കാത്തിരിക്കാൻ അർജുൻ കപൂർ, സമയമില്ലെന്ന് പരിനീതി

ബ്രൈഡൽ മാസികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെ അർജുന്‍ കപൂറിനും പരിനീതി ചോപ്രയ്ക്കും സ്വസ്ഥത നഷ്ടപ്പെട്ടു. സൂപ്പർ ജോഡികളാണെന്നും വേഗം വിവാഹിതരാകൂവെന്നുമുള്ള ആരാധകരുടെ കമന്റുകൾ ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിറഞ്ഞു.

ഇതോടെ ‘തനിക്ക് തിരക്കില്ലെന്നും പരിനീതി ചോപ്ര ദയവായി കാത്തിരിക്കണമെന്നും’ നര്‍മത്തിൽ കലർന്ന മറുപടിയുമായി അർജുനെത്തി. എന്നാൽ ‘അർജുന്‍ ക്ഷമിക്കുക എനിക്ക് സമയമില്ല. ദയവായി എന്റെ മാനേജരെ ബന്ധപ്പെടൂ’ എന്നു പരിനീതിയും ട്വീറ്റ് ചെയ്തു. 

തന്റെ കൂടെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ സാധിച്ചത് പുതുമുഖമായ പരിനീതി ചോപ്രയുടെ ഭാഗ്യമാണെന്ന കുറിപ്പോടു കൂടിയായിരുന്നു അർജുൻ മാസികയുടെ കവർ ചിത്രം പങ്കുവച്ചത്. എന്നോടൊപ്പം ഫോട്ടോഷൂ‌ട്ടിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിന്റെ ആവേശത്തിലാണ് അർജുൻ എന്ന്  പരിനീതിയും ചിത്രം പങ്കുവെച്ചുകൊണ്ടു തിരിച്ചടിച്ചു. ഇത്തരം തലക്കെട്ടുകള്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. 

ബോളിവുഡിലെ സൂപ്പർ ജോഡിയായ ഇരുവരും ജീവിതത്തിലും ഇവർ ഒന്നിക്കണമെന്ന ആഗ്രഹം മുൻപും ആരാധകർ ഉന്നയിച്ചിട്ടുണ്ട്. ഇരുവരുമൊന്നിച്ചുള്ള ‘ബ്രൈഡ് മാസികയുടെ’ ഫോട്ടോഷൂട്ടിനെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടതും.