ഒന്നുമില്ലാതിരുന്നപ്പോഴും ഒപ്പം നിന്നവൾ, എന്നെ ഞാനാക്കിയതും അവൾ: വിജയ് സേതുപതി

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിജയ് സേതുപതിയും മലയാളിയായ ജെസിയും വിവാഹിതരാകുന്നത്. സിനിമയിലേക്ക് വരുന്നതിനുമുൻപ് ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു താരത്തിന്റെ വിവാഹം. 

സിനിമയിലെത്താനും നല്ല കഥാപാത്രങ്ങൾ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് ജെസ്സിയാണെന്ന് സേതുപതി പറയുന്നു. ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവൾ ഒപ്പം നിന്നു. എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവൻ. ആ പിന്തുണയില്ലായിരുന്നു എങ്കിൽ എനിക്കിവിടെയെത്താൻ സാധിക്കുമെന്ന് കരുതുന്നില്ല, സേതുപതി പറഞ്ഞു.

സുഹൃത്ത് വഴിയാണ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. മലയാളിയായ ജെസി കൊല്ലം സ്വദേശിനിയാണ്. ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നത് ചെന്നൈയിലാണ്.

‘പരസ്പരം കാണുന്നതിനുമുൻപാണ് പരിചയപ്പെടുന്നത്. ദുബായിൽ ജോലി ചെയ്യുമ്പോൾ ജെസിയും അവിടെയുണ്ടായിരുന്നു. ഓൺലൈൻ ചാറ്റിങ്ങിലൂടെയാണ് പരസ്പരം സംസാരിക്കുന്നതും അടുക്കുന്നതും'', സേതുപതി പറഞ്ഞു. 

പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം കുറച്ചുപ്രശ്നങ്ങളുണ്ടായി. ഒടുവിൽ വിവാഹത്തിന് അവർ സമ്മതം നൽകി. വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസിയെ ആദ്യമായി നേരിൽക്കാണുന്നത്, സേതുപതി പറഞ്ഞു.

ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാസമാണ് സേതുപതിയുടെ പുതിയ ചിത്രം.