ഓട്ടോ ഓടിച്ച് മേയർ പദവിയിലേക്ക് രാഹുൽ ജാദവ്

മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ്  പട്ടണത്തിലൂടെ വര്‍ഷങ്ങളോളം ഓട്ടോ ഓടിച്ചിട്ടുണ്ട് രാഹുല്‍ ജാദവ് എന്ന 36 കാരന്‍. ഇന്നയാള്‍ അതേ നഗരത്തിലെ മേയറാണ്. പുണെയിലെ പിംപ്രി–ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ മേയറായി അദ്ദേഹം ശനിയാഴ്ച ചുമതലയേറ്റു. 128 അംഗങ്ങളുള്ള നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. 

കര്‍ഷക കുടുംബത്തില്‍ ജനിച്ച് രാഹുൽ പത്താം ക്ലാസ് വരെ പഠിച്ചു. പിന്നീട് കൃഷിയിലേക്കു കടന്നു, തുടർന്നാണ് ഓട്ടോ ഉപജീവനമാർഗമാക്കിയത്. എന്നാൽ, മഹാരാഷ്ട്രയിൽ ആറു സീറ്റ് ഓട്ടോ 2006ൽ നിരോധിച്ചതോടെ വീണ്ടും കൃഷിയിലേക്കു തിരി‍ഞ്ഞു. പിന്നീട് സ്വകാര്യവാഹനത്തിൽ ഡ്രൈവറായി. ഇതിനിടെയാണു 2006ൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയിൽ ചേർന്നത്. ഇതാണ് രാഷ്ട്രീയത്തിലെ തുടക്കം. 

2012ല്‍ തന്നെ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ പാര്‍ട്ടി മാറി ബി.ജെ.പിയില്‍ എത്തി. വീണ്ടും കോർപറേഷനിലേക്ക് മത്സരിച്ച് ജയിച്ചു. അന്ന് അധികാരത്തിലെത്തിയ ബിജെപി മേയറായി നിയോഗിച്ച നിതിന്‍ കല്‌ജെ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മേയര്‍ പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടത് രാഹുൽ ജാദവ് ആണ്. 120ല്‍ 81 വോട്ട് ജാദവ് നേടി.

‘‘ഓട്ടോ ഡ്രൈവറായിരുന്ന ഞാൻ ജനങ്ങളുടെ പല പ്രയാസങ്ങളും തൊട്ടടുത്തു നിന്നു കണ്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനാണ് ആദ്യ പരിഗണന. ഒപ്പം, ഐടി കമ്പനികളും ഓട്ടോ മൊബീൽ ഫാക്ടറികളും ഏറെയുള്ള നഗരത്തിൽ വ്യവസായ പുരോഗതി ഉറപ്പാക്കുകയും ചെയ്യും’’– മേയർ രാഹുൽ ജാധവ് ഉറപ്പു നൽകുന്നു.