അപകടം മനഃപൂർവമല്ല; ഹനാന്റെ ആരോപണങ്ങൾ നിഷേധിച്ച് ഡ്രൈവർ

അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന ഹനാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡ്രൈവർ ജിതേഷ്. സഹായിക്കാൻ വേണ്ടിയാണ് ഒാട്ടം പോയതെന്നും അതിങ്ങനെ ആവുമെന്നു കരുതിയില്ലെന്നും ജിതേഷ് പറയുന്നു.

ജിതേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ആദ്യമായിട്ടാണ് ഞാൻ ഹനാനുവേണ്ടി ഓട്ടം പോകുന്നത്. ഇതിനുമുമ്പ് ഹനാനെ കണ്ടിട്ടുണ്ട്. പക്ഷെ, ഓട്ടമൊന്നും പോയിട്ടില്ല. എന്റെ സഹോദരിയും ഹനാനും ഒന്നിച്ചാണ് ഇവന്റ് മാനേജ്മെന്റ് ചെയ്തിരുന്നത്. തിരുവനന്തപുരത്തും വർക്കലയിലും അതിനുശേഷം കോഴിക്കോടും ഉദ്ഘാടനങ്ങളുണ്ട്, അതിനായി വണ്ടി വേണമെന്ന് ഹനാൻ സഹോദരിയോട് പറഞ്ഞിരുന്നു. അവളാണ് എന്നോട് ഹനാനൊപ്പം പോകാമോയെന്നു ചോദിക്കുന്നത്. എന്റെ സ്വന്തം വണ്ടിയാണ് ഓട്ടത്തിനായി ഉപയോഗിച്ചത്. 

തിരുവനന്തപുരത്തെയും വർക്കലയിലെയും പരിപാടി കഴിഞ്ഞ് വിശ്രമമില്ലാതെ കോഴിക്കോട്ടേക്കു പോയി. തിരിച്ചു കൊടുങ്ങല്ലൂരിൽ എത്തിയപ്പോൾ രാത്രിയായി. ക്ഷീണം കാരണം എനിക്ക് ഉറക്കം വന്നു. ഹനാന്റെ സമ്മതത്തോടെ കാറിൽ തന്നെ കിടന്നുറങ്ങി. പുറകിലത്തെ സീറ്റിലായി ഹനാനും ഉറങ്ങി. പിന്നെ കണ്ണുതുറന്നത് രാവിലെയാണ്. വണ്ടി മുന്നോട്ട് എടുത്ത് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഒരാൾ വട്ടംചാടുന്നത്. അയാളെ രക്ഷിക്കാനായി ബ്രേക്ക് പിടിച്ചപ്പോൾ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സീറ്റിൽ കിടന്നുറങ്ങിയ ഹനാൻ ഉയർന്നുപൊങ്ങി താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ നടു ഹാൻഡ്ബ്രേക്കിനിടിച്ചെന്ന് തോന്നുന്നു. നട്ടെല്ലിന് ക്ഷതമേറ്റത് അങ്ങനെയാണ്. 

അപ്പോൾ തന്നെ അതുവഴി എത്തിയ ആംബുലൻസിൽ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. ഇത്രമാത്രമേ എനിക്ക് അറിയൂ. ഓഗസ്റ്റ് 31 ന് ഞാൻ വീട്ടിൽ നിന്നിറങ്ങിയതാണ്. ഇന്നലെയാണ് തിരികെ എത്തുന്നത്. ഇന്നലെ വൈകിട്ട് 5.30 വരെ ഹനാനൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. ഹനാന്റെ ബാപ്പ കൂട്ടിന് എത്തിയതോടെയാണ് ഞാൻ തിരിച്ചു പോന്നത്. ഹനാൻ എന്നെക്കുറിച്ച് ആരോപണം ഉന്നയിച്ചത് അറിഞ്ഞു. മനഃപൂർവം അപകടപ്പെടുത്താൻ വേണ്ടി ഞാൻ യാതൊന്നും ചെയ്തിട്ടില്ല. സഹായിക്കാൻ വേണ്ടിയാണ് മൂന്ന് ദിവസത്തെ പരിപാടിക്ക് ഒപ്പം  പോകാമെന്ന് കരുതിയത്. അത് ഈ വിധമാകുമെന്ന് വിചാരിച്ചില്ല‌െന്നും ജിതേഷ് പറയുന്നു.