വിവാഹ സ്വപ്നം തുറന്നു പറഞ്ഞ് ആദ്യ ട്രാൻസ് സിവിൽ സർവീസ് ഓഫീസർ

സ്വവർഗരതി കുറ്റകരമല്ലെന്ന ചരിത്രവിധിയ്ക്കു പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഒഡീഷയിലെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സർവീസ് ഓഫീസറായ ഐശ്വര്യ ഋതുപർണ പ്രതാൻ.  ഒഡീഷയിലെ ആദ്യ ട്രാൻസ് ജെൻഡർ ഗസറ്റഡ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ.

‘‘ഈ വിധിക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക വിവാഹനിയമം നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. എന്റെ പങ്കാളിയ്ക്കൊപ്പം ഒരു കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു’’– െഎശ്വര്യ പറഞ്ഞു. വിവാഹത്തിനുശേഷം ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു വളർത്താനാണു െഎശ്വര്യയുടെ തീരുമാനം. 

2017 ലാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഒഡീഷ സര്‍ക്കാര്‍ ഐശ്വര്യയ്ക്കു നിയമനം നൽകിയത്. ഒഡീഷയിലെ കന്ധമല്‍ ജില്ലയിലെ കനബഗിരി സ്വദേശിയാണ് ഐശ്വര്യ. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയ ഐശ്വര്യ സ്റ്റേറ്റ് സിവില്‍ സർവീസ് വിജയിച്ചാണ് സര്‍ക്കാര്‍ ജോലി നേടിയത്.