചാനലിനു റേറ്റിങ് കൂട്ടാൻ വേണ്ടി അവരു തന്നെയാണ് ഇട്ടത്. വളരെ ആത്മാർഥമാണ് ഹനയുടെ കഥ കേട്ടത്. അങ്ങനെയാണ് തമ്മനത്തേയ്ക്കു പോയത്. പിന്നീട് ആ ഓൺലൈൻ മാധ്യമത്തിന്റെ ക്യാമറാമാനാണ് എന്നെ തെറ്റിദ്ധരിപ്പത്' ഇതിനെ തുടര്‍ന്നാണ് ലൈവിൽ വന്ന് ആരോപണം ഉന്നയിച്ചതെ‌ന്നും ഇയാൾ പറയുന്നു. തന്റെ പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞ് അർജ്ജുന്‍ വിളിച്ചിരുന്നെന്നും സൈബർ സെല്ലിന് തന്റെ ഫോൺ പരിശോധിക്കാമെന്നും നൂറുദ്ദീൻ പറയുന്നു. ഇതേ ഓൺലൈൻ സ്ഥാപനമാണ് തന്നെ അറസ്റ്റു ചെയ്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നും നൂറുദ്ദീൻ ആരോപിച്ചു. 

നൂറുദ്ദീൻ പറയുന്നതിങ്ങനെ : 

' ഒരു ഓൺലൈൻ മാധ്യമത്തിന്റെ ക്യാമറാമാനാണ് എന്നോട് പറഞ്ഞത്, ഈ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യിൽ കിടക്കുന്നത് നവരത്നമോതിരമാണെന്നും സംവിധായകൻ അരുൺ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണെന്നും. നവരത്നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഇൗ വിഡിയോ അരുൺ ഗോപി ഷെയർ ചെയ്തത് കണ്ടോ, ഇതിൽ നിന്നും തന്നെ ഇത് വ്യാജവാർത്തയാണ്,പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വർത്താനത്തിൽ സത്യമുണ്ടെന്ന് തോന്നിയ ‍ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടൻ തന്നെ ഇൗ ഒാൺലൈൻ മാധ്യമം വാർത്തയാക്കുകയും ചെയ്തു. 

വിഡിയോ വൈറലായതോടെ എല്ലാവരും ആ പെൺകുട്ടിക്കെതിരെ തിരിഞ്ഞു. പിന്നീടാണ് അവൾ നിരപരാധിയാണെന്നും താൻ തെറ്റിദ്ധരിക്കപ്പെട്ടെന്നും എനിക്ക് മനസിലാകുന്നത്. അങ്ങനെയാണ് ഞാൻ ഇന്നലെ മാപ്പു പറഞ്ഞ് വിഡിയോ ഇട്ടത്. പക്ഷേ രൂക്ഷമായ സൈബർ ആക്രമണം ആണ് എനിക്കെതിരെ നടന്നത്. ഇതിന് പിന്നാലെ ഞാൻ വിഡിയോ നീക്കം ചെയ്തു.

എന്നാൽ രാത്രിയോടെ ഇതേ മാധ്യമം ഞാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വാർത്ത കൊടുത്തു. ഞാൻ കൊച്ചിയിൽ തന്നെയുണ്ട്. അവർ എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ഒടുവിൽ എന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇൗ സത്യം നിങ്ങൾ അറിയണം. അവർക്ക് റേറ്റിങ് ഉണ്ടാക്കാൻ അവൻ എന്നെ കൊണ്ട് ചെയ്യിച്ചതാണ്. 

തെളിവുകൾ കൈവശം ഉണ്ടെന്നും ഇത് അധികൃതർക്ക് കൈമാറുെമന്നും ഇയാൾ വിഡിയോയിൽ പറയുന്നു. എന്തു വന്നാലും എന്റെ പേര് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ എനിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. അത് നിങ്ങൾക്ക് വേണമെങ്കിൽ തുടരാം, പക്ഷേ ഇതാണ് സത്യം. നൂറുദ്ദീൻ പറയുന്നു. 

ആരോപണത്തിനു പിന്നാലെ സത്യാവസ്ഥ പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിലൂടെ ഹനാനെ അധിക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഹനാനെ പിന്തുണ അറിയിച്ചുക്കൊണ്ട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഹനാന്റെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുമ്പോൾ ആ കുട്ടിയിൽ അഭിമാനം തോന്നുന്നുവെന്നും കേരളം മുഴുവൻ ആ കുട്ടിയെ പിന്തുണയ്ക്കണമെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇയാൾ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.

ജീവിക്കാനായി തമ്മനത്ത് മീൻകച്ചവടം നടത്തുന്ന കോളജ് വിദ്യാർഥിനി ഹനാനെക്കുറിച്ചുള്ള വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് കേരള സമൂഹം നൽകിയത്. അതിരാവിലെ ഉണർന്ന് മാർക്കറ്റിൽ പോയി മീനെടുക്കുകയും അതിനുശേഷം 60 കിലോമീറ്ററോളം ദൂരെയുള്ള കോളേജിൽ പോയി പഠിക്കുകയും ചെയ്യുന്ന ഹനാൻ വൈകീട്ടോടെ മീൻ കച്ചവടത്തിനായി തമ്മനത്തെത്തും. ഹനാന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ പോരാട്ടം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ധാരാളം സഹായങ്ങൾ തേടിയെത്തുകയുമായിരുന്നു.