Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ വിലപ്പെട്ട രേഖകൾ നഷ്ടമായോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

rain-havoc

പ്രളയം കവർന്നെടുത്ത രേഖകൾ പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുക. എന്നാൽ പ്രളയക്കെടുതിയിൽ ആധാരം, ആധാർ, ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവ നഷ്ടപ്പെട്ടവർ ഭയപ്പെടേണ്ടതില്ല. അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ ചുവടെ:

ആധാരം നഷ്ടപ്പെട്ടാൽ

ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സർട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാർ ഓഫീസില്‍ നിന്ന് ലഭിക്കും. ആധാരം രജിസ്ട്രർ ചെയ്ത തീയതിയും നമ്പരും കിട്ടിയാൽ സൗകര്യം. ഇല്ലങ്കിലും ചില ജില്ലകളിലെ സബ് റജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് ലഭ്യമാണ്. പഴയ ആധാരമാണെങ്കിൽ പേരിന്റെ ആദ്യാക്ഷരം വച്ചോ വില്ലേജ്, അംശം ദേശം എന്നിവ വച്ചോ പരിശോധിക്കാൻ റിക്കോർഡ് ബുക്കും ഉണ്ട്.

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ

aadhar

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ആധാർ കാർഡ് എന്റോൾമെന്റ് നടത്താവുന്ന അക്ഷയ കേന്ദ്രത്തിൽ എത്തുക. നിങ്ങളുടെ പേരും വിലാസവും ജനനതീയതിയും കൃത്യമായി പറഞ്ഞ് വിരലടയാളം നൽകിയാൽ ഇ–ആധാർ ലഭിക്കും. അവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും നഷ്ടപ്പെട്ടാൽ

rc-book

ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും നഷ്ടപ്പെട്ടാൽ പത്രത്തിൽ പരസ്യം നൽകിയ ശേഷം അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ 14 ദിവസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകും. വെള്ളം കയറി ആർ.സി ബുക്ക് ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് കേടു പറ്റിയവർ ഇവയുമായി ആർ.ടി.ഒ ഓഫീസിൽ എത്തിയാൽ പുതിയ ആർസി ബുക്ക് ലഭ്യമാകും.

റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ

ration-card

റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷിച്ചാൽ താത്കാലിക റേഷൻ കാർഡ് ലഭിക്കും. കാർഡിന്റെ പകർപ്പ് കൈവശമുണ്ടെങ്കിൽ റേഷൻ വാങ്ങുന്നതിന് അനുമതി. പിന്നീട് പുതിയ കാർഡിന് അപേക്ഷിക്കാം.