സ്വവര്‍ഗാനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നൽകിയ അമ്മ പറയുന്നു

15 വര്‍ഷങ്ങൾക്കു മുൻപാണ് തന്റെ മകൻ സ്വവർഗാനുരാഗി ആണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത്. ഒരു രാത്രികൊണ്ടു അംഗീകരിക്കാൻ കഴിയുന്ന യാഥാർത്ഥ്യമായിരുന്നില്ല ആ വെളിപ്പെടുത്തൽ. കുടുംബം ആ സത്യം അംഗീകരിക്കില്ലെന്നും മകനെ പിന്തുണക്കില്ലെന്നും അവർക്ക് അറിയാമായിരുന്നു. പക്ഷേ ആ അമ്മ സ്വവർഗ്ഗാനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നല്‍കി. പരസ്യം കണ്ട് ഒരുപാടു പേര്‍ പ്രതികരിച്ചു, തേടിയെത്തിയ ആലോചനകളിൽ മകന്‍ തൃപ്തനായില്ലെങ്കിലും.

ചരിത്രവിധിയെത്തുമ്പോൾ പദ്മ അയ്യരെന്ന ആ അമ്മയെ ഓര്‍ക്കുന്നവരുണ്ട്. താനടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹമാണ് ഈ സുപ്രീംകോടതി വിധിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നു പദ്മ പറയുന്നു. ഭയത്തിനു പ്രസക്തിയില്ലെന്നും തങ്ങളുടെ മക്കൾക്കു സമൂഹത്തിൽ ഇനി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ചിത്ര പറയുന്നു.

പദ്മ അയ്യരുടെ മകന്‍ ഹരീഷ് അയ്യരാണ് സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന വകുപ്പിനെതിരെ കോടതിയെ സമീപിച്ചവരിൽ ഒരാൾ. പുതിയ വിധിയോടെ പദ്മയെപ്പോലെ നിരവധി മാതാപിതാക്കൾ സന്തോഷത്തിലാണ്. 

മറ്റൊരു അമ്മയുടെ കഥ

1990 ലാണ് ചലച്ചിത്ര-നാടക പ്രവർത്തക ചിത്ര പലേക്കറുടെ മകള്‍ അമ്മയോടു താൻ ലെസ്ബിയനാണെന്ന സത്യം വെളിപ്പെടുത്തിയത്. അതിനും മുൻപേ സ്വവർഗാനുരാഗത്തെക്കുറിച്ചു ചിത്ര ഗവേഷണം ആരംഭിച്ചിരുന്നു. ഈ വിധിയിലൂടെ ഇല്ലാതായത് പല മുൻവിധികളും സ്വവർഗാനുരാഗികളായവരോടുള്ള കാഴ്ചപ്പാടുകളുമാണെന്ന് ഇവർ പറയുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റമാക്കുന്ന വകുപ്പിനെതിരെയുള്ള പരാതിയിൽ ഒപ്പിട്ട മാതാപിതാക്കളിലൊരാളാണ് ചിത്ര. പോരാട്ടം ഇനിയും തുടരുമെന്നു ചിത്ര പറയുന്നു.