‘ജീവിതത്തിലെ പ്രധാന പരീക്ഷണമായിരുന്നു അത്, ഇനി കാത്തിരിപ്പ്’: പ്രതീക്ഷയോടെ സച്ചിൻ

കാൻസർ രോഗബാധയിലും തന്റെ പ്രണയിനിയുടെ കൈപിടിച്ച് ഒപ്പം നിന്ന നിലമ്പൂർ സ്വദേശി സച്ചിന്റെ ജീവിതം ഏറെ ചർച്ചയായിരുന്നു. പ്രണയിനിക്കു കാന്‍സറാണെന്ന് അറിഞ്ഞ സച്ചിൻ ലോകത്ത് ഒന്നിനും തങ്ങളെ വേർപിരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് അവൾക്കൊപ്പം നിന്നു. ഭവ്യയുടെ ചികിത്സയ്ക്കായി പഠനം ഉപേക്ഷിച്ചു മാർബിൾ പണിക്കാരനായ സച്ചിൻ ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിന് അവളെ ജീവിതസഖിയാക്കി. കംപ്യൂട്ടർ പഠനത്തിനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇതിനുശേഷമാണ് ഭവ്യയ്ക്കു കാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ചുനിന്നു പോരാടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഭവ്യയും ചേർത്തുപിടിച്ച് സച്ചിൻ യാത്ര തിരിച്ചു. അവളുടെ തുടർചികിത്സക്കായി കൊച്ചിയിലേക്കാണ് ആ യാത്ര. ഇതുവരെയുള്ള അവളുടെ പോരാട്ടത്തിലും അവൻ ഒപ്പമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഭവ്യ കൂടുതൽ കരുത്തയാണ്. കാരണം സച്ചിൻ അണിയിച്ച  താലി അവളുടെ കഴുത്തിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് ഭവ്യയ്ക്ക് അസ്ഥി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയായിരുന്നു. ജീവിതത്തിലെ പ്രധാന പരീക്ഷണമായിരുന്നു അതെന്ന് സച്ചിൻ പറയുന്നു. ഫലം വരുന്നതും കാത്ത് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇരുവരും. 

സച്ചിന്റെ വാക്കുകളിലൂടെ; 

‘‘സെപ്റ്റംബർ രണ്ടാം വാരം ഭവ്യയുടെ തുടർചികിത്സകൾക്കും ശസ്ത്രക്രിയയ്ക്കുമായി ഞങ്ങൾ കൊച്ചിയിൽ എത്തി. വൈറ്റിലയിലെ  ആശുപത്രിയിലായിരുന്നു ആദ്യം ചികിൽസിച്ചിരുന്നത്. വിദഗ്ദ ഉപദേശപ്രകാരം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ഭവ്യയെ മാറ്റി. വി.പി ഗംഗാധരന്റെ നേതൃത്വത്തിൽ 18ന് ഓപ്പറേഷൻ നടന്നു.

രോഗം ബാധിച്ച അസ്ഥി നീക്കം ചെയ്തു മറ്റൊന്ന് പിടിപ്പിക്കുകയായിരുന്നു. നീക്കം ചെയ്ത അസ്ഥി ബയോപ്സിക്ക് അയച്ചിട്ടുണ്ട്. 10 ദിവസം കഴിഞ്ഞാലേ അതിന്റെ ഫലം ലഭിക്കൂ. രോഗത്തിന്റെ വ്യാപ്തിയും പഴക്കവും കണ്ടെത്തി തുടർചികിത്സ എങ്ങനെയാവണം എന്നതു ആ ഫലത്തെ ആശ്രയിച്ചിരിക്കും. പ്രാർത്ഥനയോടെയാണ് ഈ പത്തു ദിവസങ്ങൾ ഞങ്ങൾ തള്ളിനീക്കുന്നത്.

അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ ആശുപത്രിക്കു സമീപം ഒരു വീടെടുത്ത് താമസിക്കുകയാണ്. ഭവ്യയുടെയും എന്റെയും അമ്മമാർ കൂടെയുണ്ട്. രണ്ടു ദിവസം കൂടുമ്പോൾ മുറിവ് ഡ്രസ്സ് ചെയ്യണം. ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദനയിൽ നിന്നു ഭവ്യ മുക്തയായിട്ടില്ല. ഭക്ഷണമൊക്കെ വളരെ കുറച്ചാണ് കഴിക്കുന്നത്. എല്ലാം പോസറ്റിവ് ആണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

വിവാഹ വാർത്ത പുറത്തു വന്നതോടെ പ്രാർത്ഥനയായും പണമായും നിരവധി സഹായങ്ങൾ ലഭിച്ചു. അത് ഏറെ ഗുണം ചെയ്തു. ചികിത്സിച്ച ഡോക്ടർമാർ അവരുടെ ഫീസ് കുറച്ചു തന്നു. തൃപ്പൂണിത്തുറ എം.എൽ.എ സ്വരാജ് ഉൾപ്പെടെയുള്ളവർ നൽകിയ സഹായവും പിന്തുണയും എടുത്തു പറയേണ്ടതാണ്. ജീവിതം പൂർണമായി തിരിച്ചുപിടിക്കാൻ ഭവ്യയോ‌ടൊപ്പം എല്ലാവരുടെയും പ്രാർത്ഥന വേണം.