‘ഇത് സ്വവർഗരതിയുടെ പേരിൽ കൊലചെയ്യപ്പെട്ടവരോടുള്ള  പ്രായശ്ചിത്തം’

ഇന്ത്യയിൽ സ്വവർഗലൈംഗികത കുറ്റമാകുന്ന ഐപിസി 377–ാം വകുപ്പിനെ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ വിധിയെ സ്വാഗതം ചെയ്യുന്നത്. ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റുകൾ ഈ ദിവസത്തെ ആഘോഷമാക്കുന്നതിനുള്ള തയാറെടുക്കുന്നതിനൊപ്പം അനുകൂലമായ കോടതിവിധി വന്നതിന്റെ സന്തോഷം മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു. 

കാലങ്ങളായി അനുഭവിച്ച ഒറ്റപെടലിന് അവസാനം: ശീതൾ ശ്യാം 

കാലങ്ങളായി ട്രാൻസ്‌ജെൻഡർ, ലെസ്ബിയൻ, ഗേ വിഭാഗത്തിൽപെട്ട ആളുകൾ അനുഭവിച്ചുകൊണ്ടിരുന്ന ഒറ്റപ്പെടലിനു ഈ വിധി പരിഹാരമാവുകയാണ്. സത്യത്തിൽ ഇതൊരു ചരിത്രവിധിയാണ്. കഴിഞ്ഞ 157  വർഷത്തിലേറെയായി പലവിധത്തിലുള്ള അടിച്ചമർത്തലുകൾക്കു വിധേയരായി കഴിയുന്നവർക്കു സ്വാതന്ത്യ്രം ലഭിച്ചിരിക്കുകയാണ്. ലൈംഗിക ന്യൂനപക്ഷമായി എന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രം പലരും ആത്മഹത്യ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. നിരവധിയാളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. നിർബന്ധിത വിവാഹത്തിനു ഇരയായായിട്ടുണ്ട്. അത്തരത്തിൽ യാതനകൾ അനുഭവിക്കേണ്ടി വന്നവരോടുള്ള പ്രായശ്ചിത്തമാണ് ഈ വിധി. 

ഈ വിധി പ്രാബല്യത്തിൽ വരുന്നതോടെ ഞങ്ങളുടെ വിഭാഗത്തിനു കൂടുതൽ വിസിബിലിറ്റി ലഭിക്കും. കൂടുതൽ ആളുകൾ തങ്ങളുടെ സ്വത്വം വ്യക്തമാക്കി പുറത്തു വരും. സന്മാർഗികതയുടെ പേരിൽ നില നിന്നിരുന്ന വലിയൊരു തെറ്റാണു ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നത്. ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണിത്. മറ്റു രാജ്യങ്ങൾ ഏറെ ബഹുമാനത്തോടെയാണ് ഈ അവസരത്തിൽ ഇന്ത്യയെ ഉറ്റു നോക്കുന്നത്. വളരെ പോസറ്റിവ് ആയ ഒരു നീതിപീഠം ഇന്ത്യക്കുണ്ട് എന്നതിനു തെളിവായി ഞാൻ ഈ വിധിയെ കാണുന്നു.  

ലെസ്ബിയൻ, ഗേ വിവാഹങ്ങൾ, സ്വത്തവകാശം, തുടങ്ങിയ കാര്യങ്ങളിലും ശക്തമായ നിയമ പുനർനിർമാണം പ്രതീക്ഷിക്കുന്നു. എന്നാൽ ഈ ഒരു വിധികൊണ്ടു മാത്രം എല്ലാം പൂർത്തിയായി എന്നു കരുതുന്നില്ല. നഗരത്തിൽ ഇതുകൊണ്ടു പ്രയോജനം ഉണ്ടായേക്കാം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇനിയും ബോധവത്കരണം ആവശ്യമാണ്.

ഇത് എൽജിബിട്ടി വിഭാഗത്തിന്റെ സ്വാതന്ത്ര്യദിനം: തൃപ്തി ഷെട്ടി

ഇന്ത്യക്ക് 1947ൽ സ്വാതന്ത്ര്യം കിട്ടി എന്നാൽ ഞങ്ങളുടെ വിഭാഗത്തിൽപ്പെട്ട ആളുകൾക്കു സ്വാതന്ത്ര്യം കിട്ടുന്നത് ഇന്നാണ്. ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഈ വിധിയെ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇനി മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ വ്യത്യാസം വരും. കൂടുതൽ സത്വം വെളിപ്പെടുത്തി പുറത്തു വരികയും നല്ലൊരു ജീവിതം ആരംഭിക്കുകയും ചെയ്യും. കോടതി ഒരുക്കിത്തന്ന അനുകൂലാന്തരീക്ഷം ശരിയായി വിനിയോഗിക്കുന്നതിനു വേണ്ട സാഹചര്യം എല്ലാവരും സ്വയം ഉണ്ടാക്കിയെടുക്കണം. 

ഇത്തവണ നിരാശപ്പെടുത്തിയില്ല, കാത്തിരിപ്പിന് അന്ത്യം: വിനീത് സീമ 

ഏറെ കാലത്തെ കാത്തിരിപ്പിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും കൂടിയാണ് ഈ വിധിയെ സ്വാഗതം ചെയ്യുന്നത്. ഇത്തരത്തിൽ ഒരു വിധിയുടെ ആനുകൂല്യം അനുഭവിക്കാൻ കഴിയാതെ പോയവരെ ഓർത്തു ദുഖമുണ്ട്. എന്നാൽ ഭാവി തലമുറക്ക് ഇതു പ്രയോജനകരമാകും എന്നോർക്കുമ്പോൾ അങ്ങേയറ്റം സന്തോഷിക്കുന്നു. മാറ്റം ഇനിയും വരേണ്ടതുണ്ട്. അതിനായി എൽജിബിടി വിഭാഗം ഒന്നിച്ചുനിന്നു പോരാടണം. 

നിയമജ്ഞർക്ക് അഭിനന്ദനം: കൽക്കി സുബ്രഹ്മണ്യം 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അതു സംഭവിച്ചു. സ്വവർഗലൈംഗികത നിയമവിരുദ്ധമല്ലാതായിരിക്കുന്നു. എൽജിബിടി വിഭാഗത്തിൽെപ്പട്ട ഓരോ വ്യക്തിയും ആഘോഷിക്കേണ്ട ദിനമാണിത്. ഇത്തരത്തിൽ ഒരു വിധി പ്രാബല്യത്തികൊണ്ടു വരുന്നതിനായി പ്രയത്നിച്ച നിയമപാലകർക്കും നിയമജ്ഞർക്കും അഭിനന്ദനങ്ങള്‍. 

സന്തോഷപ്രകടനങ്ങൾ നടക്കും

സ്വവർഗരതി നിയമവിധേയമായതിന്റെ പശ്ചാത്തലത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നു വൈകിട്ട് 4.30ന് സന്തോഷപ്രകടനവും കേക്ക് മുറിക്കലും സംഘടിപ്പിക്കും. എൽജിബിടി വിഭാഗത്തിൽപ്പെട്ട ഈ പ്രദേശങ്ങളിലെ ആളുകൾ പരിപാടിയിൽ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.